സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളിൽ രാജ്യത്ത് മുൻപന്തിയിൽ എത്തി നിൽക്കുന്ന കേരളം അതിന്റെ രൂപീകരണത്തിന്റെ അറുപതാം വർഷം ആഘോഷിക്കുന്ന ഈ വേള ഓരോ മലയാളിയെ സംബന്ധിച്ചിടത്തോളവും അഭിമാനകരമാണെന്ന് യൂത്ത്‌ഫോറം കേന്ദ്രസമിതി അഭിപ്രായപ്പെട്ടു. സാമൂഹ്യാന്തരീക്ഷത്തിൽ മലയാളികൾ പരസ്പരം കാത്തു സൂക്ഷിക്കുന്ന സ്‌നേഹവും സൗഹാർദ്ദവുമാണ് കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന്റെ കാരണമെന്ന് യൂത്ത്‌ഫോറം കേന്ദ്ര സമിതി അഭിപ്രായപ്പെട്ടു.

എന്നാൽ സമീപകാലത്ത് നാം കാലങ്ങളായി വളർത്തിയെടൂത്ത ഈയൊരു സാമൂഹികാ വസ്ഥയെ അട്ടിമറിക്കുന്നതിനുള്ള ബോധപൂർ വ്വമായ ശ്രമങൾ കണ്ടു വരുന്നു. ഇത്തരം അസഹിഷ്ണുതക്കും വിദ്വേഷങ്ങൾക്കുമെതിരെ സഹവർത്തിത്തത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി പ്രതിരോധം തീർക്കണമെന്ന് യൂത്ത്‌ഫോറം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മലയാളികൾ ഒന്നടങ്കം ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേരളം നേടിയെടുത്ത എല്ലാ പുരോഗതിയുടെയും പിന്നിൽ ജാതി മത വർഗ്ഗഭേദങ്ങൾക്കപ്പുറത്തുള്ള മലയാളികളുടെ ഐക്യമാണ്. ഈ ഐക്യം കാത്തുസൂക്ഷിക്കാൻ മുഴുവൻ മത, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലുള്ളവരും അണിനിരക്കനമെന്നും യൂത്ത്‌ഫോറം ആവശ്യപ്പെട്ടു.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിലും വിദ്യഭ്യാസ, ആരോഗ്യ മേഖലകളിലെ ഉന്നമനത്തിലും പ്രവാസികളുടെ പങ്ക് അനിഷേധ്യമാണ്. പ്രാവാസികൽക്ക് സുരക്ഷിത നിക്ഷേപ സാധ്യതകൾ ഒരുക്കുന്നതിലും അവരുടെ മൂലധനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിലും വോട്ടവകാശം യാത്രാക്ലേശം തുടങ്ങിയ വിഷയങ്ങളിൽ പ്രവാസികൾക്കൊപ്പം നിൽക്കുന്നതിലും മാറിമാറി വരുന്ന സർക്കാർ തികഞ്ഞ ഉദാസീനതയാണ് കാണിച്ചു പോന്നിട്ടുള്ളത്. കേരള പിറവിയുടെ അറുപതാം ആണ്ട് ആഘോഷിക്കുന്ന ഈ വേളയിൽ അത്തരം കാര്യങ്ങളിൽ കൂടുതൽ ഫലപ്രദമായി ഇടപെട്ട് പ്രവാസികളുടെ അവകാശങ്ങൾ നേടിക്കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്നും യൂത്ത്‌ഫോറം ആവശ്യപ്പെട്ടു.

എല്ലാ മലയാളികൾക്കും യൂത്ത്‌ഫോറം കേരളപ്പിറവി ആശംസകൾ നേർന്നു. പ്രസിഡന്റ് എസ് എ ഫിറോസ് അധ്യക്ഷത വഹിച്ചു. ബിലാൽ ഹരിപ്പാട്, അസ്ലം ഇരാറ്റുപേട്ട, തൗഫീഖ് മംബാട്, എന്നിവർ സംസാരിച്ചു.