ദുബായ്: ലേബർ ക്യാമ്പിലെ മുറിയിൽ ലൈറ്റ് അണയ്ക്കുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് കൊല്ലം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു. വർക്കല മേലെവെട്ടൂർ കാട്ടുവിള മുഹമ്മദ് യൂസഫ് മീരാൻ സാഹിബിന്റെ മകൻ മാഹീൻ യൂസഫ് (22) ആണ് സഹപ്രവർത്തകരുടെ കുത്തേറ്റ് മരിച്ചത്. സംഭവത്തെ തുടർന്ന് കൂടെ താമസിച്ചിരുന്ന മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  മൂന്നു പേരും മാഹിന്റെ നാട്ടുകാരാണ്. വ്യാഴാഴ്ച രാത്രി 9.30നാണ് സംഭവം നടക്കുന്നത്.

ജോലി കഴിഞ്ഞ് ക്ഷീണിതനായി തിരിച്ചെത്തിയ മാഹീൻ ഉറങ്ങുന്നതിനായി മുറിയിലെ ലൈറ്റ് അണയ്ക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മദ്യപിച്ചുകൊണ്ടിരുന്ന മറ്റു മൂന്നു പേരും ലൈറ്റ് അണയ്ക്കാൻ കൂട്ടാക്കിയില്ല. ഇതേ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. തർക്കം മുറുകിയപ്പോൾ മറ്റുള്ളവർ ചേർന്ന് മാഹീനെ കുത്തുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത മൂവരും നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

വാർണർ ഇന്റർനാഷണൽ ഡെക്കറേഷൻ സെന്ററിൽ ആറു മാസം മുമ്പാണ് കാർപെന്ററായി മാഹീൻ ജോലിക്കെത്തുന്നത്. വിസയ്ക്കുള്ള പണം കടം വാങ്ങി ദുബായിലെത്തിയ മാഹീൻ കടം വീട്ടുന്നതിന് മുമ്പേയാണ് ദാരുണ അന്ത്യം സംഭവിച്ചിരിക്കുന്നത്.

മൃതദേഹം ദുബായ് പൊലീസ് ഫോറൻസിക് ലാബ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുറിയിൽ താമസിച്ചിരുന്ന നാലു പേരും സുഹൃത്തുക്കളായിരുന്നുവെന്നും സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്പ് ഇവർ ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ലേബർ ക്യാമ്പായ ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് ഒന്നിലാണ് മാഹീനും സുഹൃത്തുക്കളും താമസിച്ചിരുന്നത്.