- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏണിയിലെ വിരലടയാളവും വസ്ത്രത്തിലെ രക്തക്കറയും വഴികാട്ടി; പനമരം ഇരട്ടക്കൊലപാതകത്തിലെ പ്രതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അയൽവാസി തന്നെ; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് അർജ്ജുൻ; ഇരട്ടക്കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് പൊലീസ്
പനമരം: വയനാട് പനമരത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട ദമ്പതികളുടെ അയൽവാസിയായ അർജുൻ എന്ന യുവാവാണ് പിടിയിലായത്. ദിവസങ്ങൾക്ക് മുൻപ് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ എലിവിഷം കഴിച്ച് അർജുൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുനെ അറസ്റ്റ് ചെയ്തത്.
അർജുനെ ചോദ്യം ചെയ്യുന്നതിനിടെ ഇറങ്ങി ഓടുകയും കൈയിൽ കരുതിയിരുന്ന എലിവിഷം കഴിക്കുകയുമായിരുന്നു. ഇതിലൂടെയാണ് പ്രതി അർജുനാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. തുടർന്ന് നടത്തിയ നീരീക്ഷണത്തിൽ കൊല നടത്തിയത് അർജുനാണെന്ന് പൊലീസ് കണ്ടെത്തുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് കേസിൽ അന്വേഷണം നടത്തി വരികയായിരുന്നു.ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതി ഇന്നലെയാണ് കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി.കൊലപാതകം നടന്ന വിടിന് സമീപത്തെ ഏണിയിൽ നിന്നും ലഭിച്ച വിരലടയാളവും കുളത്തിൽ നിന്ന് ലഭിച്ച രക്തക്കറയുള്ള വസ്ത്രവുമാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച തെളിവുകൾ.
പ്രതി അർജുൻ ഹോട്ടൽ മാനേജ് മെന്റ് കഴിഞ്ഞയാളാണ്. ബംഗളൂരുവിലും ചെന്നൈയിലും ഇയാൾ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് പണി നഷ്ടമായപ്പോൾ അർജുൻ നാട്ടിലെത്തുകയും പുല്ല് വെട്ടൽ ജോലിയിൽ ഏർപ്പെടുകയും ചെയ്തിരുന്നു.ഈ സമയത്താണ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധദമ്പതികളെ ഇയാൾ നിരീക്ഷിച്ചത്.തുടർന്ന് മോഷണത്തിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു.
മുഖം മുടി ധരിച്ചെത്തിയാണ് കൃത്യം നടത്തിയത്.ആദ്യം കേശവൻ നായരെയാണ് കൊലപ്പെടുത്തിയത്. ഇത് കണ്ട് പത്മാവതി പുറത്തിറങ്ങി അലറിവിളിക്കുന്നതിനിടെ പ്രതി ഇവരെയും വെട്ടുകയായിരുന്നു. നാട്ടുകാർ എത്തുന്നതിന് മുൻപെ പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു.ഒറ്റപ്പെട്ട കാപ്പിത്തോട്ടത്തിന് നടുവിലാണ് കേശവനും പത്മാവതിയും താമസിച്ചിരുന്ന വീട്. റോഡിന്റെ താഴ്ഭാഗത്താണ് വീട് സ്ഥിതിചെയ്യുന്നത്. അടുത്ത് അധികം വീടുകളില്ല. താഴത്തെ നിലയിൽനിന്നാണ് ഇരുവർക്കും വെട്ടേറ്റത്.
വീട്ടിൽ നിന്ന് സ്വർണമോ പണമോ ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും കൊലപാതകത്തിന് പിന്നിൽ കവർച്ചാ സ്വഭാവമുണ്ടായിരുന്നതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.കൊല നടത്തിയത് വീട്ടുകാരെ അറിയുന്ന വ്യക്തിയാണെന്ന നിഗമനത്തിലേക്ക് പൊലീസ് നേരത്തെ തന്നെ എത്തിയിരുന്നു. പ്രതി ഇടം കൈയനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതെല്ലാം വച്ച് നടത്തിയ അന്വേഷണത്തിൽ കൊല നടത്തിയത് നാട്ടുകാരിലൊരാളാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
300 ഓളം പേരെയാണ് കേസുമായി ബന്ധപ്പെട്ട് നൂറ് ദിവസത്തിനിടെ പൊലീസ് ചോദ്യം ചെയ്തത്.80,000ത്തേളം ഫോൺ കോളുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. സിസിടിവി, സൈബർ സെൽ, വിരൽ അടയാളം തുടങ്ങിയ ശാസ്ത്രീയ പരിശോധനകളും ഗുണം ചെയ്തില്ല. ജയിൽ മോചിതരേയും പരോളിലിറങ്ങിയവരേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കൊലപാതകത്തെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല.കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് വൈകാതെ വെളിപ്പെടുത്തും
ജൂലൈ 10നാണ് താഴെ നെല്ലിയമ്പം വാടോത്ത് പത്മാലയത്തിൽ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും അക്രമികളുടെ വെട്ടേറ്റു മരിച്ചത്.കേശവനും പത്മാവതിയും മാത്രമാണ് സംഭവ ദിവസം വീട്ടിൽ ഉണ്ടായിരുന്നത്. പത്മാവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ