ചിങ്ങവനം: ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാഭീഷണിയും അതിക്രമവും.ചാന്നാനിക്കാട് കണിയാന്മലത്താഴെ വിഷ്ണു പ്രദീപാണ് പൊലീസ് സ്റ്റേഷനിൽ അക്രമം നടത്തിയത്. തടയാൻ ചെന്ന പൊലീസുകാരനെ ഇയാൾ ഇടിച്ചു വീഴ്‌ത്തുകയും ചെയ്തു.തുടർന്ന് മറ്റു പൊലീസുകാർ വിഷ്ണുവിനെ കീഴടക്കുകയായിരുന്നു.പരിക്കേറ്റ സിവിൽ പൊലീസ് ഓഫിസർ എ.എൻ.പ്രകാശൻ, വിഷ്ണു എന്നിവരെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി. ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

പൊലീസുകാരോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് എസ്‌ഐ പി.എസ്.അനീഷ് പറഞ്ഞു. രണ്ടാഴ്ച മുൻപ് വീട്ടിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് ഇയാളുടെ പേരിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാൻ എത്തിയ പൊലീസുകാരെ വെട്ടിപ്പരുക്കേൽപിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിനുശേഷം കവലയിൽ എത്തി പലതവണ വിഷ്ണു പൊലീസുകാരെ അസഭ്യം പറഞ്ഞിരുന്നു

ഇതിന് ശേഷം കവലയിൽ ഉണ്ടായ അടിപിടി കേസിൽ വിഷ്ണുവിനെ പൊലീസ് പിടികൂടിയിരുന്നു. അന്നു സ്റ്റേഷനിൽ കൊണ്ടുവന്നെങ്കിലും ജാമ്യത്തിൽ വിട്ടു. വെള്ളി വൈകിട്ട് സ്റ്റേഷനു മുന്നിലെത്തിയ വിഷ്ണു കുപ്പിയിൽ കരുതിയ പെട്രോൾ തലയിൽ കൂടി ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.ഇയാൾ തീപ്പെട്ടിയും കയ്യിൽ കരുതിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.