- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എലത്തൂരിൽ യു ഡി എഫിന് റിബൽ ഭീഷണി; സ്ഥാനാർത്ഥിയെ നിർത്തുമെന്ന് യൂത്ത് കോൺഗ്രസ്: മണ്ഡലത്തിൽ ഒരാൾ പോലുമില്ലാത്ത കക്ഷിക്കുവേണ്ടി വ്യവസായിയെ കെട്ടിയിറക്കുന്നതിനെ ശക്തമായി എതിർക്കുന്നു; ഡിസിസിക്ക് മുമ്പിൽ കോൺഗ്രസ് പ്രവർത്തകരുടെ കുത്തിയിരിപ്പ് സമരവും
കോഴിക്കോട്: എലത്തൂരിൽ പ്രവർത്തകരുടെ പ്രതിഷേധത്തിന് മുന്നിൽ പതറുകയാണ് കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് എലത്തൂർ സീറ്റ് മാണി സി കാപ്പന്റെ എൻ സി കെയ്ക്ക് വിട്ടു നൽകിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസിക്ക് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തിയതിന് പിന്നാലെ മണ്ഡലത്തിൽ പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തി മത്സരത്തിനിറങ്ങുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
മണ്ഡലത്തിൽ ഒരാൾ പോലും ഇല്ലാത്ത കക്ഷിക്ക് വേണ്ടി ഒരു പണക്കാരൻ വ്യവസായിയെ കെട്ടിയിറക്കുന്നതിനെ ശക്തമായി എതിർക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് എം പി എം കെ രാഘവൻ അടക്കമുള്ളവരുടെ അഭിപ്രായം മാനിക്കാതെ എലത്തൂർ സീറ്റ് അടിയറവു വെക്കുന്നതിനെതിരേ മണ്ഡലത്തിൽ അതിശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് എട്ടോളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരും ബ്ലോക്ക് പ്രസിഡന്റുമാരും രാജിവച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഘടകകക്ഷികൾക്കുവേണ്ടി ബലിയാടായ മണ്ഡലത്തെ ഇത്തവണ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ നേതൃത്വം ഇനിയെങ്കിലും മനസിലാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അച്ചടക്ക നടപടികൾ എന്തുതന്നെ വന്നാലും അനുകൂലമായ തീരുമാനമില്ലെങ്കിൽ മണ്ഡലത്തിൽ നിന്നും തന്നെയുള്ള സർവ സമ്മതനായ വ്യക്തിയെ മത്സരിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എലത്തൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പ്രത്യുഷ്, നേതാക്കളായ ബവീഷ് കുമാർ, സനൂജ് കരുവട്ടൂർ, റാഷിദ് നന്മണ്ട പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് എലത്തൂർ സീറ്റ് മാണി സി കാപ്പന്റെ എൻ സി കെയ്ക്ക് വിട്ടു നൽകിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് ഡിസിസിക്ക് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഉമ്മൻ ചാണ്ടിക്കും മുല്ലപ്പള്ളി രാമചന്ദ്രനുമെതിരെയാണ് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ ഡിസിസി ഓഫീസ് ഉപരോധിച്ചത്. കെട്ടിയിറക്കിയ സ്ഥാനാർത്ഥി വേണ്ടെന്നും കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥി മത്സരിക്കണമെന്നുാണ് പ്രവർത്തകരുടെ ആവശ്യം.
ഇതേ സമയം നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി നാളെ രാവിലെ 11 ന് വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കോൺഗ്രസും യു ഡി എഫും പ്രതിഷേധത്തിൽ ആടിയുലയുമ്പോൾ പ്രചരണ രംഗത്ത് എതിരാളികളില്ലാതെ മുന്നേറുകയാണ് എലത്തൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി എ കെ ശശീന്ദ്രൻ. എ കെ ശശീന്ദ്രൻ ഇന്നലെ എലത്തൂർ എൽ എ സിയും ഡെപ്യൂട്ടി കളക്ടറുമായ കെ ?ഗോപിനാഥ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കരുണാലയം കരുണാകരൻ നായരുടെ അനുഗ്രഹം വാങ്ങിയാണ് ശശീന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായെത്തിയത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.