കണ്ണൂർ: കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചിട്ടും സംസ്ഥാനം ഇന്ധന നികുതി വില കുറക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷം തടയാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സിവിൽ സ്റ്റേഷൻ പ്രധാന കവാടത്തിന് മുൻപിറ്റ കെട്ടിയ ബാരിക്കേഡ് ഇളക്കി മാറ്റാനുള്ള ശ്രമം പൊലിസ് ജലപീരങ്കി പ്രയോഗിച്ച് തടയുകയായിരുന്നു.

താളിക്കാവിൽ നിന്ന് ആരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷൻ കവാടത്തിന് മുൻപിൽ പൊലീസ് തടയുകയായിരുന്നു ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പിണറായിയുടെ ഭരണത്തിൽ സാധാരണക്കാരും തൊഴിലാളികളും നിരാശയിലാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. സ്വന്തം കുടുംബക്കാർക്ക് വേണ്ടിയാണ് പിണറായി ഭരിക്കുന്നത്.

യുവമോർച്ച സമരത്തിന് മുന്നിൽ പിണറായിക്ക് മുട്ടുമടക്കേണ്ടി വരുമെന്ന് അബ്ദുല്ലകുട്ടി പറഞ്ഞു ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇന്ധന നികുതി കുറച്ചപ്പോഴും പിണറായി വിജയന്റെ മർക്കട മുഷ്ടിയാണ് ഇന്ധന വില കേരളത്തിൽ കുറക്കാത്തതെന്ന് അബ്ദുല്ലക്കുട്ടി ആരോപിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ കൈതപ്രം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി, മോഹനൻ മാനന്തേരി തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.