ദോഹ: ഖത്തറിൽ ഈ വർഷം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരാൻ പോകുന്ന പുതിയ തൊഴിൽ നിയമത്തെ കുറിച്ച് പ്രവാസികളെ ബോധവത്കരിക്കുന്നതിനായി യൂത്ത്‌ഫോറത്തിന്റെ കരിയർ അസിസ്റ്റൻസ് വിഭാഗമായ കെയർ ദോഹ ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ അഭിഭാഷകൻ അഡ്വക്കറ്റ് നിസാർ കോച്ചേരി ശില്പശാലക്ക് നേതൃത്വം നൽകി.

നിലവിലെ തൊഴിൽ നിയമങ്ങളിലും സ്‌പോൺസർ ഷിപ്പ് വ്യവസ്ഥയിലും കാതലായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന പുതിയ നിയമം ഡിസംബറിൽ പ്രാബല്യത്തിൽ വരുമെന്നും നിയമത്തെ കുറിച്ച് ഇപ്പോൾ പുറത്ത് വന്ന വാർത്തകളിലെ അവ്യക്തതകൾ പുതിയ പ്രഖ്യാപനത്തോടെ മാറുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമത്തിലെ വ്യവസ്ഥകളെ കുറിച്ച് ആഴത്തിൽ മനസിലാക്കിയ ശേഷം മാത്രമേ തൊഴിൽ മാറ്റത്തിനും മറ്റുമൊക്കെ ശ്രമിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് വിവിധ വിഷയങ്ങളിൽ സദസ്യർക്കുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

കെയർ ദോഹ സംഘടിപ്പിപ്പ് വരുന്ന കരിയർ കഫെയുടെ പ്രതിമാസ ടോക്ക് സീരീസിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കെയർ ഡയറക്ടർ മുനീർ ജലാലുദ്ദീൻ, കെയർ സെന്റ്രൽ കോഡിനേറ്റർ മുബാറക് മുഹമ്മദ്, പ്രോഗ്രാം വിങ്ങ് കോഡിനേറ്റർ ഷഹിൻ കൈതയിൽ എജ്യുക്കേഷൻ വിങ്ങ് കോഡിനേറ്റർ റഹീസ് ഹമീദുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.