- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും മാറ്റണം; സോണിയ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ; ജംബോ കമ്മിറ്റികൾ പിരിച്ചു വിടണമെന്നും ആവശ്യം; നയിക്കാൻ കെ സുധാകരനും വിഡി സതീശനും വരും; എഐസിസി പ്രഖ്യാപനം ഉടൻ വരുമെന്ന് സൈബർ കോൺഗ്രസും; സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ മുറവിളി ശക്തം
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിനുള്ളിൽ നേതൃമാറ്റ മുറവിളി ശക്തമാകുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരാൻ ചെന്നിത്തലയും കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ മുല്ലപ്പള്ളിയും ശ്രമം ശക്തമാക്കുന്നതിനിടെയാണ് ഇവർക്കെതിരെ യുവനേതാക്കൾ അടക്കം പരസ്യമായി രംഗത്തുവന്നത്. പ്രതിപക്ഷ നേതാവിനേയും കെ പി സി സി അദ്ധ്യക്ഷനേയും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് യൂത്ത് കോൺഗ്രസ് നേതാക്കളുടെ കത്തയച്ചു
കെ പി സി സിയുടേയും ഡിസിസികളുടേയും ജംബോ കമ്മിറ്റികൾ പിരിച്ചു വിടണം, കെ എസ് യു, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റികൾ പിരിച്ചുവിടണം എന്നീ ആവശ്യങ്ങളും സോണിയഗാന്ധിക്ക് അയച്ച കത്തിൽ നേതാക്കൾ ഉന്നയിക്കുന്നു.യൂത്ത് കോൺഗ്രസിലെ 24 സംസ്ഥാന കമ്മിറ്റി നേതാക്കളാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. യു ഡി എഫ് കൺവീനർ എം എം ഹസനേയും മാറ്റണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.
നേതൃമാറ്റം എന്ന ആവശ്യം പാർട്ടി പ്രവർത്തകർക്കിടയിൽ ഉയർന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് സജീവമായ ചർച്ചകളിലേക്ക് കോൺഗ്രസ് നേതൃത്വം കടന്നിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയകാര്യ സമിതിയിലും തീരുമാനിച്ചത് നേതൃമാറ്റം പോലെയുള്ള കാര്യങ്ങൾ വളരെ ആലോചിച്ച് സാവധാനം മതി എന്നായിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മർദ്ദവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അടക്കമുള്ളവരാണ് കത്ത് അയച്ചിരിക്കുന്നത് എന്നാണ് വിവരം. പുനഃസംഘടന നടത്തിയില്ലെങ്കിൽ പാർട്ടി എന്നെന്നേക്കുമായി ഇരുട്ടിലേക്ക് പോകുമെന്നും അതുകൊണ്ട് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് കത്തിൽ പറയുന്നത്.അതേസമയം, നേതൃ മാറ്റം ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നൽകിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗം അറിയിച്ചു. ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ പ്രതികരിച്ചു.
അതേസമയം പ്രവർത്തകരുടെ ആഗ്രഹം പോലെ തന്നെ സെ സുധാകരൻ കെപിസിസി തലപ്പത്തേക്കും വിഡി സതീശൻ പ്രതിപക്ഷ നേതാവായും ഉടൻ വരുമെന്ന പ്രഖ്യാപനവുമായാണ് കോൺഗ്രസ് സൈബർ ടീം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. നേതൃമാറ്റത്തെക്കുറിച്ച് എഐസിസി വരുംദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് സൈബർ ടീം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
'ഇവർ വരും..നമ്മുടെ കെപിസിസിയും, പ്രസ്ഥാനവും കൊടുങ്കാറ്റായി തിരിച്ചു വരും..കെപിസിസി യെ നയിക്കാൻ അധ്യക്ഷനായി കെ സുധാകരൻ..പ്രതിപക്ഷത്തെ പട നയിക്കാൻ വിഡി സതീശൻ...എഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ...എന്നാണ് സൈബർ ടീം ഫേസബുക്കിൽ കുറിച്ചത്.
പ്രതിപക്ഷ നേതൃസ്ഥാനം തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകണമെന്ന് മുൻപ് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരം ഉൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്ത നേതാവാണ് തിരുവഞ്ചൂർ. സംസ്ഥാനത്തെ ഇടത് തരംഗത്തിലും മികച്ച ഭൂരിപക്ഷത്തോടെയാണ് തിരുവഞ്ചൂരിന്റെ വിജയം. പ്രതിപക്ഷ സ്ഥാനത്തേക്ക് ആര് എത്തുമെന്ന ചർച്ചയിൽ എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തിൽ നിർണായകമാണ്. 15 സീറ്റുകളിൽ വിജയിച്ച ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോൺഗ്രസിന് തീരുമാനമെടുക്കാനാവില്ല. ലീഗിനും തെരഞ്ഞെടുപ്പിൽ ക്ഷീണം സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷ നേതാവിന്റെ റോൾ പ്രധാനപ്പെട്ടതാണ്.
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദി താൻ മാത്രമാണെന്ന് വരുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നുമാണ് നേരത്തെ കെപിസിസി രാഷ്ട്രീയ കാര്യ യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയിൽ ഉത്തരവാദിത്വം തനിക്കാണെന്നും അത് ഏറ്റെടുക്കുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് മറ്റുള്ളവർക്ക് ചിരിക്കാൻ വകയുണ്ടാക്കരുതെന്നാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ യോഗത്തിൽ ചെന്നിത്തല പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ