തിരുവനന്തപുരം: കീശചോരാതെ വീഡിയോകൾ കാണാൻ പുതിയ ആപ്പുമായി യുടൂബ്. യുടൂബ് ഗോ എന്നു പേരിട്ടിരിക്കുന്ന ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഇപ്പോൾ ഡൗൺലോഡ് ചെയ്യാനാകും. പക്ഷേ ബീറ്റാ വെർഷനാണ് ലഭ്യമാകുക.

യുടൂബിലെ ഏതു വിഡിയോയും ഗോയിൽ കാണാനാകും. പക്ഷേ, വീഡിയോയുടെ നിലവാരം ബേസിക് ആൻഡ് സ്റ്റാൻഡാർഡ് ആയിരിക്കും. ഏതൊരു വീഡിയോ ആണെങ്കിലും ഗോ 640പി യിൽ ഒതുക്കും.

മാത്രമല്ല എത്രത്തോളം ചെറുതായി വീഡിയോ കാണാം എന്നൊരു അറിയിപ്പും ഗോ തരും. യു ടൂബിൽ സേവ് വീഡിയോ എന്നൊരു സങ്കേതം ഉള്ളതുപോലെ ഗോയിൽ എത്ര ചെറിയ വലിപ്പത്തിൽ വേണമെങ്കിലും വീഡിയോ സേവ് ചെയ്യാം.

സേവ് ചെയ്ത് കണ്ടാൽ ബഫറിംഗിൽനിന്ന് രക്ഷപ്പെടുകയും ചെയ്യാം. മാത്രമല്ല വീഡിയോ പ്ലേ ചെയ്താൽത്തന്നെ വീഡിയോ പ്രിവ്യൂ എന്നൊരു ഒപ്ഷനും യുടൂബ് ഗോ നൽകുന്നു. കാണാൻ പോകുന്ന വീഡിയോ എന്താണെന്ന് പ്രിവ്യൂവിലൂടെത്തന്നെ ഒരു നിഗമനത്തിലെത്താൻ സാധിക്കും.

ഫെയ്സ് ബുക്കിനോടും ഇൻസ്റ്റഗ്രാമിനോടും വൻ വെല്ലുവിളിയാണ് യുടൂബ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് യുടൂബ് ഗോ പുറത്തിറക്കാൻ ഗൂഗിൾ നിർബന്ധിതരായത്.

ഇന്റർനെറ്റ് താരിഫുകൾ ഉയർന്നുനിൽക്കുന്നതും ഡേറ്റാ സ്പീഡ് കുറഞ്ഞിരിക്കുന്നതുമായ തെക്കനേഷ്യൻ, മഡിൽ ഈസ്റ്റ് രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് യുടൂബ് ഗോ അവതരിപ്പിച്ചിരിക്കുന്നത്.

ജിയോ വന്നതോടെ ഡേറ്റ ചെലവാകുന്ന കാര്യം ആരുമങ്ങനെ ശ്രദ്ധിക്കാറില്ലെങ്കിലും മാർച്ച് 31 നു ശേഷം താരിഫുകളിൽ മാറ്റംവരുമെന്ന സാഹചര്യത്തിൽ പുതിയ യുടൂബ് ഗോ തീർച്ചയായും ഉപകാരപ്പെടും.