തിരുവവന്തപുരം: കോൺ​ഗ്രസ് എംഎൽഎ കെ എസ് ശബരീനാഥിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്. കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചനെന്നാണ് യൂത്ത് ലീഗ് പൂവച്ചൽ മണ്ഡലം കമ്മിറ്റിയുടെ പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നത്. പിന്തുടർച്ചവകാശികളെ വാഴിക്കാൻ കോൺഗ്രസ് ഇനിയും തീരുമാനിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് പ്രമേയത്തിലൂടെ യൂത്ത് ലീ​ഗ് കോൺ​ഗ്രസിന് നൽകുന്നത്.

ശബരീനാഥിന്റെത് ഏകാധിപത്യ ശൈലിയെന്നും പ്രമേയത്തിൽ വിമർശനമുണ്ട്. യുഡിഎഫ് ഘടകകക്ഷികളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് വീർത്ത കുളയട്ടയെന്നും പ്രമേയത്തിൽ. വർഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന ശബരീനാഥ് മതേതര കാഴ്ചപ്പാടുള്ള കോൺഗ്രസിന് ചേർന്നയാളാണോ എന്ന് പരിശോധിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഘടകകക്ഷിയായ മുസ്ലിം ലീഗിനെ പരിഗണിക്കാതെ പൂവച്ചൽ പഞ്ചായത്തിൽ മുഴുവൻ കോൺഗ്രസ് സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചതിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. ശബരീനാഥിനെ അരുവിക്കരയിൽ നിന്ന് തിരിച്ച് വിളിക്കാനും മത്സര രംഗത്ത് നിന്ന് മാറ്റി നിർത്താനും കോൺഗ്രസ് നേതൃത്വം തയാറാകണമെന്നും ആവശ്യം പ്രമേയത്തിലുണ്ട്.