ദോഹ:ചരിത്രപരമായ കാരണങ്ങളാൽ സാമൂഹികമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരെ ഉയർത്തി കൊണ്ട് വരാനാണ് സംവരണം എന്ന് യൂത്ത് ഫോറം സംവാദം.റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് ഫോറം ദോഹ സോണിന്റെ നേതൃത്വത്തിൽ 'സംവരണം; സാമൂഹിക നീതി, ഭരണഘടന' എന്ന പ്രമേയത്തിലാണ് സംവാദം സംഘടിപ്പിച്ചത്.

ന്യൂനപക്ഷ വിഭാഗങ്ങൾ അനർഹമായത് പലതും നേടുന്നു എന്ന മട്ടിൽ തെളിവുകളുടെ പിൻബലമില്ലാതെ നടക്കുന്ന പ്രചരണങ്ങൾ സംവരണ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ലക്ഷ്യം വച്ച് കൊണ്ടുള്ളതാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും അധികാര പങ്കാളിത്തം ഉറപ്പ് വരുത്തലാണ് ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണത്തിന്റെ ലക്ഷ്യം.സംവരണം എല്ലാ കാലത്തേക്കും തുടരേണ്ട ഒന്നല്ല.ഓരോ നിശ്ചിത കാലയളവിലും വിവിധ സംവരണ വിഭാഗങ്ങളുടെ ഉദ്യോഗ പ്രാതിനിധ്യത്തിന്റെ കണക്കെടുക്കണമെന്നും പരിധിയെത്തിയവരെ സംവരണത്തിൽ നിന്ന് മാറ്റിനിർത്തണമെന്നുമുള്ള ദേശീയ പിന്നാക്കവർഗ കമ്മീഷന്റെ നിർദ്ദേശം നടപ്പിലാക്കണം. ചില സമുദായങ്ങൾ അർഹമായതിലും കൂടുതൽ കൊണ്ട് പോകുന്നു എന്ന സംവരണ വിരുദ്ധരുടെ വാദത്തിന്റെ സത്യാവസ്ഥ ഇതുവഴി വ്യക്തമാകും.

സംവരണത്തെ സംബന്ധിച്ച ആരോഗ്യകരമായ ചർച്ചകൾക്ക് പകരം ധ്രുവീകരണം സൃഷ്ടിച്ച് അധികാരത്തിലെത്താൻ ശ്രമിക്കുന്നവരാണ് ഇത്തരം പ്രചരണങ്ങളുടെ പിന്നിലെന്നും സംവാദത്തിൽ പങ്കെടുത്ത പ്രതിനിധികൾ അഭിപ്രായപ്പെട്ടു. അസ് ലം ഈരാറ്റുപേട്ട മോഡറേറ്റർ ആയിരുന്നു. യൂത്ത് ഫോറം ഖത്തർ ദോഹ സോണൽ പ്രസിഡന്റ് മുഹമ്മദ് അനീസ് സംവാദം ഉദ്ഘാടനം ചെയ്തു. അജ്മൽ, സാമിൽ, ഫായിസ്, സിയാദലി, ഫഹദ്, ആരിഫ്, റസൽ, നഫീദ് തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.