പാലക്കാട്: സുരേഷ് ഗോപിക്ക് ചെരുപ്പ് സല്യൂട്ടുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം. പാലക്കാട് അഞ്ച് വിളക്കിലാണ് പ്രതിഷേധം. നാണംകെട്ട സുരേഷ് ഗോപി, എന്തിന് നിനക്ക് സല്യൂട്ട് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഇന്നലെ ഒല്ലൂരിൽ എസ്ഐയെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചതിന്റെ ഭാഗമായിട്ടായിരുന്നു സമരപരിപാടി. എംപിയെ സല്യൂട്ട് ചെയ്യൻ നിലവിൽ ചട്ടമില്ലെന്നും ഈ രീതി തുടർന്നാൽ പൊലീസുകാർക്ക് മറ്റ് പണികൾ ചെയ്യാൻ സമയമുണ്ടാവില്ലെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

അതേസമയം, സല്യൂട്ട് നൽകുന്നതിൽ രാഷ്ട്രീയ വിവേചനം പാടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പൊലീസ് അസോസിയേഷന്റെ നിലപാട് രാഷ്ട്രീയ വിവേചനമാണ്. എംപിമാർക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ടോ?. ഈ വിഷയം വിവാദമാക്കിയത് ആരാണ്. ആ പൊലീസുകാരന് പരാതിയുണ്ടോ?. ഇത് വച്ച് അസോസിയേഷൻ വച്ച് രാഷ്ട്രീയം കളിക്കരുത്. ഇന്ത്യയിൽ ഒരു സംവിധാനം ഉണ്ട്. അത് കേരളത്തിനും ബാധകമാണ് സല്യൂട്ട് അടിക്കാൻ പാടില്ലെന്ന് ആരാണ് പറഞ്ഞത്. സല്യൂട്ട് അടിക്കുന്ന പരിപാടി തന്നെ അവസാനിപ്പിക്കണമെന്നും സുരേഷ് ഗോപി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.