സന്യാസിയുടെ വേഷം കെട്ടി ഹോമകുണ്ഡത്തിന് മുന്നിലിരിക്കുന്ന കൊച്ചു മകനെ കണ്ട് പൊട്ടിക്കരഞ്ഞ മുത്തശ്ശിയെ ആരും മറക്കാൻ ഇടയില്ല. ഈ വീഡിയോ ഷെയർ ചെയ്ത യുവാവിന് ട്രോൾ പൊങ്കാലയും സമൂഹ മാധ്യമത്തിൽ വന്നിരുന്നു. ടിക് ടോക്കിലൂടെ പണികിട്ടിയ യുവാവ് ഇതേ നാണയത്തിൽ ഇമേജ് തിരിച്ച് പിടിക്കാൻ ശ്രമിച്ചെങ്കിലും സംഗതി ചീറ്റിപ്പോയി. മുത്തശ്ശിക്ക് ചോറുവാരി നൽകിയും മുത്തം കൊടുത്തും നല്ലപിള്ള ചമയാൻ യുവാവ് ശ്രമിച്ചെങ്കിലും സംഗതി സമൂഹ മാധ്യത്തിലെ ചുണക്കുട്ടികൾ വലിച്ചു കീറി ഒട്ടിച്ചിരുന്നു.

ഏതാനും ദിവസം മുൻപ് സിജി ആലത്തൂർ എന്ന യുവാവാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ ചെറുപ്പക്കാരനെതിരെ വീണ്ടും ഒരു വിഭാഗം ആളുകൾ വിമർശനവുമായി എത്തിയിരിക്കുകയാണ്. ലൈക്കുകൾക്കു വേണ്ടി മാത്രമാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് സിജിക്കെതിരെ ഉയരുന്ന വിമർശനം. എന്നാൽ അന്ന് കരയിപ്പിച്ചതിന് എല്ലാവരും മോശമായി ചിത്രീകരിച്ചുവെന്നും ഇന്ന് മുത്തശ്ശി ചിരിക്കുന്ന വിഡിയോ പങ്കുവെച്ചതിന് എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നതെന്നും യുവാവ് തിരിച്ചു ചോദിക്കുന്നു.

 

മുത്തശ്ശിയെ തല്ലുകയോ വൃദ്ധസദനത്തിൽ ഉപേക്ഷിക്കുകയോ അല്ല ചെയ്തതെന്നും എന്നിട്ടും എന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുന്നതെന്നുമാണ് സിജിയുടെ ചോദ്യം. ഇന്ദ്രനീലിമയോലും എന്ന ഗാനത്തിന്റെ ടിക്ക് ടോക്ക് ചെയ്യാൻ വീട്ടുമുറ്റത്ത് ഹോമകുണ്ഡം ഒരുക്കിയായിരുന്നു യുവാവ് ആദ്യം വീഡിയോ പ്രകടനം നടത്തിയത്. ഇത് നിമിഷങ്ങൾക്കകം വൈറലുകുയും നിരവധി വിമർശനങ്ങൾ നേരിടേണ്ടതായും വന്നു. എന്നാലിപ്പോൾ നല്ലപിള്ള ചമയാൻ ശ്രമിച്ച യുവാവിന് രണ്ടാം വീഡിയോയും ഊരാക്കുടുക്കായി മാറിയിരക്കുകയാണ്.