ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത് ഡയലോഗിന്റെ സഹകരണത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ''യൂത്ത് ലൈവ് : ആവിഷ്‌കാരങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായി ദോഹയിൽ സ്ഥിര താമസക്കാരും, മലയാളികളുമായ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 10 യുവ പ്രതിഭകൾക്കുള്ള ''യൂത്ത് ഫോറം യൂത്ത് ഐക്കൺ അവാർഡൂകൾ പ്രഖ്യാപിച്ചു. നാദിർ അബ്ദുൽ സലാം (അറബിക് ഗായകൻ), മനീഷ് സാരംഗി (നാടകം), മുഹമ്മദ് ശാക്കിർ (ശാസ്ത്രജ്ഞൻ), ഫൈസൽ ഹുദവി (സാമൂഹിക പ്രവർത്തകൻ), അബ്ദുൽ കരീം (കലിഗ്രഫി), രജീഷ് രവി (ആർട്ട് ക്യുറേറ്റർ), സാന്ദ്ര രാമചന്ദ്രൻ (ഡിബേറ്റ്), അബ്ബാസ് ഒ.എം (എഴുത്തുകാരൻ), ശ്രീദേവി ജോയ് (പത്രപ്രവർത്തനം), ഷിയാസ് കൊട്ടാരം (കായിക സംഘാടകനും യുവ സംരഭകനും) തുടങ്ങിയവരാണ് അവാർഡിനർഹരായത്.

ഇന്ന് വൈകുന്നേരം സി - റിങ് റോഡിലെ ഖത്തർ കമ്മ്യൂണിറ്റി കോളേജിൽ വച്ച് പുരസ്‌കാര ദാനം നടക്കും. DICID ചെയർമാൻ ഡോ. ഇബ്രാഹിം നുഐമി അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ ഖത്തരി ഗായകൻ അലി അബ്ദുൽ സത്താർ, ഖത്തർ മ്യൂസിക് അകാദമി ഡയറക്ടർ ഡോക്ടർ അബ്ദുൽ ഗഫൂർ അൽ ഹീത്തി മുഖ്യാതിഥിയാവും. അൽ ദഖീറ യൂത്ത് സെന്റർ അസിസ്റ്റന്റ്് ഡയറക്ടർ ഈസ സാലിഹ് അൽ മുഹന്നദി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്് പ്രസിഡന്റ് ടി. ശാക്കിർ, യുവ സിനിമാ സംവിധായകൻ മുഹ്‌സിൻ പരാരി തുടങ്ങിയവർ പങ്കെടുക്കുന്ന പുരസ്‌കാരദാന ചടങ്ങിൽ യൂത്ത് ഫോറം പ്രസിഡണ്ട് എസ്.എ ഫിറോസ് അധ്യക്ഷത വഹിക്കും. ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികൾ,സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളായി പ്രോഗ്രാമിൽ പങ്കെടുക്കും.

സാമൂഹിക സേവനം, വിദ്യാഭ്യാസം, ശാസ്ത്രം, കായികം, കല, തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് അവാർഡ് സമ്മാനിക്കുക. നോമിനേഷനിലൂടെ ലഭിച്ച അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത 26 പേരിൽ നിന്ന് ഓൺലൈൻ പോളിംഗിലൂടെയും വിദഗ്ദ ജൂറി വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ മുന്നിലെത്തിയ 10 പേർക്കാണ് യൂത്ത് ഐക്കൺ അവാർഡും DICID യുടെ ഉപഹാരവും സമർപ്പിക്കുക. വൈകുന്നേരം 4 മണി മുതൽ ദോഹയിലെ പ്രമുഖ ചിത്രകാരന്മാരായ ഡോക്ടർ ശ്രീ കുമാർ, നൗഫൽ കെ.വി, കരീം ഗ്രാഫി, സീന ആനന്ദ്, രാജേഷ് രവി, ബാസിത്, സുധീരൻ പ്രയാർ, സാന്ദ്ര രാമചന്ദ്രൻ, മഹേഷ് കുമാർ, സഗീർ പി.എം, സന്തോഷ് കൃഷ്ണൻ, ബൈജു, ഷാജി ചേലാട്, എന്നിവർ യൂത്ത് ലൈവ് തീമിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം നടക്കും. ചിത്ര പ്രദർശനം പ്രമുഖ യുവ സിനിമ സംവിധായകൻ മുഹ്സിൻ പരാരി ഉദ്ഘാടനം ചെയ്യും. ഇതിന് പുറമേ ദോഹയിലെ ഇന്തോ-പാക്-നേപ്പാളി ഗസൽ ഗായകർ അണി നിരക്കുന്ന ഗസൽ സന്ധ്യയും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന വിവിധ ഭാഷാ ഗാനങ്ങളടങ്ങുന്ന ഗാനമേളയും നടക്കും. യൂത്ത് ഫോറം രൂപീകരണത്തിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി 'സ്‌നേഹത്തിന്, സൗഹാർദത്തിന്, യുവതയുടെ കർമസാക്ഷ്യം' എന്ന തലക്കെട്ടിൽ നടത്തി വന്ന കാമ്പയിനിന്റെ സമാപനം ആയിട്ടാണ് യൂത്ത് ലൈവ് സംഘടിപ്പിക്കുന്നത്.