- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ച്; ജലപീരങ്കി പ്രയോഗിച്ചു പൊലീസ്
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയിലും കണ്ണൂർ വി സി നിയമനത്തിൽ ഗവർണറെ സ്വാധീനിക്കാൻ ശ്രമിച്ച വിഷയത്തിലും യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് അഞ്ച് റൗണ്ടാണ് ജലപീരങ്കി പ്രയോഗിച്ചത്. യുവമോർച്ച ജില്ലാ ട്രഷറർ ചൂണ്ടിക്കൽ ഹരി ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
കഴിഞ്ഞദിവസം എബിവിപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയും പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവമോർച്ച പ്രതിഷേധക്കാരെയും കായികമായി പൊലീസ് നേരിട്ടത്. നിബന്ധനകൾ കാറ്റിൽപ്പറത്തിയുള്ള പൊലീസിന്റെ ജല പീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചു. ഇത് പ്രവർത്തകർ ചെറുത്തതോടെ സെക്രട്ടറിയേറ്റ് പരിസരം സംഘർഷഭരിതമായി.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും യുവമോർച്ച നേതാക്കളും ഇടപെട്ടാണ് സംഘർഷത്തിന് അയവുണ്ടാക്കിയത്. പ്രവർത്തകർ പിന്നീട് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു.ആർ.ബിന്ദു മന്ത്രിയായി തുടരുന്നത് ജനാധിപത്യ കേരളത്തിനപമാനം...
സത്യപ്രതിജ്ഞാലംഘനം നടത്തിയ ബിന്ദുവിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എബിവിപിയുടെ സമരത്തെയും തൃശൂരിൽ നടന്ന യുവമോർച്ച മാർച്ചിനേയും പൊലീസ് നിഷ്ഠൂരമായിട്ടാണ് തല്ലി ചതച്ചത്.
എല്ലാവരുടെയും നികുതിപണം കൊണ്ടാണ് ശമ്പളം നൽകുന്നതെന്ന് പൊലീസ് ഓർക്കണം. കാക്കിക്കുള്ളിൽ കമ്മ്യൂണിസ്റ്റ് രക്തമാണ് തിളയ്ക്കുന്നതെങ്കിൽ അത് വീട്ടിൽ വച്ചിട്ടുവരണം. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ ഉത്തരവ് അനുസരിച്ചാണ് പൊലീസ് പ്രവർത്തിക്കുന്നത്. ഇങ്ങനെ പോയാൽ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കേരളത്തിലെ തെരുവുകളിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് അദ്ധ്യക്ഷത വഹിച്ചു.
യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, ബി. എൽ. അജേഷ്, ആശാനാഥ്, മനു പ്രസാദ്, വീണ, ജമുൻ ജഹാഗീർ, കുളങ്ങരകോണം കിരൺ, വലിയവിള ആനന്ദ്, രാമേശ്വരം ഹരി, മാണിനാട് സജി, കവിത സുഭാഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
മറുനാടന് മലയാളി ബ്യൂറോ