- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴിവുള്ള യുവജനങ്ങളെ കേരള ബിജെപിയിൽ ഉയർന്നുവരാൻ അരമന നിരങ്ങുന്ന ആർഎസ്എസ് പ്രാന്ത അധികാരി കുഴൽപ്പണക്കാർ സമ്മതിക്കില്ല; ആർ എസ് എസിനെതിരെ രൂക്ഷവിമർശനവുമായി യുവമോർച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി മിഥുൻ മോഹൻ; ചുമതലയിൽ നിന്ന് മാറ്റിയതായി യുവമോർച്ച
കോഴിക്കോട്: പ്രചാരകന്മാർ വന്നുകേറുമ്പോൾ എണീറ്റ് താഴ്ന്നു വീണു തൊഴുന്ന എമ്പോക്കികളെ മാത്രമെ ആർ എസ് എസ് നേതാവ് ആക്കുള്ളുവെന്നായിരുന്നു യുവമോർച്ച ജില്ലാ സെക്രട്ടറി മിഥുൻ മോഹൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. താഴ്ന്നു വീണു തൊഴുതാൽ പേരെന്നും നായർ ജാതിക്കാരെ മാത്രമെ നേതൃത്വത്തിലേക്കുയർത്തുവെന്നും പോസ്റ്റിൽ മിഥുൻ പരിഹസിച്ചിരുന്നു.
ബിജെപിയിലെയും ആർ എസ് എസിലെയും ജാതി മേൽക്കോയ്മയെ ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റ് വിവാദമായതോടെ എം ടി രമേശിന്റെ വലംകൈയായ യുവമോർച്ച നേതാവ് അത് പിൻവലിക്കുകയും ചെയ്തു. എന്നാൽ പാർട്ടിയിലും യുവമോർച്ചയിലും പ്രതിഷേധം ശക്തമായതോടെ മിഥുനെതിരെ യുവമോർച്ച ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചു.
തേജസ്വി സൂര്യയെപ്പോലുള്ള കഴിവുള്ള യുവജനങ്ങളെ കേരള ബിജെപിയിൽ ഉയർന്നുവരാൻ അരമന നിരങ്ങുന്ന ആർ എസ് എസ് പ്രാന്ത അധികാരി കുഴൽപ്പണ റാസ്‌ക്കൾസ് സമ്മതിക്കില്ലെന്നും ദലിത് വിഭാഗത്തിൽ പെട്ട മിഥുൻ മോഹൻ ഹിന്ദു ഹെൽപ് സെന്റർ എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലിട്ട പോസ്റ്റിലൂടെ ആക്ഷേപിച്ചിരുന്നു. ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതോടെയാണ് നടപടി സ്വീകരിച്ചത്. യുവമോർച്ച ജില്ലാ സെക്രട്ടറി ചുമതല വഹിക്കുന്ന മിഥുൻ ചുമതലയ്ക്ക് നിരക്കാത്ത രീതിയിൽ സോഷ്യൽ മീഡിയ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാൽ അന്വേഷണ വിധേയമായി ചുമതലയിൽ നിന്ന് മാറ്റിയതായി യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി രനീഷ് അറിയിച്ചു.
ബിജെപി നേതൃത്വത്തെയും ആർ എസ് എസിനെയും വിമർശിക്കുന്ന എം ടി രമേശ് അനുകൂലിയായ കോഴിക്കോട്ടെ മൂന്നാമത്തെ നേതാവാണ് മിഥുൻ. നേരത്തെ വി മുരളീധരനെയും കെ സുരേന്ദ്രനെയും പരിഹസിച്ച് ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി ചക്രായുധൻ തളത്തിലും ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു.
കേരളത്തിലെ രണ്ട് തൊരപ്പന്മാരാണ് മുരളീധരനും സുരേന്ദ്രനുമെന്ന് പരിഹസിച്ചായിരുന്നു ഇദ്ദേഹം രംഗത്ത് വന്നത്. 'രണ്ട് പാഴ് വിത്തുകൾ' എന്ന കുറിപ്പോടെയായിരുന്നു ചക്രായുധൻ പോസ്റ്റിട്ടത്. ബിജെപി-ആർ എസ് എസ് നേതൃത്വത്തിനെതിരെ എം ടി രമേശ് അനുകൂലിയും ബിജെപി ജില്ലാ കമ്മിറ്റി അംഗവുമായ വനിതാ നേതാവും നേരത്തെ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.
നേതൃത്വത്തെ അവഹേളിച്ച ചക്രായുധനെതിരെയും നടപടി വേണമെന്ന ആവശ്യം വി മുരളീധരൻ- കെ സുരേന്ദ്രൻ അനുകൂലികൾ ശക്തമാക്കിയിട്ടുണ്ട്. ഇതേ സമയം ചക്രയാധൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കാതെ മിഥുൻ മോഹനെതിരെ മാത്രം നടപടി സ്വീകരിച്ചതിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും കടുത്ത പ്രതിഷേധമുണ്ട്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.