കാസർഗോഡ്: വർഗ്ഗീയതയ്കും അക്രമത്തിനുമെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന യുവജനയാത്രക്ക് നാടെങ്ങും ആവേശകരമായ സ്വീകരണം.

സ്വീകരണ കേന്ദ്രങ്ങളിലും സമാപന യോഗങ്ങളിലും നൂറ്ക്കണക്കിന് യൂത്ത് ലീഗ് പ്രവർത്തകർ ഹരിത പതാകയും തൂവെള്ള വസ്ത്രവുമണിഞ്ഞ് ഒഴുകിയെത്തുകയാണ്. മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളായ കാസർഗോഡ് ജില്ലയിലെ തുടക്കം തന്നെ ആവേശകരമായിരുന്നു. വർഗ്ഗീയ വിരുദ്ധ ക്യാമ്പയിൻ നടത്തുന്ന പല സംഘടനകളുടേയും പ്രവർത്തനം ഉപരിപ്ലവമായി മാറുകയാണെന്നും പ്രായോഗിക തലത്തിൽ അവർ സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തമാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറയുന്നു. എന്നാൽ മുസ്ലിം ലീഗും യൂത്ത് ലീഗും വർഗ്ഗീയ വിരുദ്ധ നിലപാടിൽ പ്രായോഗിക സമീപനമാണ് നടത്താറുള്ളത്.

ഉദുമയിൽ നിന്നും ഇന്ന് രാവിലെ പ്രയാണത്തിന് തുടക്കം കുറിച്ചുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിലിരിക്കുന്നത് ഏത് പാർട്ടിയാണ് എന്ന് നോക്കിയല്ല മുല്ലീം ലീഗ് നിലപാടുകൾ സ്വീകരിക്കുന്നത്. സമാധാന ശ്രമങ്ങൾക്ക് സർക്കാർ ഏതായാലും ഒപ്പം നിന്ന് പ്രവർത്തിക്കുന്ന പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ബാബറി മസ്ജിദ് സംഭവത്തിലും മാറാട് കലാപത്തിലും കേരളത്തെ കലാപ ഭൂമിയാക്കാനുള്ള അവസരമായി ചിലർ കണ്ടിരുന്നു. എന്നാൽ കേരളത്തെ സമാധാനത്തിന്റെ തുരുത്താക്കി മാറ്റാനാണ് മുസ്ലിം ലീഗ് അക്ഷീണം പ്രവർത്തിച്ചത്.

ഇത്തരം ആപൽ ഘട്ടങ്ങളിൽ മുസ്ലിം ചെറുപ്പക്കാരുടെ തീവ്രവികാരങ്ങൾ മുതലെടുത്ത് ലീഗിനെ ക്ഷയിപ്പിക്കാനാണ് ചിലർ ശ്രമിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് പരാജയങ്ങൾ ഏറ്റെടുക്കേണ്ടി വന്നപ്പോഴും മതേതര നിലപാടിൽ നിന്നും മുസ്ലിം ലീഗ് വ്യതി ചലിച്ചില്ല. അതുകൊണ്ടു തന്നെ ലീഗിന്റെ നിലപാടുകൾ പൊതു സമൂഹം ശരിവെക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു. രാവിലെ 9 മണിയോടെയാണ് ഉദുമയിൽ നിന്നും യുവജനയാത്ര ആരംഭിച്ചത്. വൈകീട്ട് ആറിന് കാഞ്ഞങ്ങാട്ടാണ് ഇന്നത്തെ സമാപനം.

ജാഥയിൽ ഉപനായകൻ പി.കെ. ഫിറോസ്, ഡയരക്ടർ എം. എ സമദ്, യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടും കോ-ഓഡിനേറ്ററുമായ നജീബ് കാന്തപുരം, എന്നിവരും പങ്കെടുക്കുന്നുണ്ട്.