പ്രവാസികൾക്ക് അവർ ജീവിക്കുന്ന രാജ്യങ്ങളിൽ നിന്നു തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാവുന്ന രീതിയിൽ ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുമെന്ന കേന്ദ സർക്കാറിന്റെ പുതിയ തീരുമാനത്തെ യൂത്ത് ഫോറം സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു.

ന്ത്യൻ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്ന ഒരു 'വിശ്വസനീയ സ്രോതസ് എന്ന നിലക്കാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ഇന്ത്യൻ പ്രവാസികളെ ലോകം നോക്കിക്കാണുന്നതും അതാണു യാഥാർത്ഥ്യവും. പ്രവാസികളിൽ ഭൂരിഭാഗവും നാടിന്റെ രാഷ്ട്രീവും സാസ്‌കാരികവും പ്രാദേശികവുമായ സ്പന്ദനങ്ങൾക്കൊപ്പം ജീവിക്കുന്നവരാണ്. ടെക്‌നോളജിയും സാങ്കേതിക വിദ്യകളും വികസിച്ച ഒരു കാലഘട്ടത്തിൽ പ്രാതിനിധ്യാവകാശം പോലുള്ള പൗരാവകാശങ്ങൾ പ്രവാസികൾക്ക് കാലങ്ങളായി ലംഘിക്കപ്പെടുന്നത് പ്രത്യേകിച്ചും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സംഭവിക്കാൻ പാടില്ലാത്തതാണ്.

പ്രവാസികളുടെ വോട്ടവകാശത്തിനായുള്ള മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രഖ്യാപനങ്ങളും പുത്തരിയല്ല. വാഗ്ദാനങ്ങൾക്കും വാചാടോപങ്ങൾക്കുമപ്പുറം ഇത് നടപ്പിലാക്കാനുള്ള നിയമപരിഷ്‌കരണം അടക്കമുള്ളവക്കുള്ള ഇഛാശക്തി കാണിക്കുക എന്നതാണ് പ്രധാനം. കാലങ്ങളായി ആവശ്യപ്പെടുന്ന പ്രവാസി വോട്ടവകാശത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് ഇപ്പോളുണ്ടായിരിക്കുന്ന അനുകൂലമായ തിരുമാനം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിലും നിയമ നിർമ്മാണ സംവിധാനങ്ങളിലും മറ്റും പ്രവാസികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനുതകുന്നതാവട്ടെയെന്ന് യൂത്ത് ഫോറം പ്രത്യാശിക്കുന്നു. പ്രസിഡണ്ട് എസ്.എ. ഫിറോസ്, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട, മീഡിയ സെക്രട്ടറി റബീഹുസ്സമാൻ എന്നിവർ സംസാരിച്ചു.