അബുദാബി: മുസാഫയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടയിൽ മലയാളി മരിച്ചു. അഞ്ചുവർഷമായി അബുദാബിയിലെ പ്രശസ്ത ടെലികോം കമ്പനിയിൽ ജോലി ചെയ്തുവന്നിരുന്ന ആലപ്പുഴ മിത്രക്കരി സ്വദേശിയായ ജയ്‌മോൻ സേവ്യർ (30) ആണ് ഉറക്കത്തിനിടയിൽ മരിച്ചത്. മുസാഫയിൽ സുഹൃത്തുക്കൾക്കൊപ്പം ഷെയറിങ് അക്കോമഡേഷനിലായിരുന്നു ജെയ്‌മോൻ താമസിച്ചിരുന്നത്.

പൂർണ ആരോഗ്യവാനായ ജെയ്‌മോനെ മരണം പെട്ടെന്നു വിളിച്ചത് സുഹൃത്തുക്കൾക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പതിവു പോലെ രാത്രി ഉറങ്ങാൻ കിടന്ന ജെയ്‌മോൻ പിറ്റേന്ന് രാവിലെ മരിച്ചു കിടക്കുന്നതായാണ് സുഹൃത്തുക്കൾ കാണുന്നത്. നാട്ടിൽ അവധിക്കു പോയ ജെയ്‌മോൻ കഴിഞ്ഞാഴ്ചയാണ് തിരികെയെത്തിയത്. വിസാ സ്റ്റാമ്പ് ചെയ്യുന്നതിനായി മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ജെയ്‌മോന് ശാരീരികാസ്വസ്ഥതകൾ ഒന്നുമില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

മറ്റു മൂന്നു സുഹൃത്തുക്കൾക്കൊപ്പമാണ് ജെയ്‌മോൻ താമസിച്ചുവന്നിരുന്നത്. പതിവു പോലെ രാവിലെ രണ്ടു സുഹൃത്തുക്കൾ എഴുന്നേറ്റ് ജോലിക്കു പോകുകയും ചെയ്തു. മൂന്നാമത്തെയാൾ ഉണർന്ന് ജോലിക്കുപോകാനൊരുങ്ങിയപ്പോൾ ഉറങ്ങിക്കിടന്ന ജെയ്‌മോനെ വിളിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുവെങ്കിലും മരിച്ചെന്ന് കണ്ടെത്തുകയായിരുന്നു. സുഹൃത്ത് ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം അബുദാബി ഖാലിഫ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആലപ്പുഴ മിത്രക്കരിയിൽ കൊച്ചുപുരയ്ക്കൽ സേവ്യറിന്റെയും കുഞ്ഞമ്മയുടേയും മകനാണ് ജെയ്‌മോൻ. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിവരവേയാണ് ജെയ്‌മോനെ വിധി തട്ടിയെടുത്തതെന്ന് സുഹൃത്തുക്കൾ ഓർമിക്കുന്നു. മരണം സംബന്ധിച്ച് തർക്കങ്ങൾ ഒന്നും നിലവിലില്ലാത്തതിനാൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പറയുന്നു.