മലപ്പുറം: തലശ്ശേരിയിൽ ആർഎസ്എസും എസ്ഡിപിഐയും പരസ്പരം നടത്തിയ കൊലവിളി പ്രകടനങ്ങളിൽ പ്രതിഷേധിച്ച് യോഗം സംഘടിപ്പിച്ചതിന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ എസ്ഡിപിഐയുടെ ഭീഷണിയെന്ന് പരാതി. എസ്ഡിപിഐ വഴിക്കടവ് പഞ്ചായത്ത് സെക്രട്ടറി ഉബൈദിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിഫാൻ പൊലീസിന് പരാതി നൽകി.

കെടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് തലശ്ശേരിയിൽ ആർഎസ്എസ് നടത്തിയ പ്രകടനത്തിൽ മുസ്ലിം സമുദായത്തിനെതിരെ കൊലവിളി മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു. ഇതിനെതിരെ എസ്ഡിപിഐ നടത്തിയ പ്രകടനത്തിലും സമാനമായ വർഗീയ മുദ്രാവാക്യങ്ങൾ ഉയർന്നു. ഈ കൊലവിളി പ്രകടനങ്ങൾക്കും കേരളീയസമൂഹത്തെ വർഗീയമായി ധ്രുവീകരിക്കാൻ കഴിഞ്ഞ കുറച്ചുകാലമായി നടന്നുവരുന്ന ശ്രമങ്ങൾക്കെതിരെയുമാണ് യൂത്ത് കോൺഗ്രസ് വഴിക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഞായറാഴ്‌ച്ച പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്.

ഈ പരിപാടിയുടെ വീഡിയോയും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഉബൈദ് റിഫാനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ആർഎസ്എസ് പോലെയല്ല എസ്ഡിപിഐ എന്നും ഞങ്ങളുടെ പാർട്ടിയ്‌ക്കെതിരെ ശബ്ദിച്ചാൽ എന്ത് ചെയ്യണമെന്ന് അറിയാമെന്നും ഉബൈദ് ഭീഷണിപ്പെടുത്തുന്ന ഫോൺ റെക്കോർഡ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ ഞങ്ങൾ 'കാര്യങ്ങൾ നടത്തും' എന്നും ഉബൈദ് ഭീഷണി ഉയർത്തുന്നുണ്ട്.