ദേശീയതയുടെ പേരിൽ നടന്നു കൊണ്ടിരിക്കുന്ന ഉന്മാദ ദേശീയതക്കെതിരെ മാനവികത ഉയർത്തിപ്പിടിച്ച് പ്രതിരോധം തീർക്കണമെന്ന് യൂത്ത്‌ഫോറം 'ദേശം, ദേശീയത; വിമർശനവും വിശകലനവും' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചർച്ച സദസ്സ് അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും കോളനി വിരുദ്ധ പോരാട്ടനാളുകളിലും ഏറെ സഹായിച്ച ഒരു ഘടകമായിരുന്നു ദേശീയത. ഗുണകരമായിട്ടാണ് ഇന്ത്യൻ ജനതയെ ദേശീയത സ്വാധീനിച്ചത്. പക്ഷെ ഇന്നത്തെ ഉന്മാദ ദേശീയത രാജ്യത്തെ ദളിത് ന്യൂനപക്ഷങ്ങളെ വേട്ടയാടാനാണ് ഉപയോഗിക്കപ്പെടുത്തുന്നത്. ഇത് ഇന്ത്യയുടെ അഘണ്ഠതയ്ക്കാണ് പരിക്കേല്പിക്കുന്നത്. ഇന്ന് എല്ലാ അനീതികളുടെയും ഒരൊറ്റ മറുപടി ദേശീയതയായി മാറിയിരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. മനുഷ്യനെന്ന നിലയിലും ഒരു പൗരനെന്ന നിലയിലും ലഭിക്കേണ്ട അവകാശങ്ങൾ ഈ ഉന്മാദ ദേശീയതയുടെ മറവിൽ ഹനിക്കപ്പെടുകയാണ്. പുതിയ കാലത്ത് ഇതിനെ ഒരു വിഭാഗം ജനങ്ങളെ അപരവത്കരിക്കാനുള്ള ആയുധമാക്കി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ദേശീയത ഭ്രാന്തമായി ഉയർന്നു വന്നിടത്തൊക്കെ അതിന്റെ തിക്ത ഫലങ്ങൾ മാത്രമേ ആ രാജ്യത്തിനു സമ്മാനിച്ചിട്ടുള്ളൂ. മനുഷ്യന്റെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ളവർ ഒറ്റക്കെട്ടായി അണിനിരക്കണം. മനുഷ്യൻ എന്ന പരിഗണന നൽകി സ്‌നേഹത്തിലും സൗഹാർദ്ദത്തിലും കഴിയുന്ന ഇടങ്ങളിൽ മാത്രമേ പുരോഗതി കൈവരൂവെന്നും ചർച്ച സദസ്സിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

യൂത്ത്‌ഫോറം സെക്രട്ടറി അസ്ലം ഇരാറ്റുപേട്ട അദ്ധ്യക്ഷത വഹിച്ചു. ജസീം ചേരാപുരം, ജഫ്ല ഹമീദുദ്ദീൻ, സുഹൈൽ അബ്ദുൽ ജലീൽ, കെ.പി. ലുഖ്മാൻ തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു. യൂത്ത്‌ഫോറം സെക്രട്ടറി തൗഫീഖ് അബ്ദുല്ല, ജമാൽ, മുഹമ്മദ് റാഫിദ് തുടങ്ങിയവർ സംസാരിച്ചു.