തിരുവനന്തപുരം: വാര്യൻകുന്നനെ മഹത്വവത്കരിക്കുന്നതിലൂടെ ഡിവൈഎഫ്ഐ ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി മാറിയെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽകൃഷ്ണൻ. പ്രത്യേക മതരാഷ്ട്രത്തിന് വേണ്ടിയുള്ള കലാപമായ മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കുന്നത് സ്വാതന്ത്ര്യ സമര സേനാനികളോടും ദേശാഭിമാനികളോടും ചെയ്യുന്ന ക്രൂരതയാണെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

ആയിരക്കണക്കിന് പേരെ കൊലപ്പെടുത്തിയും ക്ഷേത്രങ്ങൾ തകർത്തും മതം മാറ്റിയും സ്ത്രീകളെ ബലാത്കാരത്തിന് ഇരയാക്കിയും നടത്തിയ കലാപം സ്വാതന്ത്ര്യ സമരം എന്ന് പ്രചരിപ്പിക്കുന്ന ഡിവൈഎഫ്ഐയും സിപിഎമ്മും മന്ത്രിമാരും ബോധപൂർവ്വം ചരിത്രത്തെ വളച്ചൊടിക്കുകയാണ്. മാപ്പിള ലഹളയക്ക് നേതൃത്വം നൽകയ വാര്യൻ കുന്നനെ മഹത്വ വത്കരിക്കുന്ന ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും നിലപാട് തീവ്രവാദത്തിന് പിന്തുണ നൽകുന്നതാണ്.

ധീര ദേശാഭിമാനി ഭഗത്സിംഗിനെയും മത കലാപത്തിന് നേതൃത്വം നൽകിയ വാര്യൻ കുന്നനെയും താരതമ്യപ്പെടുത്തിയ സ്പീക്കർ എം.ബി.രാജേഷിന്റെ നിലപാട് അൽപത്തരമാണ്. എം.ബി.രാജേഷ് നിലപാട് തിരുത്തി മാപ്പ് പറയണം. കാലടി സർവ്വകലാശാലയിൽ ഭാര്യയ്ക്ക് മുസ്ലിം സംവരണത്തിൽ ജോലി നേടാൻ റാങ്ക് ലിസ്റ്റ് വരെ അട്ടിമറിച്ചെന്ന ആരോപണമുള്ള എം ബി രാജേഷ് ഇതിലപ്പുറം പറഞ്ഞാലും അൽഭുതപ്പെടാനില്ല. ഇനി രാജേഷിന്റെ വേഷവിധാനത്തിലും രൂപത്തിലും മാറ്റം വന്നാലും അത്ഭുതപെടാനില്ല. തീവ്രവാദ സംഘടകൾ നൽകുന്ന പിന്തുണ അത്രയും ഉണ്ട്.