കുമരകം: കോട്ടയത്ത് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനത്തിൽ കൈകൊണ്ടടിച്ച് ശബ്ദമുണ്ടാക്കിയ ശേഷം ഓടിപ്പോയ യുവാവിനെ പാടത്തു മരിച്ച നിലയിൽ കണ്ടെത്തി. വെച്ചൂർ വാടപ്പുറത്തുചിറ ആന്റപ്പന്റെ മകൻ ജിജോ ആന്റണി (27)യാണു മരിച്ചത്. സംഭവം ദുരൂഹമാണെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

ജില്ലാ പൊലീസ് മേധാവിയുടെ ഇന്നോവ കാർ ഞായറാഴ്ച രാത്രി എട്ടരയോടെ കുമരകം ബാങ്ക് പടിക്കടുത്ത് എ.ടി.എമ്മിനു സമീപം നിർത്തിയിട്ടിരുന്നപ്പോഴായിരുന്നു യുവാവ് വാഹനത്തിൽ കൈകൊണ്ട് ഇടിച്ചുശബ്ദമുണ്ടാക്കിയത്. ഐജി ഡി.ശിൽപയെ റിസോർട്ടിൽ ഇറക്കിയ ശേഷം മടങ്ങിയ പൊലീസ് ഉദ്യോഗസ്ഥർ ബാങ്ക്പടിക്കു സമീപം എടിഎമ്മിൽ പണം എടുക്കാൻ കയറി. ഗൺമാനും ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. ഈ സമയം ബൈക്കിൽ എത്തിയ ജിജോ പൊലീസ് വാഹനത്തിൽ കൈ കൊണ്ട് അടിച്ചു. റോഡിൽ പാർക്ക് ചെയ്തതിന് അസഭ്യം പറഞ്ഞ് വാഹനത്തിന്റെ വാതിൽ തുറക്കാനും ശ്രമിച്ചുവെന്നു പൊലീസ് പറഞ്ഞു.

സംഭവം കണ്ട് കാറിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കാറിൽനിന്നു ചാടിയിറങ്ങിയതോടെ ജിജോ സമീപത്തുള്ള ലക്ഷ്മി റിസോർട്ടിലേക്കു ഓടി മറയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബൈക്കിൽ രക്ഷപെടുകയും ചെയ്തു. പൊലീസുകാർ റിസോർട്ടിലേക്കു തിരക്കിച്ചെന്നപ്പോൾ അവിടെത്ത ബാറിൽ മദ്യപിക്കുകയായിരുന്നു യുവാവ്. പൊലീസിനെ കണ്ട് ഇയാൾ ഇറങ്ങിയോടുകയായിരുന്നു.

രാത്രി 11.30ന് ഹോട്ടലിനു സമീപത്തെ പാടശേഖരത്തെ ചാലിൽ ഒരാൾ കിടക്കുന്നതായി ഹോട്ടൽ ജീവനക്കാർ പൊലീസിൽ അറിയിച്ചു. പൊലീസ് ജിജോയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മതിലിൽനിന്നു ചാടിയ ജിജോ 12 അടി താഴ്ചയിലേക്കാണു വീണതെന്നു പൊലീസ് പറഞ്ഞു. മൃതദേഹം ചാലിൽ കമഴ്ന്ന നിലയിലാണ്. ജിജോ വന്ന ബൈക്കിന്റെ നമ്പർ പൊലീസിനു ലഭിച്ചു.

ജിജോയുടെ പേരിൽ മറ്റൊരു കേസുള്ളതായി പൊലീസ് പറഞ്ഞു. ഗൾഫിൽ ജോലി ചെയ്തിരുന്ന ജിജോ നാട്ടിലെത്തിയ ശേഷം ഇടയ്ക്കു ഹൗസ് ബോട്ടിൽ ജോലിക്ക് പോകാറുണ്ടായിരുന്നു. കുമരകം സിഐ: ടി. മനോജിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ജെയ്നമ്മയാണു ജിജോയുടെ മാതാവ്. സഹോദരൻ: ജോജി.