മോഹൻലാലും മേജർ രവിയും ഒരുമിച്ചെത്തിയ പട്ടാള പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ ഇന്നുംപ്രേക്ഷകർ ഓർത്തിരിക്കുന്നവയാണ്. എന്നാൽ അവയിൽ കീർത്തിചക്ര പോലെയുള്ള സിനിമകൾ വാണിജ്യ വിജയം നേടിയപ്പോൾ മറ്റ് ചിലത് ബോക്സോഫീസിൽ തകർന്നടിഞ്ഞു. അങ്ങനെയൊരു ചിത്രമാണ് അടുത്തിടെ ഇരുവരും ഒരുമിച്ചെത്തിയ സിനിമയായ ബിയോണ്ട് ദി ബോർഡേഴ്സ്. മലയാളത്തിൽ വിജയം കൊയ്യാഞ്ഞ ചിത്രം തെലുങ്ക് ആരാധകർക്ക് മുന്നിലെത്തിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ.

പുലിമുരുകന് ശേഷം മോഹൻലാൽ നായകനായ മറ്റൊരു ചിത്രം കൂടി തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. യുദ്ധഭൂമി എന്ന് പേരിട്ട് ഡബ്ബ് ചെയ്താണ് ചിത്രം തെലുങ്കിൽ ഇറക്കുന്നത്.

'മേജർ രവി മികച്ച സംവിധായകനാണ്. യുദ്ധം പശ്ചാത്തലമാക്കി പത്ത് സിനിമകളെടുക്കാൻ അദ്ദേഹത്തെ സഹായിച്ചത് പട്ടാളത്തിലെ അനുഭവ സമ്പത്താണ്. ഞാനായിരുന്നു അദ്ദേഹത്തിന്റെ അഞ്ച് സിനിമകളിലും നായകൻ. യുദ്ധഭൂമിയും യുദ്ധം പശ്ചാത്തലമാക്കിയ സിനിമയാണ്' - മോഹൻലാൽ തെലുങ്ക് ആരാധകരോടായി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേരളത്തിൽവെച്ച് മോഹൻലാൽ തന്നെ തെലുങ്ക് പതിപ്പിന്റെ ട്രെയിലർ റിലീസ് ചെയ്തത്.ഒരു നടനെന്ന നിലയിൽ എനിക്ക് പരിപൂർണ സംതൃപ്തി നൽകിയ ചിത്രമായിരുന്നു യുദ്ധഭൂമി. തെലുങ്ക് നടനായ അല്ലു സിരീഷും ഈ ചിത്രത്തിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തെലുങ്കിലും ഈ ചിത്രം മികച്ച പ്രതികരണം സൃഷ്ടിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു' - മോഹൻലാൽ കൂട്ടിച്ചേർത്തു.

ഹൈദരാബാദിൽ നടക്കുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങുകളിൽ മോഹൻലാലും പങ്കെടുക്കുമെന്ന് നിർമ്മാതാവ് ബാലാജി പറഞ്ഞു. തെലുങ്ക് ആരാധകർക്കിടയിൽ വളരെ പോപ്പുലറാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ അവസാ ഡബ്ബ് ചിത്രമായ വന്യംപുലി അവിടെ വലിയ വിജയമായിരുന്നു എന്നും ബാലാജി കൂട്ടിച്ചേർത്തു.ടോളിവുഡിൽ മോഹൻലാലിനുള്ള സ്വീകാര്യതയാണ് അണിയറ പ്രവർത്തകരെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് എന്നാണറിയുന്നത്.