ഓക്‌ലൻഡ്: ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപ്പിച്ച് സെർബിയ ലോക യൂത്ത് ഫുട്‌ബോൾ കിരീടം സ്വന്തമാക്കി. എക്‌സ്ട്രാ ടൈമിൽ മാക്‌സിമോവിക്കാണ് സെർബിയയുടെ വിജയഗോൾ നേടിയത്.

ആദ്യ പകുതിയിൽ മുന്നേറ്റത്തിൽ ബ്രസീൽ തിളങ്ങിയെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞുനിന്നു. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങളുള്ളപ്പോൾ സെർബിയയുടെ സ്റ്റാനിസ മാൻഡിക് സെർബിയയെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ആൻഡ്രിയാസ് പെരേരയുടെ ഗോളിലൂടെ ബ്രസീൽ തിരിച്ചടിച്ചതോടെ കളി അധികസമയത്തേക്ക് നീണ്ടു. എക്‌സ്ട്രാ ടൈം അവസാനിക്കാൻ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെസ്വപ്‌നതുല്യമായ വിജയമുറപ്പിച്ച് മാക്‌സിമോവിക്ക് സെർബിയയുടെ രണ്ടാം ഗോൾ സ്‌കോർ ചെയ്തത്.

സ്വാതന്ത്ര്യം നേടിയ ശേഷം സെർബിയ നേടുന്ന ആദ്യ ഫുട്‌ബോൾ കിരീടനേട്ടമാണിത്. നേരത്തെ യൂഗോസ്ലാവിയയുടെ ഭാഗമായാണ് സെർബിയ മത്സരത്തിന് ഇറങ്ങിയിരുന്നത്.