- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സന്ദർഭത്തിനനുസരിച്ച് വർഗ്ഗീയ നിലപാടുകൾ സ്വീകരിക്കുന്ന രാഷ്ട്രീയ മാലിന്യം'; പി സി ജോർജ്ജ് അണിയിച്ച പൊന്നാട കോലത്തിലണിയിച്ച് കത്തിക്കുമെന്ന് റിയാസ് മുക്കോളി; ആദരം സ്വീകരിച്ചതിന് സമരത്തോടുള്ള ഐക്യദാർഢ്യം സ്വീകരിച്ചു എന്ന് മാത്രമേ അർത്ഥമുള്ളൂവെന്നും വിശദീകരണം
തിരുവനന്തപുരം: യുഡിഎഫിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയ ജനപക്ഷം നേതാവ് പി സി ജോർജ്ജിനെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. പി.സി ജോർജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകുമെന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെ പ്രതികരണത്തിന് പിന്നാലെ, പി സി ജോർജ് തങ്ങളെ അണിയിച്ച പൊന്നാട ജോർജിന്റെ കോലത്തിൽ തന്നെയിട്ട് അത് കത്തിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. യൂത്ത് കോൺഗ്രസിന്റെ മറ്റൊരു വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്. കേരള രാഷ്ട്രീയത്തിലെ മാലിന്യമാണ് ജോർജെന്നും ന്യൂനപക്ഷ സമുദായത്തെ എന്തും വിളിച്ചു പറയാമെന്ന ധാരണയിൽ മുമ്പോട്ട് പോവുന്ന ഒരാളാണെന്നും റിയാസ് മുക്കോളി കുറ്റപ്പെടുത്തുന്നു.
സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഐക്യദാർഢ്യം അർപ്പിച്ചായിരുന്നു പി സി ജോർജ് സമരപന്തലിലെത്തി നേതാക്കളെ ഷാൾ അണിയിച്ചത്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ റിയാസ് മുക്കോളിയും എൻ എസ് നുസൂറും ജോർജിന്റെ ഷാൾ സ്വീകരിച്ചപ്പോൾ മറ്റൊരു വൈസ് പ്രസിഡന്റായ റിജിൽ മാക്കുറ്റി ഷാൾ സ്വീകരിക്കാത്തത് സോഷ്യൽ മീഡിയയിലടക്കം ചർച്ച ആയിരുന്നു. ഇതിനു വിശദീകരണവും റിയാസ് മുക്കോളി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകുന്നു. പി സി ജോർജിന്റെ ആദരം സ്വീകരിച്ചതിന് സമരത്തിന്റെ മുദ്രാവാക്യത്തോടുള്ള ഐക്യദാർഢ്യം സ്വീകരിച്ചു എന്ന് മാത്രമേ അർത്ഥമുള്ളൂവെന്ന് റിയാസ് മുക്കോളി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രണ്ട് ദിവസം മുമ്പാണ് പൂഞാർ MLA പി.സി ജോർജ് യൂത്ത് കോൺഗ്രസ്സിന്റെ നിരാഹാര സമര പന്തലിൽ എത്തിയത്. ഈ സമരത്തിന്റെ മുദ്രാവാക്യത്തോട് ഐക്യപ്പെട്ട് വന്ന ഒരാൾ എന്ന നിലക്ക് സംഘാടക സമിതി അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിക്കുകയും ചെയ്തു, പ്രസംഗ ശേഷം നിരാഹാരമിരിക്കുന്ന ഞങ്ങളെ ഷാൾ അണിയിക്കാൻ വരുകയും ഞാനും നുസൂറും ഷാൾ സ്വീകരിക്കുകയും, റിജിൽ നിരസിക്കുകയും ചെയ്തു. വിയോജിപ്പുകളോടെ സ്വീകരിക്കുക എന്നതായിരുന്നു ഞങ്ങളുടെ നിലപാട്. നമ്മുടെ മുദ്രാവാക്യത്തോട് ഐക്യപ്പെട്ട് സമര പന്തലിലേക്ക് കടന്നുവന്ന ഒരാളെ പൂർണ്ണമായ് തിരസ്കരിക്കാതെ ഒരു പൊതുവിഷയത്തിൽ സ്വീകരിക്കേണ്ട ജനാധിപത്യ പരമായ ഒരു സമരമര്യാദ മാത്രമാണ് ഞങ്ങൾ സ്വീകരിച്ചത്...
അദ്ദേഹത്തിന്റെ ആദരം സ്വീകരിച്ചതിന് സമരത്തിന്റെ മുദ്രാവാക്യത്തോടുള്ള ഐക്യദാർഢ്യം സ്വീകരിച്ചു എന്ന് മാത്രമേ അർത്ഥമുള്ളു. അദ്ദഹം കേരള രാഷ്ട്രീയത്തിലെ ഒരു മാലിന്യമാണെന്നും, സന്ദർഭത്തിനനുസരിച്ച് വർഗ്ഗീയ നിലപാടുകൾ സ്വീകരിച്ച് ആരെയും മോശമാക്കി, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായത്തെ എന്തും വിളിച്ചു പറയാമെന്ന ധാരണയിൽ മുമ്പോട്ട് പോവുന്ന ഒരാളാണെന്നും കൃത്യമായ ബോധ്യം ഞങ്ങൾക്കുണ്ട്. ദിനംപ്രതി അത് കൂടിക്കൂടി വരികയുമാണ് ഇന്നും അദ്ദേഹം വില കുറഞ്ഞ പ്രസ്താവനകളുമായ് വളരെ മോശം ഭാഷയിൽ സംസാരിച്ചിരിക്കുകയാണ് ആദിത്യമര്യാദക്ക് പോലും അയാൾ അർഹനല്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു ഈ സാഹചര്യത്തിൽ അദ്ദേഹത്തോടുള്ള പ്രതിഷേധം ഞങ്ങൾ രേഖപ്പെടുത്തുകയാണ്. അയാൾ ഞങ്ങളെ അണിയിച്ച പൊന്നാട PC ജോർജിന്റെ കോലത്തിൽ തന്നെ അണിയിച്ച് ഇന്ന് വൈകീട്ട് 4 മണിക്ക് സമര പന്തലിൽ വെച്ച് അത് കത്തിക്കുന്നു.... റിയാസ് മുക്കോളി
രണ്ട് ദിവസം മുമ്പാണ് പൂഞാർ MLA പി.സി ജോർജ് യൂത്ത് കോൺഗ്രസ്സിന്റെ നിരാഹാര സമര പന്തലിൽ എത്തിയത്. ഈ സമരത്തിന്റെ...
Posted by Riyas Mukkoli on Saturday, February 27, 2021
പി.സി.ജോർജിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി രംഗത്തെത്തിയിരുന്നു. യുഡിഎഫ് ജിഹാദികളുടെ കൈകളിലാണെന്നതടക്കമുള്ള വിമർശനം പി.സി.ജോർജ് ഇന്ന് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ റിജിൽ മാക്കുറ്റി പി സി ജോർജ്ജിനെ വിമർശിച്ചത്. പി.സി ജോർജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകുമെന്നായിരുന്നു റിജിൽ മാക്കുറ്റിയുടെ പ്രതികരണം.
പി സി ജോർജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും. കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല. പൂഞ്ഞാർ MLA ആയത് ആരുടെ ഒക്കെ വോട്ട് കൊണ്ടാണെന്ന് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.- റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് സമരപ്പന്തലിൽ വെച്ച് പിസി ജോർജിന്റെ ഷാൾ അണിയിക്കൽ റിജിൽ മാക്കുറ്റി നിഷേധിച്ചിരുന്നു. ഒരു സമുദായത്തെ അങ്ങേയറ്റം മ്ലേഛമായ ഭാഷയിൽ അധിക്ഷേപിച്ചയാളാണ് പിസി ജോർജ് എന്നും അങ്ങനെയൊരാളുടെ അനുമോദനം സ്വീകരിക്കുന്നതിലും നല്ലത് നിരാഹാര സമരം അവസാനിപ്പിക്കുന്നതാണെന്നായിരുന്നു റിജിൽ മാക്കുറ്റിയുടെ പ്രതികരണം. ഇതിന് പിന്നാലെ യുഡിഎഫിനെ നിശിതമായി വിമർശിച്ച് പി സി ജോർജ്ജ് രംഗത്തെത്തിയിരുന്നു.
യുഡിഎഫിനെതിരെയും മുസ്ലിം ലീഗിനെതിരെയും രൂക്ഷമായ ഭാഷയിലാണ് ഇന്ന് പിസി ജോർജ് വിമർശിച്ചത്. ‘എനിക്ക് യുഡിഎഫിന്റെ അഭിപ്രായമൊന്നും കേൾക്കേണ്ട കാര്യമില്ല. എനിക്കവരുടെ പിന്തുണയും വേണ്ട. യുഡിഎഫിന്റെ പ്രവർത്തകരുണ്ട് വളരെ മാന്യന്മാരാണ്. നേതാക്കന്മാർ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നവരാണ്. അതിന്റെ ചരിത്രമൊക്കെ ഞാൻ പത്രസമ്മേളനം നടത്തി പറയാൻ പോവുകയാണ്. ഞാൻ പൂഞ്ഞാറിൽ ജനപക്ഷം സെക്യുലർ സ്ഥാനാർത്ഥിയായി മത്സരിക്കും. അതിലൊരു സംശയവും വേണ്ട. എനിക്ക് ജനങ്ങളാണ് പിന്തുണ തരുന്നത്. യുഡിഎഫ് എന്നു പറഞ്ഞാൽ മുസ്ലിം ജിഹാദികളുടെ പാർട്ടിയല്ലേ. അവരല്ലേ ഇപ്പോൾ പാർട്ടി നിയന്ത്രിക്കുന്നത്. നേരത്തെ ഒരു നല്ല പാർട്ടിയായിരുന്നു മുസ്ലിം ലീഗ്. പക്ഷെ ആ മുസ്ലിം ലീഗ് ഇപ്പോൾ ജിഹാദികളാണ് നിയന്ത്രിക്കുന്നത്. അപ്പോൾ ആ പാർട്ടിയെ മതേതരർക്കോ, ഹൈന്ദവർക്കോ, ക്രൈസ്തവർക്കോ അംഗീകരിക്കാൻ പറ്റുമോ?,' പിസി ജോർജ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ