മനാമ: കുട്ടിയെ നോക്കാനെന്ന പേരിൽ ബഹ്‌റിനിലെത്തിക്കുകയും പിന്നീട് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയുമായിരുന്നു എന്ന് ആരോപിച്ച് യുവതി എംബസിയിൽ പരാതി നൽകി. ആലപ്പുഴ സ്വദേശിനിയാണ് ദമ്പതികൾക്കെതിരേ എംബസിയിൽ പരാതി നൽകിയിരിക്കുന്നത്.

ഈ മാസം 14നാണ് യുവതി ബഹ്‌റിനിൽ ജോലിക്ക് എത്തുന്നത്. കായംകുളം സ്വദേശിനിയായ ഷംന എന്ന സ്ത്രീക്ക് 75,000 രൂപ വിസയ്ക്കും മറ്റുമായി നൽകിയാണ് യുവതി ഇവിടെയെത്തുന്നത്. ഇവിടെ ഗർഭിണിയായ മലയാളി സ്ത്രീയുടേയും കുട്ടിയുടേയും പരിചരണത്തിന് എന്നു പറഞ്ഞാണ് യുവതിയെ എത്തിക്കുന്നത്. 30,000 രൂപ ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നുവത്രേ.

ബഹ്‌റിനിൽ എത്തിയ യുവതിയെ ദമ്പതികൾ തങ്ങളുടെ ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിറ്റേന്ന് രണ്ടു സ്ത്രീകൾ ഫ്‌ലാറ്റിൽ എത്തുകയും തന്നെ കൊണ്ടുവന്നത് വേശ്യാവൃത്തിക്കാണെന്ന് യുവതിക്ക് അപ്പോൾ ബോധ്യപ്പെടുകയുമായിരുന്നു. സഹകരിച്ചാൽ നന്നായി പണം സമ്പാദിക്കാമെന്നും ദമ്പതികൾ പറഞ്ഞുവത്രേ. എന്നാൽ തനിക്ക് താത്പര്യമില്ലെന്നും തന്നെ നാട്ടിലേക്ക് തിരിച്ച് അയയ്ക്കണമെന്നും പറഞ്ഞതോടെ ദമ്പതികൾ മർദിക്കുകയും വീടിനകത്ത് പൂട്ടിയിടുകയുമായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.

യുവതിയുടെ ഫോണിൽ വൈഫൈ കണക്ട് ചെയ്തിരുന്നതിനാൽ നേരത്തെ ജോലി ചെയ്തിരുന്ന ഖത്തറിലെ കെ എം സി സി പ്രവർത്തകരുമായി ബന്ധപ്പെടാൻ സാധിച്ചു. എവിടെയാണ് താമസമെന്നോ, മറ്റ് വിവരങ്ങളോ അറിയാത്തതിനാൽ, പുറത്തിറങ്ങാൻ അവസരം ഉണ്ടാകുന്നത് വരെ കാത്തുനിൽക്കാനാണ് കെ എം സി സി പ്രവർത്തകർ ആവശ്യപ്പെട്ടത്. അടുത്ത ദിവസം വീട്ടുകാർ ഒരു ടാക്‌സിക്കാരനൊപ്പം തന്നെ കയറ്റിവിടുകയും അയാൾ സൗദിയിൽ നിന്ന് വന്ന രണ്ടു ചെറുപ്പക്കാരുടെ ഫ്‌ലാറ്റിൽ കൊണ്ടു വിടുകയുമായിരുന്നു. അവരോട് താൻ ചതിക്കപ്പെട്ട വിവരം കരഞ്ഞ് പറഞ്ഞതിനെ തുടർന്ന് അവർ തിരിച്ചുപോകാൻ അനുവദിക്കുകയായിരുന്നു. തുടർന്ന് ടാക്‌സിക്കാരൻ ഫ്‌ലാറ്റിനടുത്ത് ഇറക്കി വിട്ടെങ്കിലും ഫ്‌ലാറ്റിൽ കയറാതെ യുവതി ഇറങ്ങിയോടുകയായിരുന്നു.

അതു വഴി ആ സമയം വന്ന ഒരു കുടുംബമാണ് തന്നെ രക്ഷിച്ചതെന്നും അവർ വഴി ബഹ്‌റിൻ കെ എം സി സി നേതൃത്വവുമായി ബന്ധപ്പെട്ട് എംബസിയിൽ എത്തിച്ചേരുകയായിരുന്നുവെന്നും യുവതി പറയുന്നു. വിസയ്ക്കായി മുടക്കിയ പണം തിരിച്ചുകിട്ടണമെന്നും നാട്ടിലേക്ക് മടങ്ങാൻ സാധിക്കുകയും വേണമെന്നാണ് യുവതിയുടെ ആവശ്യം. എന്നാൽ യുവതി ആരോപണം ഉന്നയിക്കുന്ന ദമ്പതികൾ ഇതു നിഷേധിക്കുകയായിരുന്നു. സംഭവത്തിൽ തങ്ങൾ ഉത്തരവാദികളല്ലെന്നും സഹായം എന്ന നിലയ്ക്കാണ് വിസ നൽകിയതെന്നും ഇതിനായി സ്‌പോൺസർക്ക് പണം നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു. യുവതി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ദമ്പതികളുടെ ന്യായം.