കൊപ്പം (പട്ടാമ്പി) : ഒരേ വയറ്റിൽ പിറന്നിട്ടും മക്കളെ വേർതിരിച്ച് കാണുന്ന മാതാപിതാക്കൾക്ക് എന്നും ഒരു ഓർമ്മപ്പെടുത്തലായിരിക്കും പട്ടാമ്പിയിൽ നടന്ന ക്രൂരമായ കൊലപാതകം. കഴിഞ്ഞ ദിവസമാണ് ഒൻപതു വയസും ഏഴ് വയസുമുള്ള സഹോദരങ്ങളെ 23കാരനായ മൂത്ത സഹോദരൻ ആക്രമിച്ചത്. സംഭവത്തിൽ ഒൻപതു വയസുകാരൻ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. ഏഴ് വയസുകാരൻ അഹമ്മദ് ഇബ്രാഹിം ഗുരുതരമായ പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂർക്കപ്പറമ്പ് പാട്ടാരത്തിൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇബ്രാഹിമാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ നബീൽ ഇബ്രാഹിമിനെ(23) പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്‌ച്ച അർധരാത്രിയോടെയായിരുന്നു നടുക്കുന്ന സംഭവം അരങ്ങേറിയത്. കൂർക്കപ്പറമ്പിലെ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്നു സഹോദരങ്ങൾ. ഇവരെ തന്റെ മുറിയിൽ എത്തിച്ച ശേഷം നബീൽ ക്രൂരമായി കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ വീട്ടിൽ നിന്നും വലിയ ശബ്ദം കേട്ട് സമീപവാസികൾ ഉണരുകയും വന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടികളെ കാണുകയുമായിരുന്നു.

അയൽവാസികൾ ചേർന്ന് കുട്ടികളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് ഇബ്രാഹിം മരിച്ചു. നെഞ്ചിലും കഴുത്തിലും ആഴത്തിലുള്ള 5 മുറിവുകളാണേറ്റത്. നെഞ്ചിലേറ്റ മൂന്ന് ഇഞ്ചിൽ അധികം ആഴത്തിലുള്ള മുറിവുകളാണ് മുഹമ്മദ് ഇബ്രാഹിമിന്റെ ശരീരത്തിലുണ്ടായതെന്നും ഹൃദയത്തിൽ ആഴത്തിലേറ്റ കുത്ത് കാരണം നിമിഷങ്ങൾക്കകം തന്നെ കുട്ടി മരിച്ചെന്നും ഡോക്ടർമാർ അറിയിച്ചു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച നബീൽ ഇബ്രാഹിമിനെ നാട്ടുകാർ പിടികൂടി വളാഞ്ചേരി പൊലീസിന് കൈമാറി.

അഹമ്മദിന്റെ നെഞ്ചിലാണു കുത്തേറ്റതെങ്കിലും അപകടനില തരണം ചെയ്തു.മാതാപിതാക്കൾക്ക് ഇളയ മക്കളോടു കൂടുതൽ സ്‌നേഹമുണ്ടെന്ന തോന്നലാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു. കോയമ്പത്തൂരിലെ കോളജിൽ മൈക്രോ ബയോളജി അവസാന വർഷ വിദ്യാർത്ഥിയാണു നബീൽ.

കൊപ്പം എസ്‌ഐ എം.ബി. രാജേഷും പാലക്കാട്ടുനിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലം പരിശോധിച്ചു. മരിച്ച മുഹമ്മദ് ഇബ്രാഹിം തിരുവേഗപ്പുറ നരിപ്പറമ്പ് ഗവ. യുപി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയും അഹമ്മദ് ഇബ്രാഹിം നെടുങ്ങോട്ടൂർ എഎൽപി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ഇതേ സ്‌കൂളിലെ അദ്ധ്യാപിക സാഹിറയാണു മാതാവ്. സഹോദരി: നജ്വ

പ്രതി കഞ്ചാവിന് അടിമയാണോ എന്നും സംശയം

പ്രതി നബീൽ ഇബ്രാഹിം കഞ്ചാവിന് അടിമയാണോ എന്ന കാര്യം പരിശോധിക്കും. കൊലപാതകം നടന്നത് പുറത്ത് വന്നതിന് പിന്നാലെ ഇയാൾ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടായിരുന്നു എന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു. ഇക്കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.

കോയമ്പത്തൂരിൽ നബീൽ പഠിച്ചിരുന്ന കോളേജ് കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്. ഇയാളുടെ സുഹൃത്തുക്കളേയും അദ്ധ്യാപകരേയും കണ്ട് വിവരങ്ങൾ ശേഖരിക്കുമെന്നാണ് സൂചന.

മാതാപിതാക്കൾ അറിയാൻ

മക്കളെ പുറത്ത് പഠിക്കാൻ വിടുമ്പോൾ അവരുടെ കൂട്ടുകെട്ട് , ജീവിത ശൈലി, പഠനം എന്നിവയെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കുക. പഠനം ദൂരെയാണെങ്കിലും ഇടയ്ക്ക് അവിടേയ്ക്ക് യാത്ര ചെയ്യുന്നത് നന്നായിരിക്കും. അദ്ധ്യാപകരുമായി നിരന്തരം ഫോണിലൂടെയെങ്കിലും ബന്ധപ്പെട്ടുകൊണ്ടിരിക്കുക.

മക്കളുമായി തുറന്ന് സംസാരിക്കുക. അവരെ ശ്രദ്ധിക്കുന്നില്ല എന്ന പരാതി അവരുടെ ഉള്ളിൽ തോന്നരുത്. താൻ ദൂരെ സ്ഥലത്താണെങ്കിൽ വീട്ടിലുള്ള മക്കളേടാണ് വീട്ടുകാർക്ക് സ്‌നേഹം കൂടുതലെന്ന് തോന്നിയേക്കാം. ഇത്തരം തോന്നൽ അവരിലുണ്ടായാൽ അത് മാറ്റിയെടുക്കാൻ മാതാപിതാക്കൾ മറക്കരുത്.