മലപ്പുറം: വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിൽ ആരോപണ വിധേയനായ അദ്ധ്യാപകൻ എൻ.കെ.ഹഫ്‌സൽ റഹ്മാനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്നു പൊലീസ്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇയാളെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണിത്. ഹഫ്‌സൽ വിദേശത്തേക്കു കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. കോഡൂർ ചെമ്മങ്കടവ് പിഎംഎസ്എ എംഎ ഹയർ സെക്കൻഡറി സ്‌കൂളിലെ ഉർദു അദ്ധ്യാപകനും യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ ഹഫ്‌സൽ റഹ്മാനെതിരെ കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂളിലെ 19 കുട്ടികൾ പ്രിൻസിപ്പലിനു പരാതി നൽകിയത്. തുടർന്ന് പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ആരോപണമുന്നയിച്ച വിദ്യാർത്ഥികളുടെ മൊഴിയെടുത്ത പൊലീസ് 3 കുട്ടികളുടെ മൊഴി മജിസ്‌ട്രേട്ടിനു മുമ്പിലും രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരായ വിദ്യാർത്ഥികളുടെ പേരുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിലും അന്വേഷണം നടക്കുന്നുണ്ട്.

സംഘടനയുടെ ശക്തികേന്ദ്രമായ മലപ്പുറത്ത് തന്നെ പീഡനക്കുരുക്കിൽ പെട്ടത് ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് വഴി തടയുന്നതടക്കമുള്ള കടുത്ത സമരം ആരംഭിച്ച യൂത്ത് ലീഗിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഹഫ്‌സൽ റഹ്മാനെതിരെ 19 പെൺകുട്ടികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകനെ സ്‌കൂളിൽനിന്നും സസ്പെന്റ് ചെയ്തതായും സ്‌കൂൾ പ്രിൻസിപ്പൽ കെ ജി പ്രസാദ് നേരത്തെ അറിയിച്ചിരുന്നു. സ്‌കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസറും എംഎസ്എഫിന്റെ മുൻ സംസ്ഥാന ട്രഷറർ കൂടിയായിരുന്നു ഹഫ്സൽ റഹ്മാൻ.

നവംബർ ആറിന് നടന്ന കരകൗശല വസ്തുക്കളുടെ നിർമ്മാണ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ മറ്റൊരു സ്‌കൂളിലെ വിദ്യാർത്ഥിനിയെ മുറിയിലേക്കു വിളിച്ച് ഇയാൾ കടന്നുപിടിച്ചിരുന്നു. കുതറിയോടിയ വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അദ്ധ്യാപകർ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് സംഭവം പുറത്തായത്. അദ്ധ്യാപകൻ അപമര്യാദയായി പെരുമാറിയത് സ്‌കൂളിൽ അറിഞ്ഞതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് അദ്ധ്യാപികമാർ അടങ്ങുന്ന ആന്റി ഹരാസ്മെന്റ് കമ്മിറ്റി മുമ്പാകെ കൂടുതൽ വിദ്യാർത്ഥിനികൾ പരാതി നൽകാൻ തയ്യാറായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം അദ്ധ്യാപകനെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റു ചെയ്ത് ജയിലിൽ അടക്കേണ്ടിവരും. കെ.ടി ജലീലിനെതിരെ യൂത്ത് ലീഗ് സമരം നടത്തുമ്പോൾ നേതാവ് പീഡനക്കേസിൽ കുടുങ്ങി അകത്താകുന്നത് ലീഗിന് കനത്ത തിരിച്ചടിയാകും.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജനയാത്ര ജില്ലയിലെത്തും മുമ്പ് ജില്ലാ വൈസ് പ്രസിഡന്റ് പീഡനക്കേസിൽ കുടുങ്ങിയത് പാർട്ടിക്ക് നാണക്കേടായിരിക്കുകയാണ്. പ്രശ്നം ഡിവൈഎഫ്ഐയും എസ്.എഫ്.ഐയും രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചു കഴിഞ്ഞു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനങ്ങളും നടത്തി. സ്‌കൂളിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ച് പഠിപ്പും മുടക്കിയിരുന്നു. ഹഫ്‌സൽ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന 19 വിദ്യാർത്ഥിനികളുടെ പരാതി ശനിയാഴ്ച പ്രിൻസിപ്പൽ കൈമാറിയതിനെ തുടർന്നാണ് പൊലീസ് നടപടിയാരംഭിക്കുന്നത്.

അന്നുതന്നെ ഒരു കുട്ടി മൊഴിനൽകിയതോടെ ആദ്യ കേസെടുത്തു. സംഭവം നടന്നിട്ടില്ലെന്ന് കഴിഞ്ഞദിവസം ഒരു കുട്ടി പൊലീസിനോട് പറഞ്ഞത് സമ്മർദത്തെ തുടർന്നാണ്. അട്ടമറിനീക്കം പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിക്കുന്നുണ്ട്. പ്രതിക്കനുകൂലമായി മൊഴി മാറ്റിപ്പറയാൻ സാഹചര്യമൊരുക്കുന്നതിന് ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്ത് പിടിഎ എക്‌സിക്യൂട്ടീവ് യോഗം ചേർന്നത് വലിയ വിവാദമായിരുന്നു. പ്രതിഷേധിച്ചെത്തിയ കുട്ടികളാണ് അട്ടിമറിനീക്കം പൊളിച്ചത്. കുട്ടികൾ ഫോണിൽ വിളിച്ച് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, പഞ്ചായത്ത് പ്രസിഡന്റ് പിടിഎ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹയർ സെക്കൻഡറി റീജണൽ ഡയറക്ടർ അറിയിക്കുകയായിരുന്നു. ഹഫ്‌സൽ റഹ്മാൻ ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറയുന്നു. ഇയാളെ ഒളിവിൽ കഴിയാൻ സഹായിക്കുകയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുമെന്ന് സിഐ അറിയിച്ചു.