കാസർകോഡ്: വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ വാഹനത്തിനടുത്തേക്ക് വന്ന് പരിശോധന നടത്തണമെന്നാണ് ഡിജിപിയുടെ നിർദ്ദേഹം. എന്നാൽ, കാറിൽ സഞ്ചരിച്ച കുടുബത്തെ തടഞ്ഞുനിർത്തിയ പൊലീസ് യുവാവിന്റെ തല അടിച്ചുപൊട്ടിച്ചതായി പരാതി.കാസർകോഡ് കുമ്പള പൊലീസാണ് അക്രമം നടത്തിയത്.

മരണ വീട്ടിൽ നിന്ന് മടങ്ങിയ സിറാജിനാണ് പൊലീസിൽ നിന്നും ക്രൂരമർദ്ദനം അനുഭവിക്കേണ്ടി വന്നത്. ഇത് കണ്ടു നിന്ന സിറാജിന്റെ മുത്തശ്ശി ആലിമ (90) ബോധരഹിതയായി വീണ് പരിക്കേറ്റു. കാറിൽ ഇവരെ കൂടാതെ സിറാജിന്റെ പിതാവ് അബ്ദുല്ല (70), ഖദീജ (60) എന്നിവരും ഉണ്ടായിരുന്നു. മണിയം പാറയിലെ മരണവീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ ഞായറാഴ്ച രാവിലെ 9.50നാണ് അംഗഡിമുഗൾ സ്‌കൂളിനടുത്ത് വാഹന പരിശോധന നടത്തുകയായിരുന്ന അഡീഷണൽ എസ്‌ഐ ശിവദാസനാണ് സിറാജിനെ മർദ്ദിച്ചത്.

സിറാജിന്റെ മുത്തശ്ശി ആലിമയ്ക്ക് മരണ വീട്ടിൽ നിന്നും തലകറക്കമുണ്ടായതിനാൽ അവിടെ നിന്ന് മടങ്ങുകയായിരുന്നു. ഇതിനിടെ വാഹന പരിശോധന നടത്തുന്ന പൊലീസ് സംഘം കാറിന് കൈ കാണിച്ചുനിർത്തി. ഇറക്കത്തിലാണ് പൊലീസ് വാഹന പരിശോധന നടത്തിയിരുന്നത്.

കാറിൽ നിന്നിറങ്ങി രേഖകളുമായി എസ്‌ഐയുടെ അടുത്ത് ചെല്ലാൻ അടുത്തുണ്ടായിരുന്ന പൊലീസുകാരൻ ആവശ്യപ്പെട്ടു. എന്നാൽ പ്രായമുള്ളവരാണ് കാറിലുള്ളതെന്നും ഹാൻഡ്‌ബ്രേക്കിൽ നിർത്തിയ കാർ നിരങ്ങിപ്പോയി അപകടസാധ്യതയുണ്ടെന്നും എസ്‌ഐയോട് ഇവിടേക്ക് വരാൻ പറ്റുമോ എന്നും ചോദിച്ചു.

ഇതിൽ പ്രകോപിതനായ എസ്‌ഐ ശിവദാസൻ 'എന്തുവാടോ നിനക്ക് കൊമ്പുണ്ടോ ഇറങ്ങിവന്നൂടെ' എന്ന് ആക്രോശിച്ചു കാറിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. 'ഇത് നിന്റെ മോൻ തന്നെയാണോ' എന്ന് പിതാവിനോടും ചോദിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് എസ്‌ഐ സിറാജിനെ പിടിച്ച് കാറിൽ തലയിടിച്ച് പൊട്ടിച്ചത്.

സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും ആർസി ബുക്ക് ഇല്ലാത്തതിനും കാർ കസ്റ്റഡിയിൽ എടുക്കാനും പൊലീസ് ശ്രമിച്ചു. എന്നാൽ താൻ പിഴയടക്കാമെന്നും പ്രായമുള്ളവരാണ് കാറിലുള്ളതെന്നും ആർസി ബുക്ക് കിട്ടിയില്ലെന്നും ഒരു മാസം മുമ്പാണ് കാർ രജിസ്റ്റർ ചെയ്തതെന്നും അറിയിച്ചിരുന്നു.

സിറാജിന്റെ തലപൊട്ടി രക്തമൊലിക്കുന്നത് കണ്ടതോടെയാണ് മുത്തശ്ശി ആലിമ ബോധരഹിതയായത്. തുടർന്ന് നാട്ടുകാർ ഇടപെട്ടതോടെയാണ് സിറാജിനെയും ആലിമയേയും അതേ കാറിൽ ആശുപത്രിയിൽ എത്തിച്ചത്.