സ്‌നേഹത്തിന്, സൗഹാർദ്ദത്തിന് യുവതയൂടെ കർമ്മ സാക്ഷ്യം' എന്ന തലക്കെട്ടിൽ യൂത്ത്‌ഫോറം നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി യൂത്ത് ഫോറം മദീന ഖലീഫ മേഖല സംഘടിപ്പിച്ച റിഥം 2017 കലോത്സത്തിൽ സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് യർമൂഖ് ഓവറോൾ ചാമ്പ്യന്മാരായി. ലക്ത, അൽ സദ്ദ് എന്നീ ടീമുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ന്യൂ സലത യിലെ സ്‌കിൽസ് ഡവലപ്പ്‌മെന്റ് സെന്ററിൽ നടന്ന കലോത്സവത്തിൽ പ്രി ഇവന്റ് , സ്റ്റേജ് , നോൺ സ്റ്റേജ് ഇനങ്ങളിലായി പതിനെട്ട് മത്സരങ്ങൾ നടന്നു. കലോത്സവത്തിന്റ ഭാഗമായി ഖത്തറിലെ പ്രവാസികൾക്കിടയിൽ നടത്തിയ പ്രിയപ്പെട്ടവർക്കായുള്ള കത്തെഴുത്ത് മത്സരത്തിൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ നജീബിന്റെ ഉമ്മയ്ക്ക് ഹ്രിദയ സ്പർശിയായ കത്തയച്ച വാഹിദ സുബിയും കവിത രചനയിൽ ഐലൻ കുർദ്ദിയുടെ പടം ലോകത്തിനുമുന്നിൽ അവതരിപ്പിച്ച നൈലൂർ ഡെമിറിന്റെ മാനോവ്യഥകൾ കവിതയാക്കിയ മുവസ്സിറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊളാഷ്, പെർഫോമ, നാടൻ പാട്ട് തുടങ്ങിയ ഗ്രൂപ്പിനങ്ങളും അരങ്ങേറി .

വൈകീട്ട് നടന്ന സമാപന സമ്മേളനം യൂത്ത് ഫോറം പ്രസിഡന്റ് എസ്.എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. അസഹിഷ്ണുതയും വിഭാഗീയതയും സമൂഹത്തിനുമേൽ കരിനിഴൽ വീഴ്‌ത്തുന്ന കാലത്ത് അലസതയും ആലസ്യവും കൈവെടിഞ്ഞ് സ്‌നേഹത്തിനെയും സൗഹാർദ്ദത്തിന്റെയും വഴിയിലേക്ക് യുവാക്കളെ നയിക്കുക എന്നതാണ് യൂത്ത്‌ഫോറം ഇത്തരം പരിപാടികൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫി അദ്ദേഹം സമ്മാനിച്ചു. യൂത്ത്‌ഫോറം ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, വൈസ് പ്രസിഡന്റ് സലീൽ ഇബ്രാഹിം, സാംസ്‌കാരിക സെക്രട്ടറി അനൂപലി തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാന ദാനം നിർവ്വഹിച്ചു .

റിഥം ജനറൽ കൺവീനർ ഷാബിർ ഹമീദ്, പ്രോഗ്രാം കൺവീനർ ഷബീബ് അബ്ദുറസാഖ്, കരീംഗ്രഫി കക്കോവ്, യൂത്ത്‌ഫോറം മദീന ഖലീഫ മേഖലാ പ്രസിഡന്റ് സുഹൈൽ അബ്ദുൽ ജലീൽ, സെക്രട്ടറി സുനീർ പുതിയോട്ടിൽ, അബൂബക്കർ പട്ടാമ്പി, നജ്മൽ തുണ്ടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി .