മലപ്പുറം: വീടിനു പരിസരത്ത് കണ്ടുവെന്നാരോപിച്ച് യുവാവിനെ വെട്ടിനുറുക്കിയ നിലയിൽ. തിരുന്നാവായ കൊടക്കലിലാണ് നടുറോഡിലിട്ട് സദാചാര ഗുണ്ടായിസം ചമഞ്ഞ് യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമം നടന്നത്. വെട്ടേറ്റ കൊടക്കൽ പി.കെ പടി സ്വദേശി കാളിയാടൻ ഫിറോസ് മണി (40)യെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഫിറോസിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്.

വീടിനു പരിസരത്ത് രാത്രിയിലെത്തിയെന്ന് ആരോപിച്ചായിരുന്നു മൂന്ന് പേരടങ്ങുന്ന സംഘം ഫിറോസിനെ വെട്ടിയത്. മാരകായുധങ്ങളുമായെത്തി തന്നെ അക്രമിച്ചത് വീടിനടുത്ത് തന്നെയുള്ളവരാണെന്നും ഇവർ മൂന്നു പേരും സഹോദരങ്ങളാണെന്നും ഫിറോസ് പൊലീസിൽ മൊഴി നൽകി. തന്നെ ആസൂത്രിതമായി വധിക്കാനാണ് സഹോദരങ്ങളായ മൂന്നു പേർ എത്തിയതെന്ന് ഫിറോസ് പറഞ്ഞു. വാളുകൊണ്ട് വെട്ടുകയും കത്തി കൊണ്ട് ദേഹമാസകലം വരഞ്ഞ് മുറിവേൽപ്പിച്ച നിലയിലുമാണ്. തലയിലെ പരിക്ക് ഗുരുതരമാണ്.

അർദ്ധരാത്രിയിൽ പി.കെ പടിയിലെ സംഗമം ക്ലബിൽ ഇരിക്കുകയായിരുന്ന ഫിറോസിനെ ഇവിടെ വച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ ശേഷം ഓടാൻ ശ്രമിച്ചെങ്കിലും നടുറോഡിലിട്ടും സംഘം അതിക്രൂരമായി വെട്ടുകയായിരുന്നു. അതേസമയം തന്നെ അക്രമിച്ചവർക്ക് കാർ വാടകയ്ക്ക് നൽകിയതായും ഇതിന്റെ വാടക തുക ചോദിക്കാൻ ഇവരുടെ വീട്ടിൽ പോയപ്പോൾ വാക്കുതർക്കം ഉണ്ടായിരുന്നതായും ഫിറോസിന്റെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലയ്ക്കും കൈകാലുകൾക്കും പുറത്തുമാണ് വെട്ടേറ്റിട്ടുണ്ട്.