തിരുവനന്തപുരം: താൻ ആത്മഹ്യ ചെയ്യാൻ പോവുകയാണെന്ന് ഭാര്യയെ വിളിച്ചറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗ്രാമ വികസന വകുപ്പിന്റെ ഓഫീസ് കെട്ടിടത്തിലാണ് നൈറ്റ് വാച്ച്മാനായി ജോലി ചെയ്യുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ രാജേഷാണ് ഇന്നലെ രാത്രി ഭാര്യയെ വിളിച്ച് പറഞ്ഞ ശേഷം കടുംകൈ ചെയ്തത്. ഭാര്യയെ വിളിച്ച് പറഞ്ഞ ശേഷം ഓഫീസിലെ മുരളി എന്ന സുഹൃത്തിനെ വിളിച്ച് പ്ലാസ്റ്റിക് കയർ ചോദിക്കുകയും ചെയ്തിരുന്നു. പാതിരാത്രി കയറെന്തിനാണെന്ന് ചോദിച്ചപ്പോൾ ഞാൻ ഇപ്പോൾ മരിക്കുമെന്ന് പറയുകയായിരുന്നു. പിന്നീട് മുരളിയാണ് വട്ടിയൂർക്കാവ് പൊലീസിൽ വിവരം അറിയിച്ചത്.

സംഭവത്തെക്കുറിച്ച് വട്ടിയൂർക്കാവ് പൊലീസ് പറയുന്നത് ഇങ്ങനെ:

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. സ്ഥിരമായി മദ്യപിക്കുന്നയാളാണ് രാജേഷ്. പതിവ് പോലെ ഇന്നലെ വൈകുന്നേരം ആറ് മണി്ക്ക് കാട്ടാക്കടയിലെ വീട്ടിൽ നിന്നും പതിവ് പോലെ ജോലിക്ക് ഇറങ്ങുകയായിരുന്നു. രാത്രി പത്തര മണി കഴിഞ്ഞതോടെയാണ് ഭാര്യ ധന്യയെ വിളിക്കുകയായിരുന്നു. ഞാൻ ഉടനെ തന്നെ ആത്മഹത്യ ചെയ്യുമെന്നും കുട്ടികളെ നന്നായി നോക്കിക്കോളണമെന്നും ഭാര്യയെ പറഞ്ഞ് ഏൽപ്പിക്കുകയായിരുന്നു. എന്നാൽ സ്ഥിരമായി മദ്യപിക്കുമ്പോൾ രാജേഷ് ഇത്തരം സംഭാഷണങ്ങൾ നടത്തുന്നതുകൊണ്ട് തന്നെ ഭാര്യ ധന്യ ഇത് കാര്യമാക്കിയില്ല.മുൻപും പല തവണ ഇത്തരത്തിൽ രാജേഷ് സംസാരിച്ചിരുന്നു.ഇന്നലെ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞയുടനെ രാജേഷ് ഫോൺ കട്ട് ചെയ്യുകയും ചെയ്തു. പിന്നീട് ഭാര്യ വിളിച്ചിട്ടും ഇയാൾ കോൾ അറ്റന്റ് ചെയ്തില്ല.

കുറച്ച് കഴിഞ്ഞപ്പോൾ രാജേഷ് ഓഫീസിലെ മുരളി എന്നയാളെ വിളിക്കുകയായിരുന്നു. ഓഫീസൽ പ്ലാസ്റ്റിക്ക് കയർ ഉണ്ടോ എന്ന് തിരക്കിയാണ് രാജേഷ് വിളിച്ചത്. എന്നാൽ ഈ പാതിരാത്രി എന്തിനാണ് പ്ലാസ്റ്റിക് കയർ എന്ന് മുരളി ചോദിച്ചപ്പോഴാണ് താൻ ഓഫീസിൽ തൂങ്ങി മരിക്കാൻ പോവുകയാണെന്ന് രാജേഷ് പറയുന്നത്. പിന്നീട് മുരളി പല തവണ ഫോണിൽ തിരിച്ച് വിളിച്ചിട്ടും രാജേഷ് ഫോൺ എടുത്തില്ല. ഉടൻ തന്നെ ഓഫീസ് മേധാവിയെ വിളിച്ച് വിവരം പറഞ്ഞ ശേഷം മുരളി ഓഫീസിൽ എത്തി പരിശോധിച്ചപ്പോൾ രാജേഷ് കെട്ടിടത്തിന്റെ പിന്നിൽ തൂങ്ങി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്. പിന്നീട് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

കാട്ടാക്കട കള്ളിക്കാട് നെല്ലിക്കാട് മൈസക്കരയിൽ ചന്ദ്രമോഹന്റെ മകനാണ് മരിച്ച രാജേഷ്. ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.ചില കുടുംബ പ്രശ്നങ്ങളും ഒപ്പം മാനസികമായി അനുഭവിച്ചിരുന്ന പിരിമുറുക്കവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.