തിരുവനന്തപുരം: കണ്ണൂരിൽ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഒരാൾ കൂടി കൊലക്കത്തിക്ക് ഇരയായി. ശുഹൈബ് എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെയാണ് ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷത്തിനിടെ 300ലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ഇപ്പോഴും രാഷ്ട്രീയത്തിന്റെ പേരിലുള്ള വൈരം തീർക്കലുകൾ യഥേഷ്ടം തുടരുകയാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ രണ്ട് തട്ടിൽ പലപ്പോഴുമുള്ളത് സിപിഎമ്മും ബിജെപിയുമാണ്. ഇവരുടെ വൈരം തീർക്കലിനിടയിൽ കോൺഗ്രസിനൊന്നും കാര്യമായ റോളില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് ഒരു കോൺഗ്രസുകാരനാണ്. താൻ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി പ്രവർത്തിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്.

പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഎം അധികാരത്തിൽ വന്ന ശേഷം ഇതിനോടകം കേരളത്തിൽ 24 പേരാണ് രാഷ്ട്രീയത്തിന്റെ പേരിൽ കൊല ചെയ്യപ്പെട്ടത്. ഇങ്ങനെ കൊല ചെയ്യപ്പെട്ടവർ ഏറെയും ബിജെപി പ്രവർത്തകരോ, സിപിഎമ്മുകാരോ ആണ്. എസ്ഡിപിഐ പ്രവർത്തകരും ഇങ്ങനെ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ശുഹൈബിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകനാണ് എന്ന കാര്യത്തിൽ പൊലീസ് ഉറച്ചു പറഞ്ഞിട്ടില്ല. എന്നാൽ, സിപിഎമ്മിന്റെ ഹിറ്റ്‌ലിസ്റ്റിൽ യുവാവ് ഉണ്ടായിരുന്നു എന്നത്് വാസ്തവമാണ്.