ദോഹ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇരുപത്തി മൂന്നാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷൻസിൽ 93 പോയിന്റുകൾ നേടി എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി.

42 പോയിന്റുകൾ നേടിയ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ രണ്ടാം സ്ഥാനവും 32 പോയിന്റുകൾ നേടി ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐഡിയൽ ഇന്ത്യൻ സ്‌കൂളിലെ 9 വേദികളിലായി നടന്ന മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഖത്തറിലെ പതിനൊന്ന് ഇന്ത്യൻ സ്‌കൂളുകളിൽ നിന്നായി 600 ഓളം വിദ്യാർത്ഥി-വിദ്യാർത്ഥിനികളാണ് പ്രസംഗം, കഥ പറയൽ, പ്രബന്ധരചന, ഖുർആൻ പാരായണം, ക്വിസ്, ഖുർആൻ മന:പാഠം, കൊളാഷ്, തുടങ്ങിയ ഇനങ്ങളിലായി പങ്കെടുത്തത്.

ദോഹ മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സിഐ.ഡി) സഹകരിച്ച് നടത്തിയ നാലാമത് ഇന്റർ സ്‌കൂൾ ഡിബേറ്റും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി. ഡിബേറ്റിൽ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ ഒന്നാമതെത്തിയപ്പോൽ ബിർള പബ്ലിക് സ്‌കൂൾ, ശാന്തിനികേതൻ സ്‌കൂളുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കോളേജ് ഓഫ് നോർത്ത് അറ്റ്‌ലാന്റിക് - ഖത്തറിലെ സ്‌കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ് വിഭാഗത്തിൽ നേതൃ പരിശീലകനായ ജെറാർഡ് ഡൊമിനിക് മോഡറേറ്ററായി. ഡി.ഐ.സിഐ.ഡി. എക്‌സിക്യൂട്ടീവ് മാനേജർ യൂസുഫ് അബ്ദുല്ല അൽസുബായ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

യൂത്ത്‌ഫോറം പ്രസിഡണ്ട് ജംഷീദ് ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു. ഇന്റർ സ്‌കൂൾ കോമ്പറ്റീഷൻസ് ജനറൽ കണവീനർ മുഹമ്മദ് ഷബീർ സ്വാഗതം പറഞ്ഞു. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡണ്ട് കെ. സി. അബ്ദുൽ ലത്വീഫ്, സ്റ്റുഡന്റസ് ഇന്ത്യവൈസ് പ്രസിഡണ്ട് ഉസാമ ഹാഷിം, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ വൈസ്പ്രിൻസിപ്പൾ ശിഹാബുദ്ധീൻ പുലത്ത്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുകയും വിജയികൾക്കുള്ള ഉപഹാരങ്ങളും ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫികളും സമ്മാനിക്കുകയും ചെയ്തു.