- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക് ഡൗണായതോടെ കളിക്കാൻ ഇഷ്ടംപോലെ സമയം; സ്വകാര്യ ലോൺ കമ്പനികളിൽ നിന്ന് അടക്കം കടമെടുത്ത് കളഞ്ഞത് 21 ലക്ഷം രൂപ; ഐഎസ്ആർഒയിലെ കരാർ ജീവനക്കാരൻ വിനീതിന്റെ ജീവനെടുത്തതും ഓൺലൈൻ റമ്മി കളി
തിരുവനന്തപുരം: ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്നു വിനീതിന്റെ ജീവനെടുത്തത് ഓൺലൈൻ റമ്മി കളി. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി വിനീത് (28) തന്റെ 21 ലക്ഷം രൂപ നഷ്ടമായതിന്റെ വിഷമത്തിലാണ് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. ഡിസംബർ 31-ാം തീയതിയാണ് വിനീതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ റമ്മിയിലൂടെ പണം പോകുകയും ലക്ഷങ്ങളുടെ കടക്കാരനാകുകയും ചെയ്തതോടെയാണ് യുവാവ് ജീവനൊടുക്കിയത്.
വിനീത്ഒരു വർഷമായി ഓൺലൈൻ റമ്മി കളിയുടെ അടിമയായിരുന്നു. റമ്മി കളിയിലൂടെ മാത്രം പല തവണയായി വിനീതിന് 21 ലക്ഷം രൂപയാണ് നഷ്ടമായത്. പല സ്വകാര്യ ലോൺ കമ്പനികളിൽ നിന്ന് അടക്കം കടമെടുത്താണ് വിനീത് ഓൺലൈനായി റമ്മി കളിച്ചത്. എന്നാൽ ഇതിൽ പല കളികളിലും ഉള്ള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി. ലോക്ക്ഡൗൺ കാലത്താണ് വിനീത് ഏറ്റവും കൂടുതൽ റമ്മി കളിച്ചിരുന്നത്. 21 ലക്ഷത്തോളം കടം വന്ന ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത് തന്നെ. തുടർന്ന് വീട്ടുകാർ ഇടപെട്ട് കുറച്ച് പണം അടയ്ക്കുകയും ചെയ്തു.
നിൽക്കക്കള്ളിയില്ലാതെ വന്നതോടെ ഒരു മാസം മുമ്പ് വിനീത് വീട് വിട്ട് ഒളിച്ചോടിപ്പോയിരുന്നു. അന്ന് പൊലീസാണ് വിനീതിനെ കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്. തിരികെ വന്ന ശേഷവും വിനീത് വിഷാദത്തിന് അടിമയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
റമ്മി കൾച്ചർ, റമ്മി സർക്കിൾ, ജംഗിൾ റമ്മി, റമ്മി ഗുരു, എയ്സ് റമ്മി, റമ്മി പാഷൻ, സിൽക്ക് റമ്മി… അതെ പല പേരുകളിൽ പണം വെച്ചുള്ള ചീട്ട് കളി തകർക്കുകയാണ് ഓൺലൈനിൽ. ലോക്ക് ഡൗൺ കാലത്ത് കളി കൂടുകയും ചെയ്തു. കുട്ടികൾ ഉൾപ്പെടെയുള്ളവർ പണം വെച്ചുള്ള ഈ ചൂതാട്ടത്തിൽ ചൂഷണം ചെയ്യപ്പെടുകയാണ്.
ലോക് ഡൗണിൽ പലരും വീടുകളിൽ ഒതുങ്ങി കൂടിയപ്പോൾ നിരവധി ഓൺലൈൻ കളികളും രൂപപ്പെട്ടു. അത്തരത്തിലുള്ള ഒരു ഓൺലൈൻ ഗെയിംമാണ് റമ്മി. ഓൺലൈൻ റമ്മി കളിയിലൂടെ പലർക്കും നഷ്ടമായത് പണം മാത്രമല്ല, പലരുടെയും ജീവിതവും കൂടിയാണ്. റമ്മി കളിയിലൂടെ ചതികുഴിയിലകപ്പെട്ടത് നിരവധി പേരാണ്. പ്രതിദിനം അൻപത് രൂപമുതൽ ലക്ഷങ്ങൾ വരെ ഓൺലൈൻ റമ്മി കളിയിലൂടെ നഷ്ടപ്പെടുന്നവർ ഉണ്ട് സംസ്ഥാനത്ത്. നേരത്തെ ഹൈക്കോടതി ഓൺലൈൻ റമ്മി സംസ്ഥാനത്ത് നിരോധിച്ചെങ്കിലും കളിയുടെ പേരിൽ മാറ്റം വരുത്തി റമ്മി കമ്പനികൾ അനുകൂല ഉത്തരവ് സമ്പാദിക്കുകയായിരുന്നു.
ആസ്സാം, സിക്കിം, ഒഡിഷ, നാഗാലാൻഡ്, തെലുങ്കാന സംസ്ഥാനങ്ങൾ നിയമം മൂലം ഓൺലൈൻ റമ്മി അവിടങ്ങളിൽ നിരോധിച്ചു. കേരളവും ഇതേ പാത പിന്തുടരണം എന്ന ആവശ്യമാണുയരുന്നത്. മാധ്യമങ്ങളിലൂടെ പരസ്യം നൽകിയും റമ്മി കമ്പനികൾ കളിക്കാരെ ആകർഷിക്കുന്നു. ആദ്യം ചെറിയ തുകക്ക് കളിച്ചു തുടങ്ങുന്നവരിൽ പലരും പിന്നീട് വൻ തുകയ്ക്കാണ് കളിക്കുന്നത്.
മറുനാടന് ഡെസ്ക്