- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാണക്കാട് ഹൈദരലി തങ്ങളുടെ മകനായ മുഈൻ അലി തങ്ങൾക്ക് ബോധ്യപ്പെടാത്ത കണക്കാണിത്; ഒന്നരവർഷം മുൻപ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ ഞങ്ങൾപോയി പരാതി ബോധിപ്പിച്ചിരുന്നു; മുസ്ലിം യൂത്ത് ലീഗിന്റെ കത്വ ഫണ്ട് വെട്ടിപ്പ് ആരോപണത്തിൽ ഉറച്ചു നിൽക്കുന്നെന്ന് യൂസഫ് പടനിലം
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നെന്ന് വ്യക്തമാക്കി യൂത്ത് ലീഗ് മുൻ ദേശീയ നിർവാഹക സമിതി അംഗം യൂസഫ് പടനിലം. കത്‌വ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട ഫണ്ട് പിരിവിൽ നടന്നത് ഗുരുതരമായ സാമ്പത്തിക തട്ടിപ്പെന്ന് അദ്ദേഹം ആവർത്തിച്ചു. പുറത്തുനിന്ന് പിരിച്ചെടുത്ത തുകയുടെ കണക്കുകൾ ഇതുവരെ ഭാരവാഹികൾ സംഘടനയ്ക്കകത്ത് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
യൂസഫ് പടനിലത്തിന്റെ വാക്കുകൾ:
പാണക്കാട് ഹൈദരലി തങ്ങളുടെ മകനായ മുഈൻ അലി തങ്ങൾക്ക് ബോധ്യപ്പെടാത്ത കണക്കാണിത്. ഒന്നരവർഷം മുൻപ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ ഞങ്ങൾപോയി. ഞങ്ങൾ പറഞ്ഞു ഇങ്ങനെയൊരു ആരോപണം ഉണ്ട്. ഈ അക്കൗണ്ട് സംബന്ധിച്ച് വ്യാപകമായ പരാതിയുണ്ട്. എത്ര പണം പിരിച്ചുവെന്ന് അറിയില്ല എന്ന്. ഈ പണത്തിന്റെ സത്യാവസ്ഥ യോഗത്തിൽ വക്കുന്നില്ല. പാണക്കാട് ഹൈദരലി തങ്ങളുടെ മകന് അത് ബോധ്യപ്പെടുത്താൻ കഴിയുന്നില്ല. അവസാനം നിർവാഹമില്ലാതെയാണ് പാർട്ടിയിൽ നിന്ന് പുറത്തുപോകാൻ തയ്യാറായി ഞാനിത് ജനങ്ങളോട് പറഞ്ഞത്.
ഞാനിത് പറഞ്ഞതിന് ശേഷമാണ് മുഈൻ അലി തങ്ങൾക്ക് പോലും ഇത് ബോധ്യപ്പെടുത്തിക്കൊടുത്തത്. ഇത് അതിഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ്. വിദേശത്ത് നിന്ന് പണം സ്വീകരിച്ചു. കോഴിക്കോട്ടെ പഞ്ചാബ് നാഷൻ ബാങ്കിലാണ് ഇതിന്റെ അക്കൗണ്ട്. ഒന്നാമത്തെ സംഭാവന അയച്ചത് ചടയമംഗലം സ്വദേശി ദുബായിയിലെ രാജീവനാണ്. 25000 രൂപയാണ് അയച്ചത്. ഓൺലൈൻ രസീത് അപ്പോൾ തന്നെ ഞങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ വന്നു. ഞങ്ങളുടെ സെക്രട്ടറി അപ്പോൾ തന്നെ പറഞ്ഞു ഇതാ ആദ്യത്തെ വിദേശ ഫണ്ട് വന്നു എന്ന്.
ഇവർ പുറത്തുവിട്ട 39 ലക്ഷത്തിന്റെ കണക്കിൽ വിദേശ ഫണ്ട് എത്രയാണെന്ന് വ്യക്തമല്ല. അതുമാത്രമല്ല അക്കൗണ്ടിലേക്ക് കമ്മിറ്റികൾ മുഖാന്തിരം പിരിച്ച തുക പോയിട്ടില്ല. കോടികൾ വരും ഇത്. ഞാനും മുഈൻ അലി തങ്ങളും ബാങ്കിൽ പോയി. മാനേജരെ കണ്ട് സംസാരിച്ചു. ഇതൊരു മൂന്ന് പേരുള്ള ജോയിന്റ് അക്കൗണ്ടാണ്. അതിൽ പാൻ കാർഡ് മെൻഷൻ ചെയ്തിട്ടില്ല. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണിത്.
നേരത്തെ കത്‌വ കേസ് നടത്തിപ്പിനായി കേരളത്തിൽ നിന്ന് യൂത്ത് ലീഗ് ഒരു കോടി രൂപ പിരിച്ചുവെന്നും ഇത് കൈമാറിയില്ലെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ പിരിച്ചെടുത്ത തുക ബന്ധുക്കൾക്കും അഭിഭാഷകർക്കുമടക്കം കൈമാറിയെന്നാണ് യൂത്ത് ലീഗ് നേതൃത്വം അറിയിച്ചിരുന്നത്.
നിഷേധിച്ച് അഭിഭാഷക
കേരളത്തിൽ നിന്നും കേസ് നടത്തിപ്പിനായി ഒരുരൂപ പോലും ലഭിച്ചിട്ടില്ലെന്ന് കത്വയിലെ ഇരയുടെ അഭിഭാഷകയായ ദീപികാ സിങ് പറഞ്ഞിരുന്നു. കേസ് നടത്തിപ്പിനായി ആരെങ്കിലും പണം പിരിച്ചു എന്നത് ആശ്ചര്യജനകമാണ്. പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ജമ്മു ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് താൻ പൂർണമായും സൗജന്യമായാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുബീൻ ഫറൂഖി എന്ന അഭിഭാഷകന് ഈ കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ദീപിക പറഞ്ഞിരുന്നു.
ദീപിക പറഞ്ഞത് തെറ്റെന്ന് സി കെ സുബൈർ
മുസ്ലിം യൂത്ത് ലീഗിന്റെ ഫണ്ട് തിരുമറി വിവാദത്തിൽ മറുപടിയുമായി സംഘടനാ ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ രംഗത്തെത്തി. കത്വ ഇരയുടെ കുടുംബത്തിന് വേണ്ടി നടത്തിയ ഫണ്ട് ശേഖരണത്തിലെ വിവാദത്തിനാണ് സി കെ സുബൈർ രംഗത്തെത്തിയത്. അഭിഭാഷകനായ മുബീൻ ഫാറൂഖി വഴിയാണ് ദീപിക സിങ് കത്വ കുടുംബത്തിന്റെ വക്കാലത്ത് വാങ്ങിയതെന്നും കേസിന്റെ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത് മുബീൻ ഫാറൂഖിയാണെന്നും സുബൈർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
ഇത് സംബന്ധിച്ച എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ട്. മുബീൻ കേസിൽ ഹാജരായത് ഇരയുടെ പിതാവിന്റെ ആവശ്യപ്രകാരമാണെന്ന് പറഞ്ഞ സുബൈർ ഇതിന്റെ തെളിവും പുറത്തുവിട്ടു. പത്താൻകോട്ട് കോടതിയുടെ വിധി പകർപ്പാണ് ഹാജരാക്കിയത്. യൂത്ത് ലീഗ് നേതാക്കൾ ഇദ്ദേഹത്തിനൊപ്പം കോടതി മുറ്റത്ത് മാധ്യമങ്ങളെ കാണുന്ന ചിത്രങ്ങളും പുറത്തുവിട്ടു. കേസിൽ രണ്ടു തവണ മാത്രമാണ് ദീപിക ഹാജരായത്. ദീപികയെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണ്. പത്താൻകോട്ട് കോടതിയിൽ കേസിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചത് മുബീൻ ഫാറൂഖിയാണെന്നും സുബൈർ പറഞ്ഞു.
യൂത്ത് ലീഗ് ദേശീയ ട്രഷറർ ഉൾപ്പെടുന്നവരുടെ ജോയിന്റ് അക്കൗണ്ടിലാണ് ഫണ്ട് വന്നത്. അദ്ദേഹം നിലവിൽ അസുഖവുമായി ബന്ധപ്പെട്ട് വിശ്രമത്തിലാണ്. തിരിച്ചെത്തിയാൽ ഉടൻ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പുറത്തു വിടുമെന്നും സി.കെ സുബൈർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദീപികയെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് രാവിലെ അങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് വരാൻ കാരണം. കേസുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളിൽ നിന്ന് പിന്മാറണമെന്നും അത് കേസ് നടത്തിപ്പിനെ ബാധിക്കുമെന്നും സി.കെ സുബൈർ ചൂണ്ടിക്കാട്ടി.
കേസ് ഏറെ നിർണായക ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. പ്രതികൾ അപ്പീലുമായി മുന്നോട്ട് വരാൻ പോവുകയാണ്. ഈയൊരു സാഹചര്യത്തിൽ കെ.ടി ജലീലിനെ പോലുള്ളവർ അനാവശ്യ വിവാദവുമായി വരുന്നത് തിരിച്ചടിയാവും. ഇത് ആർക്കാണ് ഗുണം ചെയ്യുക എന്നത് ചിന്തിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഒരു കോടി രൂപ പിരിച്ചെടുത്തുവെന്നാണ് പറഞ്ഞത്. അതിന് മറുപടി നൽകിയതോടെ അതിൽനിന്ന് പിന്മാറി. പിന്നെ മുബീൻ ഫറൂഖിയെന്ന വക്കീലേ ഇല്ലെന്ന് പറഞ്ഞു. അദ്ദേഹം കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തതോടെ ആ ആരോപണത്തിൽ നിന്നും പിന്മാറി. തുടർന്നാണ് മുബീൻ ഫറൂഖിയെ അറിയില്ലെന്ന ദീപികയുടെ മറുപടി പൊക്കിപ്പിടിച്ചുകൊണ്ട് വരുന്നത്. അതിനും മറുപടി നൽകിക്കഴിഞ്ഞു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി രാജ്യം ഉറ്റുനോക്കിയ ഒരു കേസിനെതിരെ അനാവശ്യ വിവാദവുമായി വരുന്നതിൽ നിന്നും കെ.ടി ജലീൽ പിന്മാറണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
വിഷയത്തിൽ യൂത്ത് ലീഗിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: ദീപിക സിംഗിന്റെ ശബ്ദ സന്ദേശം യൂത്ത് ലീഗിനെതിരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.. ദീപികയോട് ഞങ്ങൾക്ക് ബഹുമാനമുണ്ട്... ചെയ്ത സേവനങ്ങളോട് മതിപ്പുമുണ്ട് പക്ഷേ മുബീൻ ഫാറൂഖിക്കു കേസുമായി ബന്ധമില്ല എന്ന പുതിയ വിവാദത്തിനു തെളിവു സഹിതം ഞങ്ങൾ മറുപടി നൽകുന്നു.. ദീപിക സിംഗിന്റെ തന്നെ ശബ്ദത്തിൽ...പത്താൻ കോട്ടിൽ ഹാജരാകാൻ ഇതേ മുബീൻ ഫാറൂഖിയോട് ദീപിക തന്നെ വക്കാലത്തിനു വേണ്ടി അഭ്യർത്ഥിക്കുന്ന ശബ്ദ സന്ദേശമാണിത്..ശ്രദ്ധിച്ചു കേൾക്കുക...സംശയങ്ങൾ ബാക്കിയുള്ളവർക്ക് ഇനിയും തെളിവുകളുമായി പിന്നാലെ വരുന്നുണ്ട് .എല്ലാ ചോദ്യങ്ങൾക്കും മറുപടിയുണ്ട് .. ഈ കേസ് ഇങ്ങനെ വിവാദമാക്കുന്നതിൽ വിഷമവുമുണ്ട് ..
വിവാദങ്ങൾക്ക് തുടക്കമിട്ടത് യുസഫ് പടനിലം
യൂത്ത് ലീഗ് മുൻ ദേശീയ സമിതിയംഗമായ യൂസഫ് പടനിലമാണ് കത്വ-ഉന്നാവോ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവുമായി കഴിഞ്ഞദിവസം രംഗത്തെത്തിയത്. പിരിച്ചെടുത്ത പണത്തിൽ നിന്ന് ഒരു രൂപ പോലും ആർക്കും നൽകിയിട്ടില്ല. പികെ ഫിറോസ് അടക്കമുള്ള നേതാക്കൾ സ്വന്തം ആവശ്യത്തിന് പണം ദുരുപയോഗിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. ആരോപണം ശക്തമായതിനെ തുടർന്ന് യൂത്ത് ലീഗ് നേതാക്കൾ വാർത്താസമ്മേളനം വിളിച്ച് 9.36 ലക്ഷം രൂപ കത്വ കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന് ആവകാശപ്പെട്ടിരുന്നു. അഞ്ച് ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നൽകിയെന്നും നേതാക്കൾ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ