മലപ്പുറം: കെ എം മാണിയുമായി ഇനി ഒരു ബന്ധവും വേണ്ടന്ന കോട്ടയം ഡിസിസി പ്രമേയം പാസാക്കിയതിനു പിന്നാലെ നിലാപാട് കടുപ്പിച്ച് യൂത്ത് കോൺഗ്രസും രംഗത്ത്. കെ എം മാണിയും മകനും വഞ്ചനാപരമായ സമീപനമാണ് കോൺഗ്രസിനോടും യുഡിഎഫിനോടും കാണിച്ചതെന്ന പ്രമേയത്തിന് കെപിസിസിയുടെയും അംഗീകാരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെഎം മാണിയുടെ ശക്തമായ ഭാഷയിൽ എതിർത്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് രംഗത്തെത്തിയത്.

മാണിയെ യുഡിഎഫിലേക്ക് തിരിച്ചു കൊണ്ടു വരണമെന്ന കോൺഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ കുര്യന്റെ അഭിപ്രായത്തിനെതിരെയും ഡീൻ കുര്യാക്കോസ് മലപ്പുറത്ത് തുറന്നതടിച്ചു. നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചാലും യൂത്ത് കോൺഗ്രസ് ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്നും മാണിയെ വീണ്ടും ഐക്യമുന്നണിയിലേക്ക് കൊണ്ടുവന്ന് പ്രവർത്തകരെ അപമാനിക്കരുതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

കോൺഗ്രസ് പാർട്ടിയെ പിന്നിൽ നിന്നും ചതിച്ച് പുതിയ മേച്ചിൽ പുറങ്ങൾ തേടിപ്പോയ ആളാണ് കെ.എം മാണിയെന്നും സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മാണിയുമായുള്ള കൂട്ടെന്നും ഡീൻ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിൽ അട്ടിമറി നടത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇപ്പോൾ മാണിക്കെതിരെയുള്ള വിജിലൻസ് കേസിൽ തെളിവില്ലെന്നു പറയുന്നത് സംശയകരമാണ്. മാണിയെ തിരികെ കൊണ്ടുവരണമെന്ന് ഏത് നേതാവ് പറഞ്ഞാലും ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരനും അംഗീകരിക്കാൻ പറ്റില്ലെന്നും യൂത്ത് കോൺഗ്രസ് ഈ നിലപാടിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതത്വത്തിൽ നടക്കുന്ന യൂത്ത് മാർച്ച് യാത്രക്കിടെ തിരൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡീൻ കുര്യാക്കോസ്.

മാണിക്കെതിരെ കോൺഗ്രസ് നേതാക്കൾ നടത്തുന്ന അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും മാണിയെ തിരിച്ചു കൊണ്ടുവരണമെന്നാണ് തന്റെ അഭിപ്രായമെന്നുമായിരുന്നു പിജെ കുര്യൻ പറഞ്ഞിരുന്നത്. കോട്ടയത്തെ പ്രശ്നങ്ങൾ പ്രാദേശിക പ്രശ്നങ്ങൾ ആയിരുന്നെന്നും ഈ വിഷയങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് തല ഇടപെടൽ വേണ്ട. വിരലിൽ ഒരു മുറിവ് ഉണ്ടായാൽ മരുന്ന് തേയ്ക്കാറാണ് പതിവ്, അല്ലാതെ വിരൽ ഒന്നാകെ മുറിച്ചു മാറ്റാറില്ലെന്നും പിജെ കുര്യൻ പറഞ്ഞിരുന്നു. എന്നാൽ പിജെ കുര്യന്റെ അഭിപ്രായത്തിനെതിരെ കോട്ടയം ഡിസിസിയും പിന്നാലെ യൂത്ത് കോൺഗ്രസും രംഗത്തെത്തിയത് ഏറെ ചർച്ചയായിരിക്കുകയാണ്.

പി.ജെ കുര്യന്റെ അഭിപ്രായത്തെ കുറിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെ പ്രതികരണത്തിന്റെ പൂർണ്ണരൂപം:

കെ.എം മാണിയെ തിരിച്ചു കൊണ്ടുവരണമെന്ന് ഏത് നേതാവ് പറഞ്ഞാലും അത് യൂത്ത് കോൺഗ്രസ് അംഗീകരിക്കുന്നില്ല. അത് ശരിയല്ല. അങ്ങിനെ പറയുന്നത് തീർത്തും ലജ്ജാകരമാണ്. കോൺഗ്രസ് പാർട്ടിയെ പിന്നിൽ നിന്നും ചതിച്ച് പുതിയ മേച്ചിൽ പുറങ്ങൾ തേടിപ്പോയ ആളാണ് കെ.എം മാണി. മാത്രവുമല്ല സിപിഎമ്മുമായി കൂടിച്ചേർന്ന് കോട്ടയം ജില്ലാ പഞ്ചായത്തിൽ അട്ടിമറി നടത്തിയതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ഇപ്പോൾ അദ്ദേഹം വിജിലൻസ് കേസിൽ നിന്നു പോലും കുറ്റ വിമുക്തനാകുന്നു എന്നതാണ് വാർത്ത. ഇതെല്ലാം നമ്മൾ കൂട്ടിച്ചേർത്ത് വായിക്കേണ്ടതാണ്. സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെ.എം മാണിയുമായുള്ള കൂട്ടു ചേരൽ. കെ.എം മാണ് അഴിമതി വിരുദ്ധനാണ് എന്ന് ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹത്തെ വിജിലൻസ് കേസിൽ നിന്നും രക്ഷപ്പെടുത്തുന്നു എന്നുള്ള വളരെ ഗുരുതരമായ ആരോപണം ആഭ്യന്തര വകുപ്പിന് നേരെ ഉയർന്നു വരികയുമാണ്.

ഏതായാലും ഈ കാര്യത്തിൽ ഒരു പുനരാലോചനക്ക് യാതൊരു പ്രസക്തിയുമില്ല. അദ്ദേഹം തീരുമാനിച്ചുറപ്പിച്ച് അധികാര രാഷ്ട്രീയത്തിനു വേണ്ടി സിപിഎമ്മുമായി കൂട്ടുകൂടാൻ തീരുമാനിച്ചിരിക്കുന്നു. അതിനു വേണ്ടി തീരുമാനം എടുത്ത് പോയി. ഇനി പിറകിൽ നിന്ന് വിളിച്ച് ഈ പാർട്ടിയെ അപമാനിക്കരുതെന്നാണ് പറയാനുള്ളത്. അങ്ങിനെ ഏതെങ്കിലും നേതാക്കൾ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ യൂത്ത് കോൺഗ്രസിന് അംഗീകരിക്കാൻ കഴിയില്ല.

മുട്ടിലിഴഞ്ഞ് വിളിച്ച് അകത്തു കേറ്റേണ്ട യാതൊരു സാഹചര്യവുമില്ല. മാത്രവുമല്ല, എന്ത് ലക്ഷ്യം വെച്ചുകൊണ്ടാണ് നേതാക്കൾ അങ്ങിനെയുള്ള പ്രസ്താവന ഇറക്കുന്നത് എന്ന് മനസിലാകുന്നില്ല. ഇപ്പോൾ പാർട്ടിക്കുള്ളിൽ നടക്കുന്ന ചർച്ചയെന്ന നിലയിലാണ് വാർത്തകൾ വരുന്നത്. ഇപ്പോഴും അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. ഏത് നേതാവ് പറഞ്ഞാലും, ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരന് അത് അംഗീകരിക്കാൻ പറ്റുന്ന ഒരു സാഹചര്യമല്ല ഇപ്പോഴുള്ളത്. ഈ പാർട്ടിയെ അപമാനിച്ച് കുറ്റപ്പെടുത്തി ഇപ്പോൾ കെ.എം മാണിക്ക് നല്ലവരായി സിപിഎമ്മുകാരാണുള്ളത്. അദ്ദേഹത്തിന്റെ ആപത്ഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം നിന്ന് നിയമസഭയിലെ ബഡ്ജറ്റ് അവതരണ വേളയിലും അതിനു ശേഷവും എല്ലാ സാഹചര്യത്തിലും കോൺഗ്രസ് പ്രവർത്തകരായിരുന്നു അദ്ദേഹത്തെ സംരക്ഷിച്ച് നിന്നിരുന്നത്. അതിനെയെല്ലാം തള്ളി പറഞ്ഞ്കൊണ്ട് അവസരവാദ കൂട്ടുകെട്ടുണ്ടാക്കി മുമ്പോട്ടു പോയത് സിപിഎമ്മുമായി വലിയ ഗൂഢാലോചന നടത്തിയാണ് എന്ന കാര്യത്തിൽ തർക്കമില്ല. വിജിലൻസ് കേസിൽ നിന്നു പോലും അദ്ദേഹത്തിനെതിരെ യാതൊരു തെളിവുകളും ഇല്ല എന്നൊക്കെ പറയുന്നത് ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മാണി അഴിമതിക്കാരനാണെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായാ അദ്ദേഹം ഈ സമീപനം എടുക്കുന്നത്. നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചാലും യൂത്ത് കോൺഗ്രസ് ഈ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. വീണ്ടും തിരിച്ചുകൊണ്ടു വന്ന് ഐക്യമുന്നണിയിലേക്ക് കൊണ്ടുവന്ന് പാർട്ടി പ്രവർത്തകരെ അപമാനിക്കരുത് എന്നാണ് നേതാക്കളോട് പറയാനുള്ളത്.