തിരുവനന്തപുരം: യുഡിഎഫ് നേതാക്കളെ വിരൽത്തുമ്പിലിട്ട് അമ്മാനമാടുന്ന സരിത എസ് നായരെ പ്രതീകാത്മകമായി ചിത്രീകരിച്ച് യുവമോർച്ച പ്രവർത്തകരുടെ സെക്രട്ടറിയറ്റ് മാർച്ച്. കൈയിലെ ചരടിൽ കേരള മന്ത്രിസഭയെ നിയന്ത്രിക്കുന്ന സരിതയെ അവതരിപ്പിച്ച് സെക്രട്ടറിയറ്റിനു മുന്നിൽ എത്തിയ യുവമോർച്ച പ്രവർത്തകരുടെ ഫോട്ടോകൾ ഇതിനകം വൈറലായിക്കഴിഞ്ഞു.

സോളാർ കേസിൽ പ്രതിയായ സരിത എസ് നായർ മാദ്ധ്യമങ്ങൾക്കു മുന്നിൽ ഉയർത്തിക്കാട്ടിയ കത്തിൽ യുഡിഎഫ് നേതാക്കളുടെ പേരുകൾ വ്യക്തമായി കാണാമായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശവും സരിതയുടെ കത്തിലുണ്ടായിരുന്നു.

ഇതെത്തുടർന്നാണ് യുവമോർച്ച പ്രവർത്തകർ പ്രതീകാത്മക സമരവുമായി സെക്രട്ടറിയറ്റു പടിക്കൽ എത്തിയത്. 'സരിത നയിക്കും യുഡിഎഫ്' എന്ന തലക്കെട്ടിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ ഫേസ്‌ബുക്കിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സരിതയുടെ പാവാടത്തുമ്പിലെ മന്ത്രിസഭയോടുള്ള പ്രതിഷേധ സൂചകമായി യുവമോർച്ച നടത്തിയ സമരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.