- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്; നിങ്ങളുടെ ആവശ്യപ്രകാരം അടുത്ത ഫെബ്രുവരിയിൽ ഞാൻ തിരിച്ചു വരുമെന്നാണ് കരുതുന്നത്; ഇത് വെറുമൊരു തോന്നലല്ല; നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി: വീണ്ടും പാഡണിച്ച് ബാറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് യുവരാജ് സിങ്; ക്രിക്കറ്റിലേക്ക് യുവിയെ തിരിച്ചെത്തിക്കുന്നത് ഗാംഗുലിയോ?
ന്യൂഡൽഹി: ക്രിക്കറ്റിലേക്ക് മടങ്ങി വരവ് പ്രഖ്യാപിച്ച് യുവരാജ് സിങ്. രണ്ടു കൊല്ലം മുമ്പ് അപ്രതീക്ഷിതമായാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന തീരുമാനം യുവരാജ് പ്രഖ്യാപിച്ചത്. 20-20 ലോകകപ്പിൽ പാക്കിസ്ഥാനോടും ന്യൂസിലണ്ടിനോയും ഇന്ത്യ തോറ്റു. വിരാട് കോഹ്ലി ഇന്ത്യൻ നായക സ്ഥാനം ഒഴിയുന്നു. ഇത്തരം തിരിച്ചടികൾക്കിടെയാണ് ഇന്ത്യൻ ക്രിക്കറ്റിനെ ആവേശത്തിലാക്കി യുവരാജിന്റെ പ്രഖ്യാപനം. അടുത്ത ഫെബ്രുവരിയിൽ താൻ കളിക്കളത്തിൽ മടങ്ങി എത്തുമെന്നാണ് യുവരാജിന്റെ പ്രഖ്യാപനം.
ഇന്ത്യയുടെ എക്കാലത്തേയും വെടിക്കെട്ട് ബാറ്ററായ യുവരാജ് സിങ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള വാർത്തകൾ പങ്കുവെച്ചിരിക്കുന്നത്. കട്ടക്കിൽ വെച്ച് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനത്തിന്റെ വീഡിയോ പങ്കുവച്ചാണ് താരം പിച്ചിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് വ്യക്തമാക്കുന്നത്. 25ന് 3 വിക്കറ്റ് എന്ന നിലയിൽ കാലിടറിയ ടീമിനെ അന്ന് യുവരാജിന്റെ ഇന്നിങ്സാണ് രക്ഷിച്ചത്. 127 പന്തിൽ 150 റൺസെന്ന ഏകദിനത്തിൽ യുവരാജിന്റെ മികച്ച സ്കോറും ആ കളിയിൽ നിന്നുമാണ് സ്വന്തമാക്കിയത്.
'ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്. നിങ്ങളുടെ ആവശ്യപ്രകാരം അടുത്ത ഫെബ്രുവരിയിൽ ഞാൻ തിരിച്ചു വരുമെന്നാണ് കരുതുന്നത്. ഇത് വെറുമൊരു തോന്നലല്ല. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി.-ഇതാണ് യുവരാജിന്റെ കുറിപ്പ്. ബിസിസിഐയുടെ അധ്യക്ഷൻ സൗരവ് ഗാംഗുലിയാണ്. ഗാംഗുലി ക്യാപ്ടനായിരുന്നപ്പോഴാണ് യുവരാജും മുഹമ്മദ് കെയ്ഫും ഇന്ത്യയുടെ താരങ്ങളാകുന്നത്. ധോണി യുഗം എത്തിയതോടെ യുവരാജ് ടീമിലെ രണ്ടാമനായി. കോലി എത്തിയപ്പോൾ അപ്രസക്തനും. ഇതിനിടെ അസുഖങ്ങളും അലട്ടി. ഈ സാഹചര്യത്തിലായിരുന്നു വിരമിക്കൽ.
ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ യുവരാജ് മടങ്ങി എത്തുമ്പോൾ അതിന് പിന്നിൽ ഗാംഗുലിയുടെ റോളിനെ കുറിച്ചും ചർച്ച സജീവമാണ്. ഐപിഎല്ലിലും യുവരാജ് കളിക്കാൻ ശ്രമിച്ചേക്കും. എന്നെ സംബന്ധിച്ച് ഇത് വളരെ വലുതാണ്. ഏതൊരു സാഹചര്യത്തിലും നമ്മുടെ ടീമിനെ പിന്തുണച്ചുകൊണ്ടിരിക്കുക,' എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എന്നാൽ ഏത് ടൂർണമെന്റിലേക്കായിരിക്കും താൻ എത്തുന്നത് എന്നതിനെ സംബന്ധിച്ച് ഒരു വിവരവും ഇതുവരെ താരം നൽകിയിട്ടില്ല.
ഇന്ത്യയുടെ ലോകകപ്പ് നേട്ടങ്ങളിൽ (2007 ടി-20 ലോകകപ്പ്, 2011 ലോകകപ്പ്, ഐ.സി.സി ചാമ്പ്യൻസ് ട്രോഫി) യുവരാജ് അവിഭാജ്യ ഘടകമായിരുന്നു. 2007ൽ സ്റ്റുവർട്ട് ബ്രോഡിനെ നിഷ്പ്രഭമാക്കിയ ഒരോവറിലെ ആറ് സിക്സറുകളും, മനോഹരമായ ഇന്നിങ്സുകളും ഒരു ക്രിക്കറ്റ് പ്രേമിയും മറക്കാനിടയില്ല. പോസ്റ്റിന് താഴെ വരുന്ന കമന്റുകളിലും ആവേശം അലതല്ലുകയാണ്. ക്യാൻസറിനെ തോൽപ്പിച്ച് പിച്ചിലേക്കെത്തിയ, ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായ പോരാളിയുടെ മടങ്ങി വരവിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഈയിടെ ചഹലിനെ വംശീയമായി അധിക്ഷേപിച്ച കേസിൽ യുവരാജ് പൊലീസ് അറസ്റ്റിനും വിധേയനായി.
ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായിരുന്നു യുവരാജ് സിങ്. 2000ൽ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളിൽ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യൻ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിർണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പിൽ 362 റൺസും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോൾ ടൂർണമെന്റിന്റെ താരം.
2000ൽ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളിൽ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യൻ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിർണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പിൽ 362 റൺസും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോൾ ടൂർണമെന്റിന്റെ താരം. 2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഒരോവറിലെ ആറ് പന്തും സിക്സറിന് പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു യുവി. 2011ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാൻസർ രോഗത്തിന് ചികിത്സതേടി രോഗമുക്തനായി കളിക്കളത്തിൽ തിരിച്ചെത്തി പോരാട്ടവീര്യത്തിന്റെ പ്രതിരൂപമായി.
304 ഏകദിനങ്ങളിൽ നിന്ന് 14 സെഞ്ചുറിയും 52 അർധസെഞ്ചുറിയും സഹിതം 8701 റൺസടിച്ച 111 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനങ്ങളിലെ മികവ് ടെസ്റ്റിലേക്ക് പകർത്താൻ യുവിക്ക് പക്ഷെ കഴിഞ്ഞില്ല. 40 ടെസ്റ്റുകളിൽ പാഡണിഞ്ഞ യുവിക്ക് മൂന്ന് സെഞ്ചുറിയും 11 അർധസെഞ്ചുറിയും സഹിതം 1900 റൺസെ നേടാനായുള്ളു. ഒമ്പത് വിക്കറ്റും നേടി. ഏകദിന ക്രിക്കറ്റ് കഴിഞ്ഞാൽ ടി20 ക്രിക്കറ്റിലായിരുന്നു യുവരാജിന്റെ രാജവാഴ്ച പിന്നീട് കണ്ടത്. ഇന്ത്യക്കായി 58 ടി20 മത്സരങ്ങളിൽ കളിച്ച യുവി 136.38 പ്രഹരശേഷിയിൽ 1177 റൺസടിച്ചു. എട്ട് അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. 28 വിക്കറ്റുകളും സ്വന്തമാക്കി. 2017ൽ വെസ്റ്റ് ഇൻഡീസിനെതിരെ ആണ് യുവി ഏകദിനങ്ങളിൽ അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. 2017ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടി20 മത്സരം.
മറുനാടന് മലയാളി ബ്യൂറോ