കണ്ണൂർ: യൂത്ത് കോൺഗ്രസ് പിടിച്ചെടുക്കാൻ ഗ്രൂപ്പുകൾ വീണ്ടും സജീവമാകുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിനു വേണ്ടി ഷാഫി പറമ്പിൽ എംഎൽഎയെയും ഐ ഗ്രൂപ്പിനു വേണ്ടി കെ.എസ്.ശബരിനാഥൻ എംഎൽഎയെയും മൽസരിപ്പിക്കാനാണ് നീക്കം. ഷാഫി പറമ്പിലിന്റെ പേര് മാത്രമാണ് എ ഗ്രൂപ്പ് പരിഗണിച്ചത്. എന്നാൽ ഹൈബി ഈഡനും റോജി ജോണും മത്സരിക്കാത്ത സാഹചര്യത്തിലാണ് ശബരീനാഥിന് നറുക്ക് വീണത്.

അംഗത്വ ക്യാംപെയ്ൻ ആരംഭിച്ചതിനു പിന്നാലെ ഇരുവിഭാഗങ്ങളും സംസ്ഥാനതലം മുതൽ മണ്ഡലം തലം വരെ ഗ്രൂപ്പ് യോഗങ്ങൾ ചേർന്നു പ്രവർത്തനങ്ങൾ സജീവമാക്കി. എല്ലാ ജില്ലകളിലും മുൻതൂക്കം നേടാൻ എയും ഐയും പരസ്പരം മത്സരിക്കുകയാണ്. ഉമ്മൻ ചാണ്ടി നേരിട്ടാണ് എ ഗ്രൂപ്പിനായി കരുനീക്കം നടത്തുന്നത്. രമേശ് ചെന്നിത്തലയും സജീവമായി ഇടപെടുന്നു. കോൺഗ്രസ് ഹൈക്കമാണ്ടിന് മുന്നിൽ അണികളുടെ പിന്തുണ ആർക്കൊപ്പമെന്ന് തെളിയിക്കാനുള്ള അവസരമാണ് ഇത്. എല്ലാ ജില്ലകളിലും ഗ്രൂപ്പുകൾ പ്രത്യേകം ചുമതലക്കാരേയും നിയോഗിച്ചിട്ടുണ്ട്. ഏറ്റവും മികച്ച സ്ഥാനാർത്ഥികളെയാണ് ഇരു ഗ്രൂപ്പുകളും രംഗത്ത് ഇറക്കിയിരിക്കുന്നത്.

ശബരിനാഥും ഷാഫി പറമ്പിലും അടുത്ത സുഹൃത്തുക്കളാണ്. നിയമസഭയിൽ ഒരുമിച്ച് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുന്നവർ. അതുകൊണ്ട് തന്നെ ഇവർക്ക് മത്സരം സൗഹൃദത്തിലൂന്നിയുള്ളത് മാത്രമാണ്. എന്നാൽ ഗ്രൂപ്പുകൾക്ക് ജീവന്മരണ പോരാട്ടവും. അത്തരത്തിൽ തന്നെയാണ് അംഗത്വ വിതരണത്തിലും മറ്റും ഗ്രൂപ്പ് മാനേജർമാർ ഇടപെടുന്നത്. പരമാവധി ആളുകളെ ചേർത്ത് യൂത്ത് കോൺഗ്രസ് പിടിച്ചെടുക്കാനാണ് ഇവരുടെ നീക്കം. രണ്ട് കൂട്ടരും വലിയ വിജയമാണ് ഈ ഘട്ടത്തിൽ അവകാശപ്പെടുന്നത്.

അതേസമയം, തിരഞ്ഞെടുപ്പ് എന്നുണ്ടാകുമെന്നതിൽ ആശയക്കുഴപ്പം അവസാനിച്ചിട്ടില്ല. ഒക്ടോബർ 20ന് ആരംഭിച്ച അംഗത്വവിതരണം ഈ മാസം 19നു പൂർത്തിയാകും. എന്നാൽ ഇതിനു ശേഷമുള്ള തിരഞ്ഞെടുപ്പു നടപടികളുടെ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗ്രൂപ്പ് പോരു രൂക്ഷമാകുന്നതു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതികൂലമാകുമെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തുണ്ട്. അംഗത്വ വിതരണം ഇപ്പോൾ പൂർത്തിയാക്കുകയും സംഘടനാ തിരഞ്ഞെടുപ്പു ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം നടത്തുകയും ചെയ്യുകയെന്ന ഫോർമുലയാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടാകും നിർണ്ണായകം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് അംഗത്വ വിതരണം ആരംഭിച്ചതു ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ ഡിസംബറിൽ തിരഞ്ഞെടുപ്പു നടക്കുമെന്ന രീതിയിൽ പ്രവർത്തനം ഏകോപിപ്പിക്കാനാണു ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിർദ്ദേശം. യൂത്ത് കോൺഗ്രസിൽ കരുത്ത് കാട്ടിയാൽ ലോക്‌സഭാ സ്ഥാനാർത്ഥി നിർണ്ണയത്തെ പോലും സ്വാധീനിക്കാൻ കഴിയുമെന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തൽ.ട

യൂത്ത് കോൺഗ്രസിൽ 5 വർഷത്തിനു ശേഷമാണ് വീണ്ടും സംഘടനാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പു പടിവാതിലിൽ എത്തിനിൽക്കെ, സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു വീണ്ടും തുറന്ന ഗ്രൂപ്പ് യുദ്ധത്തിലേക്കു നയിക്കുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി നവംബർ 15 വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയമാണ്. യുവ വോട്ടർമാരുടെ പേരു പട്ടികയിൽ ഉറപ്പാക്കുന്നതിനുള്ള യത്‌നത്തിനിടെ, സംഘടനാ തിരഞ്ഞെടുപ്പിനായി അംഗങ്ങളെ ചേർക്കാൻ ഓടി നടക്കേണ്ട സ്ഥിതിയുണ്ടാകുന്നതു കോൺഗ്രസിനു ദോഷകരമാകുമെന്നാണു വാദം.

35 വയസ്സാണു യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിലേക്കു മൽസരിക്കാനുള്ള പ്രായപരിധി. ഈ വർഷം 35 പൂർത്തിയായവർക്കു വീണ്ടും മൽസരിക്കാൻ അവസരം നൽകുകയാണു തിരക്കിട്ടു നടത്തുന്ന തിരഞ്ഞെടുപ്പിന്റെ ലക്ഷ്യമെന്നും ആക്ഷേപമുണ്ട്. ഡീൻ കുര്യാക്കോസ് പ്രസിഡന്റായ സംസ്ഥാന കമ്മിറ്റിയുടെ കാലാവധി 2015 ജൂണിൽ അവസാനിച്ചുവെങ്കിലും പിന്നീടു തിരഞ്ഞെടുപ്പു നടന്നില്ല.