- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എസ് സി റാങ്ക് ലിസ്റ്റ് ക്രമക്കേട്; അനധികൃത നിയമനം; യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ സംഘർഷം; പൊലീസ് ലാത്തി വീശി; ജലപീരങ്കിയും പ്രയോഗിച്ചു; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ സംഘർഷം. സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരായതാണ് പൊലീസ് നടപടിയിലേക്ക് നയിച്ചത്. സമരക്കാർ റോഡ് ഉപരോധിക്കുകയും പൊലീസ് ബാരിക്കേഡ് തകർക്കാർ ശ്രമിക്കുകയും ചെയ്തതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
റാങ്ക് ലിസ്റ്റ് ക്രമക്കേട്, അനധികൃത നിയമനം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം ആരംഭിച്ചത്.
നേരത്തെ സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികളുടെ ആത്മഹത്യാശ്രമം നടന്നിരുന്നു. സിപിഒ റാങ്ക് ഹോൾഡേഴ്‌സാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഏതാനും ഉദ്യോഗാർഥികൾ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു.
'സർക്കാരേ കണ്ണു തുറക്കൂ' എന്നെഴുതിയ ബോർഡുകളുമായാണ് ഉദ്യോഗാർഥികൾ കെട്ടിടത്തിനു മുകളിലേക്ക് കയറിയത്. മറ്റുള്ളവർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. സർവകലാശാല കത്തിക്കുത്ത് കേസിനെത്തുടർന്ന് സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിലെ നിയമനം മുടങ്ങിയിരുന്നു. പിന്നീട് കോവിഡ് വന്നതിനാൽ നിയമനം നടന്നില്ല. റദ്ദായ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നിയമനം നടത്തണമെന്നാണ് ആവശ്യം.
തിങ്കളാഴ്ച ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.