ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് യൂത്ത്‌ഫോറം സംഘടിപ്പിച്ച പ്രവാസി കായികമേള സമാപിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 33 ടീമുകളെ പ്രതിനിധീകരിച്ച് 400 കായികതാരങ്ങളാണ് ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിലും ഗെയിംസ് ഇനങ്ങളിലുമായി പങ്കെടുത്തത്. അവസാന നിമിഷം വരെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ ലഖ്ത്ത, മുഗളിന, യർമൂഖ് ടീമുകൾ ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു. അസ്മഖ്, ഐൻ ഖാലിദ് ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥനങ്ങൾ കരസ്ഥമാക്കി. ബെസ്റ്റ് ഡിസിപ്ലിൻ ടീമായി ഇൻഡ്‌സ്ട്രിയൽ ഏരിയയെയും മികച്ച ടീം മാനേജർ ആയി ബർവ സിറ്റിയുടെ ഫുആദ് ഇബ്രാഹീമിനെയും തെരഞ്ഞെടുത്തു.

രാവിലെ കായികമേളയോടനുബന്ധിച്ച് വർണാഭമായ മാർച്ച് പാസ്റ്റ് അരങ്ങേറി. ഇന്ത്യയുടെ വൈവിധ്യവും അഖണ്ഡതയും പ്രതിപാദിക്കുന്നതും ഖത്തറിൽ ്നടക്കാൻ പോകുന്ന 2022 ഫുട്ബോൾ ലോകകപ്പിനോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുമുള്ള നിശ്ചല ദൃശ്യങ്ങൾ, ഒപ്പന, കോൽക്കളി ഉൾപ്പടെ വിവിധ കലാരൂപങ്ങൾ തുടങ്ങിയവ മാർച്ച് പാസ്റ്റിനു കൊഴുപ്പേക്കി. ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുസ്സലാം സല്യ്യൂട്ട് സ്വീകരിച്ചു, ടീം ക്യാപ്റ്റന്മാരെ പരിചയപ്പെട്ടു. ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ സെക്രട്ടറി ആർ.എസ് ജലീൽ, കൾച്ചറൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി യാസർ കെ.സി. സ്പോർട്സ് ആക്റ്റിവിസ്റ്റ് ഷിയാസ് കൊട്ടാരം തുടങ്ങിയവർ പങ്കെടുത്തു. യൂത്ത്‌ഫോറം പ്രസിഡന്റ് എസ്.എ. ഫിറോസ് കായിക മേളയുടെ പതാക ഉയർത്തി.

വൈകീട്ട് നടന്ന സമാപന സംഗമം യൂത്ത്‌ഫോറം പ്രസിഡന്റ് എസ്.എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ടുമാരായ ഷാനവാസ് ഖാലിദ്, സലീൽ ഇബ്രാഹീം, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, സെക്രട്ടറിമാരായ അസ്ലം ഈരാറ്റുപേട്ട, തൗഫീഖ് അബ്ദുല്ല, പ്രവാസി കായിക മേള ജനറൽ കൺവീനർ തസീൻ അമീൻ, അസിസ്റ്റന്റ് കൺവീനർ സുനീർ പുതിയോട്ടിൽ, യൂത്ത്‌ഫോറം കേന്ദ്ര സമിതിയംഗങ്ങളായ അനൂപ് അലി, റബീഅ് സമാൻ, നൗഷാദ് വടുതല, മുനീർ ജലാൽ, സുബൈർ കടന്നമണ്ണ, അൻവർ സാദത്ത് തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. ഓസ്‌കാർ കാർ ആക്‌സസറീസ് മുഖ്യ പ്രായോജകരായിരുന്നു.