കോഴിക്കോട്: ഇഖ്‌റ ആശുപത്രിയിൽ പ്രസവ ശേഷം യുവതി മരിച്ച സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണെന്ന് ആരോപിച്ച് ജെഡിടി ഇസ്ലാം ഓർഫനേജ് കമ്മിറ്റി നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇഖ്‌റ ആശുപത്രിയിലേക്ക് നാളെ യുവമോർച്ച മാർച്ച്. കോഴിക്കോട് ഇഖ്‌റ ആശുപത്രിയുടെ അനാസ്ഥ മൂലം പ്രസവ ശേഷം യുവതി മരിച്ച സംഭവത്തിൽ മാനേജ്‌മെന്റിനും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലാൻ വേണ്ടിയോ ഇഖ്‌റ ഹോസ്പിറ്റൽ എന്ന മുദ്രാവാക്യമുയർത്തി യുവമോർച്ച ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുന്നത്.

കുറ്റ്യാടി, പട്ടോളി കല്ലുള്ളപറമ്പത്ത് എം പി അനീഷിന്റെ ഭാര്യ ദിബിഷ (30) ആണ് ഓഗസ്റ്റ് 28 ശനിയാഴ്ച മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ സിസേറിയൻ കഴിഞ്ഞ് അമ്മയ്ക്കും കുഞ്ഞിനും പ്രശ്‌നമൊന്നുമില്ലെന്ന് ഡോക്ടർ അറിയിച്ചിരുന്നു. പ്രസവ ശേഷം രണ്ടു തവണ ദിബിഷ കുഞ്ഞിന്റെ അടുത്തെത്തി പാൽ നൽകിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്നാമത്തെ തവണ പാൽ നൽകാൻ എത്തിയപ്പോഴാണ് ബിപി കുറവാണെന്നും കുറച്ചുനേരം കഴിയട്ടെ എന്നും പറയുന്നത്. അതിനുശേഷം രാത്രിയോടെ മരണവാർത്തയാണ് തങ്ങളെ അറിയിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.

അതിനിടക്ക് സംഭവിച്ച കാര്യങ്ങൾ ഒന്നും ബന്ധുക്കളെ അറിയിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ലായിരുന്നു. മരണകാരണം ചോദിച്ചപ്പോഴാണ് ശ്വാസകോശത്തിൽ രക്തം കട്ട പിടിച്ചതാണെന്ന് ആശുപത്രി അധികൃതർ പറയുന്നത്. മരണത്തിനു മുമ്പായി രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യൂട്രസ് റിമൂവ് ചെയ്തതും മരണശേഷമാണ് ബന്ധുക്കളെ അറിയിച്ചത്. ഇത്തരത്തിൽ ഒരു സർജറി ചെയ്യുമ്പോൾ ബന്ധുക്കളെ അറിയിക്കണമെന്ന കടമ പോലും ആശുപത്രി അധികൃതർ പാലിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. ബന്ധുക്കൾ നടക്കാവ് പൊലീസിലും കലക്ടർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. ഇതേ സമയം ഇഖ്‌റ ആശുപത്രിയെ തകർക്കാനുള്ള ബിജെപി ശ്രമത്തെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ രംഗത്തെത്തിയിട്ടുണ്ട്.

ഇഖ്‌റ ഹോസ്പിറ്റലിനെതിരെ നിരന്തരമായി ആരോപണങ്ങൾ ഉയർത്തി തകർക്കാനുള്ള ബിജെപി ശ്രമം ജനങ്ങൾ തിരിച്ചറിഞ്ഞു പരാജയപ്പെടുത്തണമെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി പറഞ്ഞു. യുവമോർച്ച ഇഖ്‌റഅ ഹോസ്പിറ്റലിലേക്ക് മാർച്ച് നടത്തുന്നത് സംഘർഷമുണ്ടാക്കാനാണ്. കമ്മ്യൂണിറ്റി ഹോസ്പിറ്റൽ ആയി പ്രവർത്തിക്കുന്ന ഇഖ്‌റ ഹോസ്പിറ്റൽ കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാർ ആശ്രയിക്കുന്ന ആശുപത്രിയാണ്. ചികിത്സ ചെലവ് താങ്ങാൻ കഴിയാത്ത പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസമായ ഈ ഹോസ്പിറ്റലിനെതിരെ പലപ്പോഴും ഗൂഡനീക്കങ്ങൾ നടത്തുന്നവർ ചികിത്സയുടെ പേരിൽ രോഗികളെ പിഴിയുന്ന വൻകിട ഹോസ്പിറ്റൽ മുതലാളിമാരുടെ ദല്ലാളുുകൾ മാത്രമാണ്. ഇത്തരം നീക്കങ്ങൾ പൊതുജനങ്ങൾ തിരിച്ചറിഞ്ഞു ചെറുത്ത് തോല്പിക്കണമെന്നും റഷീദ് ഉമരി പറഞ്ഞു.