- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ആർഎസ്എസ് കാര്യാലയമല്ല നഗരസഭയാണ് എന്ന മുദ്രാവാക്യമുയർത്തിയപ്പോൾ സഖാക്കൾ മറന്ന് പോയത് ദേശീയ പതാകയോട് കാണിക്കേണ്ട ആദരവ്; പാലക്കാട് നഗരസഭയിൽ ദേശീയ പതാക കുത്തനെ തൂക്കിയത് പതാകയോടുള്ള അനാദരവെന്ന് ബിജെപിയും യുവമോർച്ചയും; ജയ് ശ്രീറാം ബാനറിനെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പരാതിയുമായി സംഘപരിവാർ
പാലക്കാട്: ജയ് ശ്രീറാം ബാനർ വിവാദം പുതിയ തലങ്ങളിലേക്ക്. പാലക്കാട് നഗരസഭയ്ക്കു മുകളിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിച്ച ഡിവൈഎഫ്ഐക്കെതിരെ യുവമോർച്ചയും ബിജെപിയും രംഗത്ത്. ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാകയെ അപമാനിച്ചു എന്ന് കാട്ടി ഇരു സംഘടനകളും പരാതി നൽകി. പാലക്കാട് എസ്പി, ടൗൺ, സൗത്ത് പൊലീസ് എന്നിവർക്കാണ് യുവമോർച്ചയും ബിജെപി മണ്ഡലം കമ്മിറ്റിയും പരാതി നൽകിയത്. ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയപതാക സമരത്തിന് ഉപയോഗിച്ചു, തെറ്റായ രീതിയിൽ ഉയർത്തി തുടങ്ങിയ ആരോപണങ്ങളാണ് സംഘപരിവാർ ഉയർത്തുന്നത്.
ഇന്ന് രാവിലെയാണ് ഡിവൈഎഫ്ഐ പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളിൽ ദേശീയ പതാക ഉയർത്തിയത്. വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയിൽ ബിജെപിയുടെ വിജയാഘോഷത്തിനിടെ പ്രവർത്തകർ ജയ്ശ്രീറാം എന്നെഴുതിയ ബാനർ കെട്ടിടത്തിന് മുകളിൽ തൂക്കിയതിൽ പ്രതിഷേധിച്ചു നടത്തിയ മാർച്ചിനിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയപതാക ഉയർത്തിയത്. 'ഇത് ആർഎസ്എസ് കാര്യാലയമല്ല നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പാലക്കാട് നഗരസഭ കെട്ടിടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയപതാകയുടെ ഫ്ളക്സ് ഉയർത്തിയത്. ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയ സ്ഥലത്താണ് ദേശീയ പതാക തൂക്കിയത്. പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് നടത്തുകയും നഗരസഭയ്ക്ക് മുകളിൽ കയറി ദേശീയ പതാക തൂക്കുകയുമായിരുന്നു.
കേരളത്തെ കാവിയിൽ പുതപ്പിക്കാൻ ഡിവൈഎഫ്ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാക തൂക്കിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഡിവൈഎഫ്ഐയുടെ നടപടിയെ അഭിനന്ദിച്ച് സോഷ്യൽമീഡിയയിൽ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇത് സംഘികളുടെ ഗുജറാത്തല്ലെന്നും ഇത് കേരളമാണെന്നും പറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്ഐയുടെ നടപടിയെ ചിലർ അഭിനന്ദിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ളക്സ് വെച്ച സംഭവത്തിൽ പാലക്കാട് ടൗൺ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചതിനാണ് കേസ്. സംഭവത്തിൽ സിപിഐ.എമ്മും കോൺഗ്രസും പരാതി നൽകിയിരുന്നു.സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്പിയോട് പാലക്കാട് എസ്പി റിപ്പോർട്ട് തേടി. ഐ.പി.സി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒരു വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്.
സ്ഥാനാർത്ഥികളും കൗണ്ടിങ് ഏജന്റുമാരും പ്രതികളാകും. പത്തോളം പേർ പ്രതികളാകുമെന്ന് പൊലീസ് പറഞ്ഞു. തദ്ദേശ വോട്ടെണ്ണൽ ഫലപ്രഖ്യാപന ദിവസമായിരുന്നു സംഭവം. നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബിജെപി പ്രവർത്തകർ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനർ നഗരസഭാ കെട്ടിടത്തിന് മുന്നിൽ ഉയർത്തിയത്.പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ബിജെപി പ്രവർത്തകരുടെ ഈ നടപടിയ്ക്കെതിരെ വ്യാപകവിമർശനമുയർന്നിരുന്നു.
ഈ ബാനർ പൊക്കുന്നത് ഏതെങ്കിലും അണ്ടിമുക്ക് ശാഖയിലല്ലെന്നും മറിച്ച് നഗരസഭയുടെ കെട്ടിടത്തിലാണെന്നും ഏത് പൗരനും തുല്യാവകാശമുള്ള ഒരു സെക്യുലർ സ്ഥാപനത്തിലാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നതെന്ന് ഓർക്കണമെന്നാണ് ചില പ്രതികരണം. ഇന്ത്യൻ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും ഇവറ്റകളുടെ നിഴലടിച്ചാൽ കെട്ടുപോകുന്നത് എങ്ങനെ എന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. മതരാഷ്ട്ര ഉന്മത്തതയുടെ പരിണിത ഫലമാണ് ഇമ്മാതിരി കലാപരിപാടികൾ.ഈ തീവ്രവാദികളിൽ നിന്ന് എന്ത് വില കൊടുത്തും കേരളത്തെ സംരക്ഷിണം എന്നു കൂടി ഈ തെരഞ്ഞെടുപ്പ് ഫലം നമ്മളോട് പറയുന്നുണ്ട്. ഏത് മനുഷ്യനും ആത്മാഭിമാനത്തോടെ ജീവിക്കാൻ കേരളം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ചിലർ സോഷ്യൽമീഡിയയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബിജെപി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് പാലക്കാട് നഗരസഭ ഭരണം പിടിച്ചത്. 52 അംഗ നഗരസഭയിൽ 28 സീറ്റുകൾ നേടിയാണ് ബിജെപി ഭരണം ഉറപ്പിച്ചത്. 27 ആയിരുന്നു കേവലഭൂരിപക്ഷം. കഴിഞ്ഞ തവണ 24 ഇടത്താണ് ബിജെപി ജയിച്ചത്.കഴിഞ്ഞതവണ 13 സീറ്റ് നേടിയ കോൺഗ്രസിന് ഇത്തവണ 12 എണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. 9 സീറ്റുകളുണ്ടായിരുന്ന എൽ.ഡി.എഫ് ഇത്തവണ 6 ലേക്ക് ചുരുങ്ങി. വെയൽഫെയർ പാർട്ടിക്ക് ഒരു സീറ്റ് ആണ് ഇവിടെ ലഭിച്ചത്. രണ്ട് യു.ഡി.എഫ് വിമതരും നഗരസഭയിൽ വിജയിച്ചു.
മറുനാടന് ഡെസ്ക്