കോതമംഗലം: കവളങ്ങാടിന് സമീപം കൊട്ടാരംമുടി (പീച്ചാട്ടുമല) കയറാൻ പോയ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. നേര്യമംഗലം നീണ്ടപാറ ഡബിൾകുരിശ് മീമ്പാട്ട് റെന്നി-ജയ ദമ്പതികളുടെ മകൻ ജെറിനാണ്(21)മരണപ്പെട്ടത്. യുവാവ് മരണപ്പെട്ടത് ഹൃദയവാൽവിന്റെ തകരാർ മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും വ്യാപകമായ ആവശ്യം ഉയരുന്നതിനിടെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നത്.

ജെറിനും സുഹൃത്തുക്കളായ നേര്യമംഗലം സ്വദേശി അഖിൽ, ചെമ്പൻകുഴി സ്വദേശി അഭി ബിജു എന്നിവരും ശനിയാഴ്ച രാത്രി 9.30-ഓടെയാണ് മലകയറാൻ പുറപ്പെട്ടത്. 700 അടിയോളം ഉയരമുള്ള മലമുകളിൽ പന്ത്രണ്ടോടെ ഇവരെത്തി. ഞായറാഴ്ച പുലർച്ചെ മൂന്നോടെ ജെറിൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചോൾ, കൂടെയുള്ളവർ ചുമന്ന് താഴെ എത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന്, പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടിയതിനെ തുടർന്ന് കോതമംഗംലം സ്റ്റേഷനിലെ കൺട്രോൾ റൂം വെഹിക്കിൾ ടീം വാഹനവുമായി പുലർച്ചെ 4 മണിയോടടുത്ത് കവളങ്ങാട് എത്തി.

ഇവിടെ നിന്നും അരമണിക്കൂറിലേറെ നടന്ന്, മലമുകളിലെത്തിയാണ് റെജിൻ ഉൾപ്പെട്ട സംഘത്തെ പൊലീസുകാർ കണ്ടെത്തുന്നത്. ജെറിനെ താങ്ങിയെടുത്ത് താഴെ എത്തിക്കാൻ പോസീസ് സംഘം പാടുപെട്ടു. മദ്യലഹരിയിലായിരുന്ന ജെറിന്റെ കൂട്ടുകാരെ സുരക്ഷിതമായി താഴെ എത്തിച്ചതും പൊലീസ് സംഘമാണ്. പുലർച്ചെ 4.50 -തോടെ പൊലീസ് ജെറിനെ കോതമംഗലത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ പോസ്റ്റുമോർട്ടം നടത്തി മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു.

ജെറിനെ നേരത്തെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നെന്ന വാദഗതികളുമായി പ്രദേശവാസികൾ അടക്കം രംഗത്തെത്തി. കൂടെയുണ്ടായിരുന്നവർ മദ്യലഹരിയിൽ ആയിരുന്നതിനാൽ ജെറിന്റെ അസ്വസ്തത അറിയാൻ വൈകിയെന്നും അറിഞ്ഞപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കാൻ മാർഗ്ഗമില്ലാതെ പോയത് മരണത്തിന് കാരണമായെന്നുമാണ് നാട്ടുകാരിൽ ഒരു വിഭാഗം പറയുന്നത്.

നേര്യമംഗലത്ത് പെട്രോൾ പമ്പിലെ ജീവനക്കരനാണ് മരണമടഞ്ഞ ജെറിൻ.ശനിയാഴ്ച രാത്രി 9 മണിയോടെ ജോലി അവസാനിപ്പിച്ച് ജെറിൻ പമ്പിൽ നിന്നും ഇറങ്ങിയിരുന്നു.തുടർന്ന് വീട്ടുകാരെ വിളിച്ച് സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിന് പോകുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇതിനുശേഷമായിരിക്കാം മലകയറിയതെന്നാണ് പൊലീസിന്റെ അനുമാനം.

കൂടെയുണ്ടായിരുന്നവരെ ഊന്നുകൽ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. രാത്രി ഇവർ മലകയറാൻ പോയതിനു പിന്നിലെ കാരണം അവ്യക്തമാണ്. ഹൃദയവാൽവിന് ജന്മനായുള്ള തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനമെന്ന് പൊലീസ് സൂചിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. മാതാവ്: ജയ. സഹോദരി: ജെനീറ്റ.