തിരുവനന്തപുരം: പാലക്കാട്ടെ യുവചിന്തൻ ശിബിരം ക്യാമ്പിനിടെയുണ്ടായ പീഡനവിവാദത്തിൽ യൂത്ത് കോൺഗ്രസ് വെട്ടിലാണ്. അതിനിടെ ചിന്തൻ ശിബിരത്തിൽ നേതാക്കൾ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് പുറത്തു വരുന്ന സൂചന. പീഡന വിവാദത്തിൽ പൊലീസ് കേസുകൊടുത്താൽ മറുവിഭാഗം അക്രമത്തിലും കേസു കൊടുക്കും. ഇതാണ് യൂത്ത് കോൺഗ്രസിനെ വെട്ടിലാക്കുന്നത്. അതിനിടെ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നടപടി കത്തിൽ പറയുന്ന വൈസ് പ്രസിഡന്റ് വനിത അല്ലെന്നും വ്യക്തമായി. പീഡനത്തെ കുറിച്ച് ആ കത്തിൽ പറയുന്നില്ലെന്നതാണ് വസ്തുത.

ജൂലായ് ആദ്യവാരം നടന്ന ചിന്തൻ ശിബിരത്തിനിടെ നേതാക്കളോട് മോശമായി പെരുമാറിയെന്നു കാണിച്ച് സംസ്ഥാന നിർവാഹകസമിതി അംഗം വിവേക് എച്ച്. നായരെ (ശംഭു പാൽക്കുളങ്ങര) പുറത്താക്കിയതോടെയാണ് വിഷയം ചർച്ചയാകുന്നത്. എന്നാൽ, വനിതാ പ്രതിനിധിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് വിവേകിനെ പുറത്താക്കിയതെന്നതരത്തിൽ മാധ്യമവാർത്തകൾ പ്രചരിച്ചതോടെ യൂത്ത് കോൺഗ്രസ് നേതൃത്വം വെട്ടിലായി.

നേതാവിന്റെ അസാന്മാർഗിക നടപടിയെ യൂത്ത് കോൺഗ്രസ് സംരക്ഷിക്കുകയാണെന്ന രാഷ്ട്രീയ ആരോപണമുയർത്തി ഇടതുപക്ഷവും രംഗത്തെത്തി. ഇതോടെ കോൺഗ്രസ് നേതൃത്വം യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടി. വനിതാ നേതാവ് പാർട്ടി ദേശീയ നേതൃത്വത്തിന് നൽകിയെന്നരീതിയിലുള്ള കത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതികരിക്കാൻ സംസ്ഥാന നേതൃത്വം നിർബന്ധിതരായി. അപ്പോഴും ദേശീയ നേതൃത്വത്തിന്റെ നടപടി കത്തിൽ പീഡനം ഇല്ലെന്നതാണ് വസ്തുത.

മോശം പെരുമാറ്റത്തിനാണ് വിവേക് എച്ച് നായരെ പുറത്താക്കുന്നതെന്ന് യൂത്ത് കോൺഗ്രസിന്റെ തീരുമാന പ്രഖ്യാപനത്തിൽ വിശദീകരിക്കുന്നുണ്ട്. മുമ്പ് താങ്കളെ ഇതേ വിഷയത്തിൽ മാറ്റി നിർത്തിയിരുന്നു. തിരിച്ചെത്തിയ ശേഷവും നിരന്തരം അച്ചടക്ക മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നു. സംസ്ഥാന വൈസ് പ്രസിഡന്റിനോടും മറ്റ് നേതാക്കളോടും ചിന്തൻ ശിബറിനിടെ കാട്ടിയത് ഒരിക്കലും വച്ചുപൊറുക്കാനാകില്ല. ഈ സാഹചര്യത്തിൽ പ്രാഥമിക അംഗത്വത്തിൽ നിന്നും വിവേക് എന്ന ശംഭു പാൽകുളങ്ങരയെ സസ്‌പെന്റ് ചെയ്യുന്നുവെന്നാണ് ദേശീയ സെക്രട്ടറി പുഷ്പലത സിബി വിശദീകരിക്കുന്നത്. എന്നാൽ ഈ വിശദീകരണത്തിലെ വൈസ് പ്രസിഡന്റ് വനിതയല്ല.

അടിച്ചു ഫിറ്റായി ചിന്തൻ ശിബരത്തിൽ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ശംഭു പാൽക്കുളങ്ങരയുമായുള്ള പ്രശ്‌നമായിരുന്നു ഇതിനും കാരണം. തിരുവനന്തപുരത്ത് നിന്നുള്ള വൈസ് പ്രസിഡന്റുമായാണ് ശംഭു തർക്കത്തിൽ ഏർപ്പെട്ടത്. പൊരിഞ്ഞ തല്ലു തന്നെ നടന്നു. ഈ സാഹചര്യത്തിലാണ് നടപടി കത്തിൽ വൈസ് പ്രസിഡന്റിന്റെ പേര് ചർച്ചയായത്. ശംഭു അധിക്ഷേപിച്ചുവെന്ന് പറയുന്ന പെൺകുട്ടി വൈസ് പ്രസിഡന്റല്ല. ഇവരുടെ ഭർത്താവ് ഇടതുപക്ഷ സംഘടനയിലെ പ്രവർത്തകനുമാണ്. എന്നിട്ടും പൊലീസിൽ ഇവർ ഇനിയും കേസ് കൊടുത്തിട്ടില്ല.

അതിനിടെ പീഡനപരാതി ചെറിയരീതിയിൽ മാത്രമേ ചർച്ചയായുള്ളൂവെന്നും വിഷയത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും കെപിസിസി. പ്രസിഡന്റ് സുധാകരൻ പറഞ്ഞു. പീഡനം നടന്നുവെന്ന പരാതിയുണ്ടെങ്കിൽ പൊലീസിൽ പരാതിനൽകുമെന്നും സംഘടനയ്ക്കകത്ത് ഒതുക്കില്ലെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി.

വിവാദം കൂടുതൽ ചർച്ചയായതോടെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന് നേരിട്ട് വിശദീകരണവുമായി രംഗത്തെത്തേണ്ടിവന്നു. പീഡനപരാതിയുണ്ടായിട്ടില്ലെന്ന് ഷാഫി പറമ്പിൽ വാർത്താസമ്മേളനം നടത്തി അറിയിച്ചു. എന്നാൽ, യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണത്തിനെതിരേ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഡിവൈഎഫ്ഐ. നേതൃത്വവും രംഗത്തെത്തി.

യൂത്ത് കോൺഗ്രസ് ക്യാമ്പിൽ പീഡനശ്രമമുണ്ടായെന്ന വാർത്ത ശരിയെങ്കിൽ ഗൗരവമുള്ളതാണെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പരാതി കൊടുക്കാതിരിക്കാനുള്ള ഇടപെടൽ യൂത്ത് കോൺഗ്രസ് നടത്തിയിട്ടുണ്ടാകുമെന്ന് ഡിവൈഎഫ്ഐ. സംസ്ഥാനസെക്രട്ടറി വി.കെ. സനോജും പ്രസിഡന്റ് വി. വസീഫും പത്രസമ്മേളനത്തിൽ ആരോപിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് വനിതാ നേതാവ് അയച്ചതായി പറയപ്പെടുന്ന കത്താണ് ഇപ്പോൾ സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അതിനിടെ തനിക്കുനേരെ ഉയർന്ന പീഡനപരാതി വ്യാജമെന്ന് ആരോപണവിധേയനായ ശംഭു പാൽക്കുളങ്ങര പറയുന്നു. പരാതിക്കുപിന്നിൽ യൂത്ത് കോൺഗ്രസിലെ സഹപ്രവർത്തകരാണ്. മറ്റൊരു നേതാവിനോട് മോശമായി പെരുമാറിയതിനാണ് തന്നെ സസ്‌പെൻഡ് ചെയ്തതെന്നും ശംഭുവും പറയുന്നു.