തിരുവനന്തപുരം: കേരളത്തിൽ തമിഴ് ചിത്രം 'ഭൈരവ'യുടെ റിലീസ് തടയില്ലെന്നു യൂത്ത് കോൺഗ്രസ്. മലയാള ചിത്രങ്ങൾ കാണിക്കാതെ ഇതരഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള തിയറ്റർ ഉടമകളുടെ നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് റിലീസ് തടയാൻ നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാൽ ജനുവരി 19 മുതൽ മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തീരുമാനമെടുത്തതിനെ തുടർന്നാണ് റിലീസ് തടയേണ്ടതില്ലെന്ന തീരുമാനം. മലയാള സിനിമ പ്രദർശിപ്പിക്കാതെ പകരം പ്രദർശിപ്പിക്കുന്ന വിജയ് ചിത്രം ഭൈരവാ, സൂര്യയുടെ എസ് ത്രീ, ഷാരൂഖ് ഖാൻ ചിത്രം റയീസ് എന്നീ സിനിമകളുടെ പ്രദർശനം തടയുമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കൂര്യാക്കോസ് പറഞ്ഞത്.

പ്രസ്താവനയുടെ പേരിൽ ഡീൻ കുര്യാക്കോസിനെതിരെ പരസ്യമായി വിജയ് ആരാധകരുടെ ഭീഷണിയും എത്തിയിരുന്നു. അന്യഭാഷാ സിനിമകളുടെ പ്രദർശനം തടയുമെന്ന യൂത്ത് കോൺഗ്രസിന്റെ പ്രഖ്യാപനം ഷെയർ ചെയ്ത ഡീൻകുര്യാക്കോസിന്റെ ഫേസ്‌ബുക്ക് പേജിലാണ് ആരാധകരുടെ പൊങ്കാലയും ഭീഷണിയും വന്നത്. സിനിമ തടയാൻ വരുമ്പോൾ വാഴയില വെട്ടികാത്തിരിക്കാൻ പറഞ്ഞിട്ടാകണം വരവെന്നും, ആംബുലൻസ് വിളിച്ച് വന്നോ എന്നും തുടങ്ങി ആക്രമണ ഭീഷണി മുഴക്കുന്ന കമന്റുകളും നിരവധിയുണ്ടായിരുന്നു.