ബീജിങ്: ആഗ്രഹം മൂത്ത് ഐഫോൺ സ്വന്തമാക്കിയപ്പോൾ നഷ്ടമായത് സ്വന്തം ജീവിതം. സ്വന്തം വൃക്ക വിറ്റ് ആപ്പിൾ ഐഫോൺ വാങ്ങിയ യുവാവിനാണ് ശിഷ്ട ജീവിതം രോഗക്കിടക്കയിലായത്. ഏഴ് വർഷം മുൻപ് വെറും പതിനേഴ് വയസുള്ള സമയത്താണ് സിയോവോ വാങ് തന്റെ വൃക്ക വിൽപനചരക്കാക്കി ഐഫോൺ വാങ്ങിയത്. വൃക്കദാനത്തിന് മുമ്പായി ശസ്ത്രക്രിയ നടത്തിയ ആശുപത്രി ഒരു കുഴപ്പവുമില്ല എല്ലാം തങ്ങൾ നോക്കിക്കൊള്ളാമെന്നും എല്ലാം കഴിഞ്ഞ് സാധാരണപോലെ തന്നെ ജീവിതം നയിക്കാമെന്നും സിയാവോ വാങ്ങിനെ അറിയിച്ചിരുന്നു. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് അധികം വൈകും മുൻപേ വാങിന്റെ ജീവിതം കിടക്കയിൽ ഒതുങ്ങുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയനായ സിയാവോ വാങ്ങിന് പ്രതിഫലം കിട്ടിയത് 3,200 ഡോളറാണ്. ഐഫോൺ 4 സ്മാർട്ട്ഫോണുകളിൽ ഒന്ന് ഇതിലൂടെ സ്വന്തമാക്കാനുമായി. ജീവിതം വെച്ചുള്ള ചൂതാട്ടത്തിനിടയിൽ വൃക്കവിൽപ്പനയിൽ നല്ല വില കിട്ടിയെങ്കിലും വാങ്ങ് വിധേയനായ ശസ്ത്രക്രിയ അത്ര വിജയകരം ആയിരുന്നില്ലെന്ന് മാത്രം. അത് വാങ്ങിനെ ശിഷ്ടജീവിതം കിടക്കയിൽ കിടത്തിക്കളഞ്ഞു. ശസ്ത്രക്രിയയെ തുടർന്ന് ഉണ്ടായ മുറിവ് ഉണങ്ങിയില്ല എന്നതായിരുന്നു കാരണം. അവിടം അണുബാധയെ തുടർന്ന് അടുത്ത വൃക്കയിലേക്ക് കൂടി പിടിച്ചതോടെ ജീവിക്കാൻ നിരന്തരം ഡയാലിസിസിന് വിധേയമാകേണ്ട സ്ഥിതിയിൽ വാങ്ങിനെ എത്തിച്ചു.

ഏറെ താമസിച്ചായിരുന്നു മാതാപിതാക്കൾ ഇക്കാര്യം തിരിച്ചറിഞ്ഞത് എന്നതിനാൽ വലിയ ചികിത്സ നടത്തേണ്ട സ്ഥിതിയിലാണ്. സാമ്പത്തീകശേഷി കുറഞ്ഞവരാണ് മാതാപിതാക്കൾ എന്നതിനാൽ തന്നെ ചികിത്സാചെലവ് ഇവർക്ക് താങ്ങാനാകുന്നില്ല. മകന്റെ കാര്യത്തിൽ ഇപ്പോൾ മാതാപിതാക്കൾ വലിയ പ്രതിന്ധിയിൽ ആയിട്ടുണ്ട്. ചൈനയിലെ കുട്ടികൾ ആപ്പിൾ ഐ ഫോണിന്റെ കടുത്ത ആരാധകരാണ്. പൈപ്പർ ജെഫ്രി 2017 ൽ നടത്തിയ ഒരു സർവേയിൽ അടുത്ത ഫോൺ ഐഫോൺ ആയിരിക്കുമെന്നാണ് ചൈനയിലെ 82 ശതമാനം കുട്ടികൾ പറഞ്ഞത്.