ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഹർ ഘർ തിരംഗ' ക്യാംപെയിൻ രാജ്യത്തെ ജനങ്ങൾ ഏറ്റെടുത്തിട്ടും പ്രൊഫൈൽ പിക്ചർ മാറ്റാത്ത ആർഎസ്എസ് നേതാക്കളെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ ഇന്ത്യക്കാരും ഓഗസ്റ്റ് 2 മുതൽ 15 വരെ ത്രിവർണ പതാക പ്രൊഫൈൽ പിക്ചറാക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം.

പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ദേശീയ പതാക പ്രൊഫൈൽ പിക്ചറാക്കി മാറ്റുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ആർഎസ്എസിന്റെ ഔദ്യോഗിക പേജിന്റെയും ആർഎസ്എസ് നേതാക്കളും ഉൾപ്പടെ 'ഹർ ഘർ തിരംഗ'യുടെ ഭാഗമാകാത്തതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്.

മോഹൻ ഭാഗവത്, ദത്താത്രേയ ഹൊസബാലേ, സുരേഷ് ജോഷി, സുരേഷ് സോണി തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേജിന്റെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു കുറിപ്പ്. 'സ്വാതന്ത്ര്യത്തിൽ ഒരു പങ്കുമില്ലാത്തവരുടെ ഹൃദയങ്ങളിൽ ത്രിവണത്തോട് യാതൊരു ബഹുമാനവുമില്ല', എന്നും യൂത്ത് കോൺഗ്രസ് വിമർശിച്ചു.

ക്യാംപെയിനിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെ സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചറുകൾ മാറ്റിയിരുന്നു. ജവഹർലാൽ നെഹ്റു ത്രിവർണപതാകയുമായി നിൽക്കുന്ന ചിത്രമായിരുന്നു അദ്ദേഹം ഉപയോഗിച്ചത്. ത്രിവർണ പതാക രാജ്യത്തിന്റെ അഭിമാനമാണ്, എത് ഓരോ പൗരന്റെയും ഹൃദയത്തിലുണ്ടാകണം എന്ന കുറിപ്പും രാഹുൽ പങ്കുവെച്ചിരുന്നു.